മുംബൈ∙ ഐപിഎല്ലിലെ ആറാം മത്സരത്തിലും ഇംഗ്ലീഷ് താരം വിൽ ജാക്സ് മുംബൈ ഇന്ത്യൻസിനൊപ്പം ചേരാത്തത് ടീമിന് വലിയ തിരിച്ചടിയാകുന്നു. ട്വന്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിനായി ഉജ്ജ്വല പ്രകടനം നടത്തിയ ഈ ഓൾറൗണ്ടർ ഇതുവരെ പരിശീലന ക്യാമ്പിൽ എത്തിയിട്ടില്ല. താരം എവിടെയെന്ന ചോദ്യത്തിന്, അദ്ദേഹം ഉടൻ ടീമിനൊപ്പം ചേരുമെന്ന് ബോളിങ് പരിശീലകൻ പരസ് മംബ്രെ വാർത്താ സമ്മേളനത്തിൽ അറിയിച്ചെങ്കിലും കൃത്യമായ തീയതി വെളിപ്പെടുത്തിയിട്ടില്ല.
സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുമ്ര തുടങ്ങിയ പ്രമുഖ താരങ്ങൾ ഫോം കണ്ടെത്താൻ പ്രയാസപ്പെടുന്ന സാഹചര്യത്തിലാണ് ജാക്സിന്റെ അസാന്നിധ്യം ചർച്ചയാകുന്നത്. ലോകകപ്പിന് ശേഷം താരം നിലവിൽ വിശ്രമത്തിലാണെന്നാണ് സൂചനയെങ്കിലും പരിക്കുണ്ടോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. ലോകകപ്പിലെ നാല് മത്സരങ്ങളിൽ പ്ലെയർ ഓഫ് ദി മാച്ച് ആയ ജാക്സ്, 226 റൺസും ഒൻപത് വിക്കറ്റുകളും നേടി മികച്ച ഫോമിലായിരുന്നു.
കഴിഞ്ഞ സീസണിൽ മുംബൈയ്ക്കായി 13 മത്സരങ്ങൾ കളിച്ച വിൽ ജാക്സിനെ 5.25 കോടി രൂപയ്ക്കാണ് ടീം നിലനിർത്തിയത്. സീസണിലെ ആദ്യ കളിയിൽ ജയിച്ചെങ്കിലും പിന്നീട് തുടർച്ചയായ തോൽവികൾ വഴങ്ങിയ മുംബൈയ്ക്ക് ജാക്സിന്റെ വരവ് അനിവാര്യമാണ്. എന്നാൽ താരം എന്ന് തിരിച്ചെത്തുമെന്ന കാര്യത്തിൽ ആരാധകർക്ക് ഇപ്പോഴും വ്യക്തത ലഭിച്ചിട്ടില്ല.




