Health

രക്തപരിശോധനയ്ക്ക് പോകുകയാണോ? പുകവലിച്ചാൽ ഫലം പാളും; കാരണങ്ങൾ ഇതാ!

രാവിലെ ഉണരുമ്പോൾ തന്നെ സിഗരറ്റ് വലിക്കുന്നത് പലർക്കും ഒരു ശീലമാണ്. എന്നാൽ അതിനുശേഷം ഒരു ആരോഗ്യപരിശോധനയ്ക്കായി പോകുമ്പോൾ, നിങ്ങൾ പോലുമറിയാതെ ആ സിഗരറ്റ് നിങ്ങളുടെ ശരീരത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടാകും. രക്തപരിശോധനാ ഫലങ്ങളിൽ പുകയിലയുടെ സാന്നിധ്യം വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് അഗിലസ് ഡയഗ്നോസ്റ്റിക്സിലെ ഡോ. കുനാൽ ശർമ്മ പറയുന്നു.

പുകവലിക്കുമ്പോൾ ശരീരത്തിലെത്തുന്ന നിക്കോട്ടിൻ ‘കോട്ടിനൈൻ’ (Cotinine) എന്ന രാസവസ്തുവായി മാറുന്നു. പുകവലിക്കാത്തവരിൽ ഇതിന്റെ അളവ് 10 ng/mL-ൽ താഴെയായിരിക്കുമ്പോൾ, പുകവലിക്കുന്നവരിൽ ഇത് 500 ng/mL വരെ ഉയർന്നേക്കാം. ഒരു സിഗരറ്റ് വലിച്ചു കഴിഞ്ഞാൽ പത്തുദിവസം വരെ ഈ പദാർത്ഥം ശരീരത്തിൽ നിലനിൽക്കും എന്നതാണ് അതിശയിപ്പിക്കുന്ന കാര്യം.

പുകവലിക്കുന്നത് ശരീരത്തിൽ ഉടനടി ചില മാറ്റങ്ങൾക്കും കാരണമാകുന്നുണ്ട്. നിക്കോട്ടിൻ അഡ്രിനാലിൻ ഉത്തേജിപ്പിക്കുന്നത് വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നു. പുകയിലെ കാർബൺ മോണോക്സൈഡ് രക്തത്തിലെ ഹീമോഗ്ലോബിനുമായി കലരുകയും, വിഷാംശങ്ങളോടുള്ള പ്രതികരണമെന്നോണം വെളുത്ത രക്താണുക്കളുടെ എണ്ണം കൂടുകയും ചെയ്യുന്നു. ഈ മാറ്റങ്ങൾ പുറമെ അനുഭവപ്പെടില്ലെങ്കിലും ലാബ് പരിശോധനയിൽ വ്യക്തമാകും.

തുടർച്ചയായി പുകവലിക്കുന്നവരിൽ ചീത്ത കൊളസ്ട്രോൾ കൂടാനും നല്ല കൊളസ്ട്രോൾ (HDL) കുറയാനും ഇത് കാരണമാകുന്നു. കൂടാതെ കരൾ എൻസൈമുകളുടെ അളവ് വ്യത്യാസപ്പെടുന്നത് പ്രമേഹം, വൃക്കരോഗങ്ങൾ എന്നിവയുടെ ലക്ഷണമായി ഡോക്ടർമാർ തെറ്റായി മനസ്സിലാക്കാൻ ഇടയാക്കിയേക്കാം. നിങ്ങൾ പുകവലിക്കുന്ന കാര്യം ഡോക്ടറോട് വെളിപ്പെടുത്തിയില്ലെങ്കിൽ, പരിശോധനാ ഫലത്തിലെ ഈ മാറ്റങ്ങൾ മറ്റൊരു രോഗമായി തെറ്റിദ്ധരിക്കപ്പെടാനും തെറ്റായ ചികിത്സയിലേക്ക് നയിക്കാനും സാധ്യതയുണ്ട്.

എന്നാൽ പുകവലി നിർത്തിയാൽ ഉടൻ തന്നെ ശരീരം സാധാരണ നിലയിലേക്ക് മടങ്ങിത്തുടങ്ങും എന്നതാണ് ആശ്വാസകരമായ കാര്യം. രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ കോട്ടിനൈന്റെ അളവ് കുറയും. കൃത്യമായ പരിശോധനാ ഫലം ലഭിക്കാനായി രക്തപരിശോധനയ്ക്ക് എട്ട് മുതൽ പന്ത്രണ്ട് മണിക്കൂർ മുമ്പെങ്കിലും പുകവലിക്കാതിരിക്കാൻ വിദഗ്ധർ നിർദ്ദേശിക്കുന്നു. പുകവലി ശ്വാസകോശത്തെ മാത്രമല്ല, നിങ്ങളുടെ രക്തത്തെയും ഉപാപചയ പ്രവർത്തനങ്ങളെയും നിശബ്ദമായി ബാധിക്കുന്നുണ്ടെന്ന് ഈ പരിശോധനാ ഫലങ്ങൾ ഓർമ്മിപ്പിക്കുന്നു.