തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പദത്തെ ചൊല്ലി കോൺഗ്രസിൽ തർക്കം മുറുകുന്നു. തന്നെ മുഖ്യമന്ത്രിയായി പരിഗണിച്ചില്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന കർശന നിലപാട് വി.ഡി. സതീശൻ കേന്ദ്ര നിരീക്ഷകരെ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയ തന്നെ മാറ്റിനിർത്തുന്നത് അംഗീകരിക്കാനാവില്ലെന്നും ഇക്കാര്യത്തിൽ വിട്ടുവീഴ്ചക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയത് ഹൈക്കമാൻഡിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ എംഎൽഎമാരുടെ അഭിപ്രായം തേടുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഭൂരിഭാഗം എംഎൽഎമാരും കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുമ്പോൾ, ഘടകകക്ഷികളുടെ പിന്തുണ വി.ഡി. സതീശനാണ്. എംഎൽഎമാരെ കണ്ടശേഷം നിരീക്ഷകർ വൈകിട്ട് നാല് മണിയോടെ മുന്നണി നേതാക്കളുമായി ചർച്ച നടത്തും. ഈ കൂടിക്കാഴ്ചയിലെ തീരുമാനങ്ങൾ മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ നിർണ്ണായകമായി മാറും.
യുഡിഎഫിലെ പ്രധാന കക്ഷിയായ മുസ്ലിം ലീഗ് വി.ഡി. സതീശന് പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ജനവികാരം കണക്കിലെടുക്കണമെന്നാണ് ലീഗിന്റെ പക്ഷം. എംഎൽഎമാരുടെ പിന്തുണയ്ക്കൊപ്പം മുന്നണി മര്യാദ കൂടി പാലിച്ച് മാത്രമേ ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കൂ. നിലവിലെ സാഹചര്യം എല്ലാ വശങ്ങളും പരിശോധിച്ച ശേഷമായിരിക്കും കേന്ദ്ര നേതൃത്വം പ്രഖ്യാപനം നടത്തുക.
അതേസമയം, സതീശന് വേണ്ടി വിവിധയിടങ്ങളിൽ പ്രതിഷേധങ്ങളും പ്രകടനങ്ങളും നടക്കുന്നുണ്ട്. വി.എസ്. അച്യുതാനന്ദന് വേണ്ടി പണ്ട് നടന്നത് പോലുള്ള പന്തംകൊളുത്തി പ്രകടനങ്ങൾ റാന്നിയിലടക്കം റിപ്പോർട്ട് ചെയ്തു. കേരളത്തിലെ ചർച്ചകൾ പൂർത്തിയാക്കി നിരീക്ഷകർ ഉടൻ ഡൽഹിക്ക് മടങ്ങും. അവിടെ വെച്ചായിരിക്കും മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഹൈക്കമാൻഡ് അന്തിമ പ്രഖ്യാപനം നടത്തുക.
ഇന്ന് രാത്രിയോ നാളെ രാവിലെയോ വി.ഡി. സതീശനും രമേശ് ചെന്നിത്തലയും ഡൽഹിക്ക് തിരിക്കും. ശശി തരൂർ, കെ. സുധാകരൻ, സണ്ണി ജോസഫ് എന്നിവരോടും ഡൽഹിയിലെത്താൻ നിർദ്ദേശമുണ്ട്. കെ.സി. വേണുഗോപാലിന്റെ സാന്നിധ്യത്തിൽ നടക്കുന്ന ഈ ഉന്നതതല യോഗത്തിലായിരിക്കും കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരാണെന്ന കാര്യത്തിൽ ഔദ്യോഗികമായ തീരുമാനമുണ്ടാകുക.




