Featured Sports

ഹാർദിക്കിന് കാണിച്ചത് വൻഅബദ്ധം; മുംബൈയുടെ തോൽവിയിൽ ആഞ്ഞടിച്ച് ആർ. അശ്വിൻ

ഐപിഎൽ 2026 സീസണിൽ മുംബൈ ഇന്ത്യൻസിന്റെ മോശം പ്രകടനത്തെത്തുടർന്ന് നായകൻ ഹാർദിക് പാണ്ഡ്യക്കെതിരെ രൂക്ഷവിമർശനവുമായി വെറ്ററൻ സ്പിന്നർ ആർ. അശ്വിൻ . ആദ്യ ഏഴ് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രം വിജയിച്ച മുംബൈയുടെ അവസ്ഥ പരിതാപകരമാണെന്നും ഹാർദിക്കിന്റെ ക്യാപ്റ്റൻസി തീരുമാനങ്ങൾ പാളുന്നുവെന്നും അശ്വിൻ നിരീക്ഷിച്ചു.

ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ ടോസ് ജയിച്ചിട്ടും ആദ്യം ബാറ്റ് ചെയ്യാൻ അവരെ ക്ഷണിച്ചത് വലിയ വിഡ്ഢിത്തമായിപ്പോയി. സമാനമായ പിച്ചിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനോട് തോറ്റതിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ ഹാർദിക് തയ്യാറായില്ലെന്ന് തന്റെ യൂട്യൂബ് ചാനലിലൂടെ അശ്വിൻ ചൂണ്ടിക്കാട്ടി. ബംഗളൂരുവിനെതിരെ 241 റൺസ് പിന്തുടരാൻ കഷ്ടപ്പെട്ട മുംബൈ, ചെന്നൈ ഉയർത്തിയ 208 റൺസ് ലക്ഷ്യത്തിന് മുന്നിൽ വെറും 104 റൺസിന് തകരുകയാണ് ചെയ്തത്.

മത്സരത്തിലെ തന്ത്രപരമായ പിഴവുകളെക്കുറിച്ചും അശ്വിൻ മനസ് തുറന്നു. ഈ ടൂർണമെന്റിൽ ആദ്യം ബാറ്റ് ചെയ്ത് മാത്രം ശീലിച്ച ചെന്നൈയ്ക്ക് ടോസ് ജയിച്ചിട്ടും ബാറ്റിംഗ് വിട്ടുനൽകിയത് അവർക്ക് ആനുകൂല്യം നൽകുന്നതിന് തുല്യമായിരുന്നു. പിച്ചിന്റെ സ്വഭാവം മാറിയതോടെ രണ്ടാമത് ബാറ്റ് ചെയ്ത മുംബൈയ്ക്ക് കാര്യങ്ങൾ കൂടുതൽ പ്രയാസകരമായി. കൂടാതെ, അവസാന ഓവർ എറിയാൻ പരിചയസമ്പന്നനായ ഹാർദിക് സ്വയം തയ്യാറാകാതെ തുടക്കക്കാരനായ കൃഷ് ഭഗത്തിനെ പന്തേൽപിച്ചതും തെറ്റായ തീരുമാനമായിരുന്നുവെന്ന് അശ്വിൻ പറഞ്ഞു. ഡേവിഡ് മില്ലറെയും ഹെൻറിച്ച് ക്ലാസനെയും പോലുള്ള ലോകോത്തര താരങ്ങളെ ടി20 ലോകകപ്പ് ഫൈനലിൽ നേരിട്ട ഹാർദിക് ഇത്തരം നിർണായക ഘട്ടങ്ങളിൽ ഉത്തരവാദിത്തം ഏറ്റെടുക്കണമായിരുന്നു.

ഹാർദിക് നേരിടുന്ന മാനസിക സമ്മർദ്ദത്തെക്കുറിച്ചും അശ്വിൻ സൂചിപ്പിച്ചു. രോഹിത് ശർമ്മയെപ്പോലൊരു ഇതിഹാസത്തിന് പകരക്കാരനായി ടീമിലെത്തുകയും സ്വന്തം സ്റ്റേഡിയത്തിൽ ആരാധകരിൽ നിന്ന് കൂവൽ കേൾക്കേണ്ടി വരികയും ചെയ്യുന്നത് ഏതൊരാൾക്കും താങ്ങാവുന്നതിലും അധികമാണ്. ഗുജറാത്ത് ടൈറ്റൻസിനെ കിരീടത്തിലേക്ക് നയിച്ച ഹാർദിക്കിന് എങ്ങനെ ജയിക്കണമെന്ന് കൃത്യമായി അറിയാം. എന്നാൽ മുംബൈയിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയുണ്ടായ വിവാദങ്ങളും ട്രേഡിംഗും അദ്ദേഹത്തെ വല്ലാതെ ബാധിച്ചിട്ടുണ്ടാകാം. ആരാധകരെ കുറ്റപ്പെടുത്തുന്നില്ലെങ്കിലും ഒരു വ്യക്തി എന്ന നിലയിൽ ഹാർദിക് വലിയ വൈകാരിക ഭാരമാണ് പേറുന്നതെന്നും അശ്വിൻ കൂട്ടിച്ചേർത്തു.