ദക്ഷിണ ഡൽഹിയിലെ കൈലാഷ് ഹിൽസിൽ ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. 23 വയസ്സുകാരനായ മുൻ വീട്ടുജോലിക്കാരൻ രാഹുൽ മീണയാണ് കേസിലെ പ്രതി. തന്റെ വരുമാനത്തിന്റെ വലിയൊരു ഭാഗം ലൈംഗികത്തൊഴിലാളികൾക്കായി ഇയാൾ ചിലവാക്കിയിരുന്നതായും ചോദ്യം ചെയ്യലിനോട് വളരെ തണുപ്പൻ മട്ടിലാണ് പ്രതി പ്രതികരിക്കുന്നതെന്നും പോലീസ് പറയുന്നു.
ചെയ്ത കാര്യത്തിൽ യാതൊരു കുറ്റബോധവും പ്രകടിപ്പിക്കാത്ത പ്രതി, വളരെ പക്വതയില്ലാത്ത രീതിയിലാണ് പെരുമാറുന്നത്. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള പകയാണ് ഈ ക്രൂരമായ ആക്രമണത്തിന് പിന്നിലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
രണ്ട് സംസ്ഥാനങ്ങളിലായി പന്ത്രണ്ട് മണിക്കൂറിനുള്ളിൽ നടന്ന തുടർച്ചയായ കുറ്റകൃത്യങ്ങളുടെ പരമ്പരയാണ് ഈ കൊലപാതകത്തിലേക്ക് നയിച്ചത്. ഡൽഹിയിലെത്തുന്നതിന് തൊട്ടുമുമ്പ് രാജസ്ഥാനിലെ അൽവാറിൽ വെച്ച് ഇയാൾ മറ്റൊരു സ്ത്രീയെ ഉപദ്രവിച്ചിരുന്നു. തുടർന്ന് ഡൽഹിയിലെത്തിയ പ്രതി, വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി അകത്തുകയറി. പെൺകുട്ടിയെ കീഴ്പ്പെടുത്താൻ ശ്രമിക്കുകയും എതിർത്തപ്പോൾ മാരകമായി മുറിവേൽപ്പിക്കുകയും ചെയ്തു. ക്രൂരമായ ലൈംഗിക അതിക്രമത്തിന് ശേഷം ഫോൺ ചാർജർ കേബിൾ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ വിരലടയാളം ഉപയോഗിച്ച് ബയോമെട്രിക് ലോക്കർ തുറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ ലോക്കർ തകർത്ത് രണ്ടര ലക്ഷത്തോളം രൂപയും ആഭരണങ്ങളും കവർന്നു.
ദ്വാരകയിലെ ഒരു ഹോട്ടലിൽ നിന്നാണ് പോലീസ് രാഹുലിനെ പിടികൂടിയത്. കൊലപാതകം താൻ പണത്തിന് വേണ്ടി ചെയ്തതാണെന്നും പെൺകുട്ടി പണം നൽകിയിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നുവെന്നുമാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. വീട്ടുകാർ തന്നെ നന്നായിട്ടാണ് നോക്കിയിരുന്നതെന്നും 20,000 രൂപ ശമ്പളത്തിന് പുറമെ ബോണസും നൽകിയിരുന്നതായും ഇയാൾ സമ്മതിച്ചു. ഓൺലൈൻ ഗെയിമിംഗിനും ചൂതാട്ടത്തിനും അടിമയായിരുന്നു രാഹുൽ. നാട്ടിൽ വളരെ മോശം സ്വഭാവത്തിന് ഉടമയായിരുന്ന ഇയാൾ തന്റെ ദുശീലങ്ങൾക്കായി പണം കണ്ടെത്താനാണ് ഈ കടുംകൈ ചെയ്തതെന്ന് പോലീസ് ഉറച്ചു വിശ്വസിക്കുന്നു. ഇയാളുടെ ഫോൺ രേഖകളും മറ്റ് വിവരങ്ങളും പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്.




