സ്കൂളിലേക്ക് നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 44 വയസ്സുകാരന് 20 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി ജഡ്ജി കെ.എം. സുജയാണ് കോവളം ചൊവ്വര സ്വദേശിയായ കുഞ്ഞുമോനെ ശിക്ഷിച്ചത്.
പിഴത്തുക അടച്ചില്ലെങ്കിൽ പ്രതി മൂന്നു വർഷം കൂടി അധിക തടവ് അനുഭവിക്കേണ്ടിവരും. 2015-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സ്കൂളിലേക്ക് പോവുകയായിരുന്ന കുട്ടിയെ അമ്മയുടെ പരിചയക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് കാറിൽ കയറ്റിക്കൊണ്ടുപോവുകയും സ്കൂളിനടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് പീഡിപ്പിക്കുകയുമായിരുന്നു.
പെൺകുട്ടി തനിക്ക് നേരിട്ട അനുഭവം ക്ലാസ് ടീച്ചറോട് തുറന്നു പറഞ്ഞതോടെയാണ് പോലീസ് കേസെടുത്തത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പൂവച്ചൽ എഫ്. വിനോദ്, അഡ്വക്കറ്റ് വി.ആർ. മായാദേവി എന്നിവർ ഹാജരായി. അന്നത്തെ ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറായിരുന്ന ആർ. സുധാകരൻപിള്ളയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.




