ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലുള്ള ഹൽദിറാംസ് ഔട്ട്‌ലെറ്റിൽ നിന്ന് പ്രഭാതഭക്ഷണം കഴിച്ചയാൾക്ക് 700 രൂപയിലേറെ ബില്ലായതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയായിരിക്കുന്നത്. ആശുപത്രികളിൽ വിൽക്കുന്ന ഭക്ഷണസാധനങ്ങൾക്ക് അമിതവില ഈടാക്കുന്നതിനെതിരെ ഇതിനുമുമ്പും ഉയർന്നുവന്ന വിമർശനങ്ങൾ ഈ സംഭവത്തോടെ വീണ്ടും ശക്തമായിട്ടുണ്ട്. രോഗികൾക്കും കൂടെയുള്ളവർക്കും മറ്റ് വഴികളില്ലാത്തതിനാൽ ഇത്തരം കടകളിൽ നിന്ന് തന്നെ ഭക്ഷണം വാങ്ങേണ്ടി വരുന്നത് മുതലെടുക്കുകയാണെന്നാണ് പരാതി.
സന്തോഷ് ഭാരത്വംശി എന്ന എക്സ് ഉപയോക്താവാണ് തനിക്ക് ലഭിച്ച ബില്ലിന്റെ പകർപ്പ് പങ്കുവെച്ചത്. രണ്ട് മസാല ദോശ, ഒരു ചായ, ഒരു ബോട്ടിൽ മോര് (ചാസ്) എന്നിവയ്ക്കാണ് 708 രൂപ ആയത്. ഇതിൽ ഒരു മസാല ദോശയ്ക്ക് 274 രൂപയും, 200 മില്ലി മോരിന് 85 രൂപയും, ഒരു കപ്പ് ചായയ്ക്ക് 74 രൂപയുമായിരുന്നു വില. മെഡിക്കൽ ചികിത്സയുടെ ഭാരം കാരണം ആളുകൾ ബുദ്ധിമുട്ടുമ്പോഴാണ് ഇത്തരത്തിലുള്ള അമിതവില ഈടാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രിയിലെത്തിയാൽ തന്നെ മരുന്ന്, ഡോക്ടറുടെ ഫീസ് എന്നിവ കാരണം സാമ്പത്തികമായി കഷ്ടപ്പെടുകയായിരിക്കും, അതിനുപുറമേ ഭക്ഷണത്തിന് കൂടി ഇത്തരം പകൽകൊള്ള നടത്തുന്നത് കഷ്ടമാണെന്ന് അദ്ദേഹം കുറിച്ചു.
സാധാരണ ഔട്ട്‌ലെറ്റുകളിലും ഡെലിവറി പ്ലാറ്റ്‌ഫോമുകളിലും ഹൽദിറാംസ് പ്രഭാതഭക്ഷണത്തിന് 30 മുതൽ 40 ശതമാനം വരെ കിഴിവ് നൽകാറുണ്ടെന്നും എന്നാൽ ആശുപത്രി ശാഖയിൽ ഇത്തരം ഇളവുകളൊന്നും നൽകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം സ്ഥലങ്ങളിലെങ്കിലും ഇത്രയും ഉയർന്ന തുക ഈടാക്കരുതെന്ന് അദ്ദേഹം ഹൽദിറാംസിനോട് അഭ്യർത്ഥിച്ചു.
ഈ പോസ്റ്റ് പുറത്തുവന്നതോടെ നിരവധി പേരാണ് തങ്ങൾക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞ് രംഗത്തെത്തിയത്. പ്രിയപ്പെട്ടവരുടെ പരിചരണത്തിനായി മണിക്കൂറുകളോളം ആശുപത്രികളിൽ ചെലവഴിക്കേണ്ടി വരുമ്പോൾ ഭക്ഷണം ന്യായമായ വിലയ്ക്ക് ലഭ്യമാക്കണമെന്ന് പലരും അഭിപ്രായപ്പെട്ടു. രോഗത്തേക്കാൾ വലിയ ചെലവാണ് ചികിത്സയ്ക്കും ആശുപത്രി ഭക്ഷണത്തിനും ആകുന്നതെന്ന് ചിലർ വിമർശിച്ചു.
എന്നാൽ എല്ലാവരും റസ്റ്റോറന്റ് ശൃംഖലയെ മാത്രം കുറ്റപ്പെടുത്തിയില്ല. ആശുപത്രികൾക്കുള്ളിലെ ഭക്ഷണശാലകൾ ഉയർന്ന വാടകയോ വരുമാന പങ്കാളിത്തമോ നൽകേണ്ടി വരുന്നതാണ് ഉയർന്ന വിലയ്ക്ക് കാരണമെന്ന് ചിലർ ചൂണ്ടിക്കാട്ടി. റസ്റ്റോറന്റുകൾ മാത്രമല്ല, വൻതുക വാടക ഈടാക്കുന്ന ആശുപത്രി മാനേജ്‌മെന്റുകൾ കൂടിയാണ് ഇതിന് ഉത്തരവാദികളെന്ന് ചിലർ കുറിച്ചു. വാങ്ങുന്നതിന് മുമ്പ് വില പരിശോധിക്കേണ്ടതുണ്ടെന്നും ഉയർന്ന വാടക ഉൾപ്പെടെയുള്ള കാര്യങ്ങൾ റസ്റ്റോറന്റിന്റെ നടത്തിപ്പിനെ ബാധിക്കുന്നുണ്ടെന്നും അഭിപ്രായപ്പെടുന്നവരും കുറവല്ല.




