ഉത്തർപ്രദേശിലെ ഷാജഹാൻപുരിൽ പന്ത്രണ്ടുകാരിയായ ദലിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രായപൂർത്തിയാകാത്ത അഞ്ച് ആൺകുട്ടികൾക്കെതിരെ പോലീസ് കേസ് എടുത്തു. 15 മുതൽ 17 വരെ പ്രായമുള്ള പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് വ്യക്തമാക്കി. ഇവരെ നിയമനടപടികളുടെ ഭാഗമായി ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്ന് ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫിസർ അറിയിച്ചു.
പെൺകുട്ടിയും പ്രതികളും ഒരേ ഗ്രാമത്തിൽ നിന്നുള്ളവരും മുൻപരിചയമുള്ളവരുമാണെന്ന് പൊലീസ് പറഞ്ഞു. അമ്മ നൽകിയ പരാതി അനുസരിച്ച്, വെള്ളിയാഴ്ച ഗോതമ്പ് പാടത്തിന് സമീപം കളിക്കുകയായിരുന്ന ആൺകുട്ടികൾക്കൊപ്പം പെൺകുട്ടിയും കുറച്ചുസമയം പങ്കുചേർന്നു. തുടർന്ന് ഇവർ കുട്ടിയെ അടുത്തുള്ള കരിമ്പ് തോട്ടത്തിലേക്ക് കൊണ്ടുപോയി ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.
ആ വഴിക്ക് ഒരു കർഷകൻ വരുന്നത് കണ്ടതോടെ പ്രതികൾ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. മാനസികമായി ത തകർന്ന അവസ്ഥയിൽ വീട്ടിലെത്തിയ പെൺകുട്ടി അമ്മയോട് വിവരങ്ങൾ പറയുകയായിരുന്നു. മകൾ പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ പിറ്റേദിവസം തന്നെ അമ്മ പൊലീസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.




