മലപ്പുറം ജില്ലയിലെ എടവണ്ണ ഒതായിയിൽ പാമ്പിൻ കുഞ്ഞിനെ പാന്റിന്റെ പോക്കറ്റിലിട്ട് നടന്ന അതിഥിത്തൊഴിലാളിക്ക് പാമ്പ് കടിയേറ്റു. അസം സ്വദേശിയായ ബിനോയ് (30) എന്ന യുവാവിനെ നിലവിൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. താമസസ്ഥലത്തിന് സമീപത്ത് നിന്നുമാണ് ഇയാൾക്ക് പാമ്പിൻ കുഞ്ഞിനെ ലഭിച്ചത്.
മദ്യപിച്ച നിലയിലായിരുന്ന ബിനോയ് പാമ്പിനെ പിടികൂടി പോക്കറ്റിലിട്ടതാണെന്ന് നാട്ടുകാർ പറയുന്നു. ചായ കുടിക്കാൻ എത്തിയ ഇയാളുടെ പോക്കറ്റിൽ എന്തോ അനങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടവർ വിവരം തിരക്കിയപ്പോൾ പാമ്പിനെ പുറത്തെടുത്ത് കാണിക്കുകയായിരുന്നു. ഇതിനിടെ പലതവണ യുവാവിന് പാമ്പിന്റെ കടിയേറ്റു. അണലി കുഞ്ഞാണ് ഇയാളെ കടിച്ചതെന്നാണ് നാട്ടുകാർ കരുതുന്നത്.
കേരളത്തിൽ അടുത്തകാലത്തായി പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിച്ചു വരികയാണ്. കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്ത് രണ്ടുപേർ പാമ്പ് കടിയേറ്റ് മരണപ്പെട്ടിരുന്നു. ഇതിനിടയിലാണ് ഇത്തരമൊരു അശ്രദ്ധമായ സംഭവം കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.




