ന്യൂഡല്‍ഹി: സ്ത്രീയുടെ സല്‍വാര്‍ അഴിക്കാൻ ശ്രമിക്കുന്നതും നെഞ്ചില്‍ അമര്‍ത്തുന്നതും ബലാത്സംഗ ശ്രമത്തിന്റെ പരിധിയില്‍ വരില്ലെന്ന പട്ന ഹൈക്കോടതിയുടെ വിവാദ വിധിയിലെ നിരീക്ഷണങ്ങൾക്കെതിരെ സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് ഈ നിലപാടിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി.
സമാനമായ മറ്റൊരു കേസ് പരിഗണിക്കുന്നതിനിടെയാണ് പട്ന ഹൈക്കോടതിയുടെ ഈ ഉത്തരവ് മുതിര്‍ന്ന അഭിഭാഷകയായ ശോഭാ ഗുപ്ത സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇത്തരം വിഷയങ്ങളില്‍ മുമ്പും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും സമീപകാലത്ത് ചില ഹൈക്കോടതികളുടെ ഭാഗത്തുനിന്ന് വീണ്ടും തെറ്റായ വിധികളുണ്ടാകുന്നുണ്ടെന്ന് ശോഭാ ഗുപ്ത ചൂണ്ടിക്കാണിക്കുകയും അഭിഭാഷകനായ എച്ച്.എസ്. ഫൂല്‍ക്ക ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു. വിഷയം അതീവ ഗൗരവമുള്ളതാണെന്ന് വിലയിരുത്തിയ സുപ്രീം കോടതി, സമാന കേസുകളില്‍ മുമ്പ് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഓർമ്മിപ്പിച്ചു.
കഴിഞ്ഞ ഫെബ്രുവരിയില്‍ അലഹാബാദ് ഹൈക്കോടതി പുറപ്പെടുവിച്ച ഇതേപോലെയുള്ള മറ്റൊരു വിധി സുപ്രീം കോടതി റദ്ദാക്കിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ പിടിക്കുന്നതും വസ്ത്രത്തിന്റെ നൂല് അറുക്കുന്നതും കലുങ്കിനടിയിലേക്ക് വലിച്ചിഴക്കാന്‍ ശ്രമിക്കുന്നതും ബലാത്സംഗ ശ്രമമല്ലെന്നും അത് പോക്സോ നിയമപ്രകാരമുള്ള ചെറിയ കുറ്റം മാത്രമാണെന്നുമായിരുന്നു ഹൈക്കോടതിയുടെ വിധി. ഈ നിലപാടിനോടു വിയോജിച്ചാണ് അന്ന് സുപ്രീം കോടതി ആ ഉത്തരവ് റദ്ദാക്കിയത്. ലൈംഗികാതിക്രമ കേസുകള്‍ കൈകാര്യം ചെയ്യുമ്പോൾ ജഡ്ജിമാര്‍ കൂടുതല്‍ ജാഗ്രതയും ലിംഗസമത്വ ബോധവും പുലര്‍ത്തുന്നതിനുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കാന്‍ നാഷണല്‍ ജുഡീഷ്യല്‍ അക്കാദമിയോട് കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു.




