ഇന്ത്യയിലെ തൊഴിൽ നിയമങ്ങളുടെ ദയനീയ അവസ്ഥ വെളിപ്പെടുത്തുന്ന മറ്റൊരു സംഭവം കൂടി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി . കടുത്ത മാനസിക സമ്മർദ്ദം നിറഞ്ഞ ഒരു ഓഫീസിൽ ജോലി ചെയ്തിരുന്ന യുവാവ്, തന്റെ ഔദ്യോഗിക ‘ടീംസ്’ (Teams) സന്ദേശങ്ങൾ മാനേജർ രഹസ്യമായി ചോർത്തിയറിഞ്ഞു എന്നറിഞ്ഞ് ഞെട്ടിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താൻ നേരിട്ട ദുരനുഭവങ്ങളും ഉടൻ തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടേക്കുമെന്ന ആശങ്കയും യുവാവ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.
ടീംസ് ചാറ്റിലെ സന്ദേശങ്ങളുടെ പേരിൽ മാനേജർ തന്നെ മീറ്റിംഗിന് വിളിച്ച് പരസ്യമായി അപമാനിച്ചതായും, സന്ദേശങ്ങൾ ചോർത്തിയതിനെതിരെ പ്രതികരിച്ചപ്പോൾ മാനേജർ കൂടുതൽ ദേഷ്യപ്പെടുകയാണുണ്ടായതെന്നും യുവാവ് പറയുന്നു.
ഓഫീസിലെ പൂപ്പൽ ബാധ കാരണം ഉണ്ടായ ഇ.എൻ.ടി ചികിത്സയ്ക്കായി 5,000 രൂപ ചിലവായതിനെക്കുറിച്ചും ഓഫീസിലെ വൃത്തിഹീനമായ അന്തരീക്ഷത്തെ വിമർശിച്ചും യുവാവ് സുഹൃത്തുക്കളോട് സംസാരിച്ച സന്ദേശങ്ങളാണ് മാനേജർ ചോർത്തിയത്. “ഇന്ന് അപമാനിക്കപ്പെട്ടു, നാളെ ജോലിയിൽ നിന്ന് പുറത്താക്കപ്പെടും” എന്ന തലക്കെട്ടോടെയാണ് യുവാവ് റെഡ്ഡിറ്റിൽ (Reddit) കുറിപ്പ് പങ്കുവെച്ചത്. താൻ ജോലി ചെയ്യാനാണോ അതോ വിനോദത്തിനാണോ ഓഫീസിൽ വരുന്നത് എന്ന് മാനേജർ ചോദിച്ചതായും ഈ ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ കമ്പനി ഉടമയ്ക്ക് അയച്ചു കൊടുത്തതായും യുവാവ് വെളിപ്പെടുത്തി.
ഇത്തരം നിരീക്ഷണങ്ങൾക്കും ജീവനക്കാരെ പിരിച്ചുവിടുന്നതിനും കൂട്ടുനിൽക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് കമ്പനിയിലെ എച്ച്.ആർ ഒരു ആഴ്ച മുൻപ് രാജി വെച്ചിരുന്നു. ജീവനക്കാരുടെ സമയവും ബാത്റൂമിൽ പോകുന്ന ഇടവേളകളും വരെ നിരീക്ഷിക്കാൻ ഉടമ ഒരു പ്രത്യേക സോഫ്റ്റ്വെയർ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും യുവാവ് ആരോപിക്കുന്നു.
ഒരു കണ്ടന്റ് റൈറ്ററായി ജോലി ചെയ്യുന്ന തനിക്ക് പ്രതിമാസം 28,000 രൂപ മാത്രമാണ് ശമ്പളം ലഭിക്കുന്നതെന്നും ഇൻഷുറൻസോ മറ്റ് ആനുകൂല്യങ്ങളോ ഇല്ലെന്നും യുവാവ് പറയുന്നു. ജോലിക്ക് വൈകി എത്തുന്ന ഓരോ മിനിറ്റും ലീവായി കണക്കാക്കുന്ന രീതിയാണ് അവിടെയുള്ളത്. തൈറോയ്ഡ് രോഗമുള്ളതിനാലും ഭാര്യയുടെ ആരോഗ്യകാര്യങ്ങൾ നോക്കേണ്ടതിനാലും തനിക്ക് ദിവസവും 10 മിനിറ്റോളം വൈകാറുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ പുതിയൊരു ജോലി കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും യുവാവ് കുറിപ്പിൽ വ്യക്തമാക്കി.
ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ മോശം തൊഴിൽ സംസ്കാരവും അമിത ജോലിഭാരവും ചർച്ചയാക്കുന്ന ഈ കുറിപ്പ് സോഷ്യൽ മീഡിയയിൽ പെട്ടെന്നാണ് തരംഗമായത്. ‘NegotiationOk888’ എന്ന റെഡ്ഡിറ്റ് അക്കൗണ്ടിൽ നിന്ന് പങ്കുവെച്ച ഈ പോസ്റ്റിന് താഴെ നിരവധിയാളുകളാണ് പ്രതികരണങ്ങളുമായി എത്തിയത്. മറ്റൊരു ജോലി ലഭിക്കുന്നത് വരെ തത്കാലം അവിടെ പിടിച്ചുനിൽക്കാനും എത്രയും വേഗം ആ കമ്പനിയിൽ നിന്ന് രാജിവെച്ച് പുറത്തുപോകാനും ഭൂരിഭാഗം ആളുകളും യുവാവിനെ ഉപദേശിച്ചു. അതേസമയം, വാർത്താ മാധ്യമങ്ങൾക്ക് ഈ പോസ്റ്റിന്റെ ആധികാരികത സ്വതന്ത്രമായി സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല.




