Health

60 വയസ്സിന് മുൻപ് ഹൃദയാഘാതം ഒഴിവാക്കണോ? ഹൃദ്രോഗ വിദഗ്ദ്ധൻ നിർദ്ദേശിക്കുന്ന 10 വഴികൾ ഇതാ…

ന്യൂഡൽഹി: ലോകമെമ്പാടുമുള്ള ആളുകളെ മരണത്തിലേയ്ക്ക് നയിക്കുന്നതില്‍ പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ് ഹൃദ്രോഗം. എന്നാൽ കൃത്യമായ മുൻകരുതലുകളിലൂടെ പല ഹൃദയാഘാതങ്ങളും തടയാൻ സാധിക്കും. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയ ശേഷം മാത്രം അതിനെക്കുറിച്ച് ചിന്തിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് മുൻപ് തന്നെ പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്നാണ് ആരോഗ്യവിദഗ്ദ്ധർ നിർദ്ദേശിക്കുന്നത്.

സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും ഹൃദയാരോഗ്യത്തെക്കുറിച്ച് നിരന്തരം വിവരങ്ങൾ പങ്കുവെക്കുന്ന പ്രശസ്ത ഹൃദ്രോഗ വിദഗ്ദ്ധനായ ഡോ. ഇവാൻ ലെവിൻ, 60 വയസ്സിന് മുൻപ് വരാൻ സാധ്യതയുള്ള ഹൃദയാഘാതങ്ങളെ തടയാൻ സഹായിക്കുന്ന പത്ത് പ്രധാന നിർദ്ദേശങ്ങൾ മുന്നോട്ട് വെക്കുന്നു.

പുകവലി പൂർണ്ണമായും ഒഴിവാക്കുകയും ലഹരിവസ്തുക്കളിൽ നിന്ന് അകന്നു നിൽക്കുകയും ചെയ്യുക എന്നതാണ് അദ്ദേഹം നൽകുന്ന ഒന്നാമത്തെ ഉപദേശം. ഹൃദ്രോഗ സാധ്യത ഇരട്ടിയാക്കുന്നതിൽ പ്രധാന വില്ലൻ പുകവലിയാണ്. പുകവലി രക്തക്കുഴലുകളെ നശിപ്പിക്കുകയും രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ഹൃദയാഘാതത്തിലേക്കും സ്ട്രോക്കിലേക്കും നയിക്കാം. അതുപോലെ തന്നെ കൊക്കെയ്ൻ പോലുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം ആരോഗ്യവാനായ ഒരാളിൽ പോലും പെട്ടെന്ന് ഹൃദയാഘാതം ഉണ്ടാക്കാൻ കാരണമായേക്കാം.

മധുരമടങ്ങിയ പാനീയങ്ങളും ഫാസ്റ്റ് ഫുഡും കുറയ്ക്കുക എന്നതാണ് രണ്ടാമത്തെ കാര്യം. സോഡ പോലുള്ള അമിതമായി മധുരം ചേർത്ത പാനീയങ്ങളും ഫാസ്റ്റ് ഫുഡും പൂർണ്ണമായും ഒഴിവാക്കണം. സംസ്കരിച്ച ഭക്ഷണങ്ങൾ, അനാരോഗ്യകരമായ കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവയടങ്ങിയ ആഹാരരീതി പൊണ്ണത്തടി, പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

വ്യായാമം ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുക. ഹൃദയാരോഗ്യം നിലനിർത്താൻ പതിവ് വ്യായാമം അത്യാവശ്യമാണ്. ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യണമെന്ന് ഡോ. ലെവിൻ നിർദ്ദേശിക്കുന്നു. ഇത് രക്തയോട്ടം മെച്ചപ്പെടുത്താനും ശരീരഭാരം നിയന്ത്രിക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയപേശികളെ ശക്തിപ്പെടുത്താനും സഹായിക്കും.

കൊറോണറി ആർട്ടറി കാൽസ്യം (CAC) സ്കാൻ ചെയ്യുന്നതിന്റെ പ്രാധാന്യമാണ് മറ്റൊന്ന്. ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ധമനികളിലെ കാൽസ്യത്തിന്റെ അളവ് കണ്ടെത്തുന്ന പരിശോധനയാണിത്. കുടുംബത്തിൽ ആർക്കെങ്കിലും ഹൃദ്രോഗ ചരിത്രമുള്ളവരോ, കൊളസ്ട്രോളിന്റെ അളവ് കൂടുതലുള്ളവരോ ആയ 40 വയസ്സിന് താഴെയുള്ളവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഈ പരിശോധന നടത്തുന്നത് നന്നായിരിക്കും. 40 വയസ്സ് കഴിഞ്ഞവർക്ക് ഭാവിയിലെ ഹൃദ്രോഗ സാധ്യത മുൻകൂട്ടി അറിയാൻ ഈ സ്കാൻ സഹായിക്കും. സ്കാൻ സ്കോർ 100-ന് മുകളിലാണെങ്കിൽ അത് ഹൃദ്രോഗ ലക്ഷണമാകാം, അതിനാൽ കൃത്യമായ ചികിത്സ തേടേണ്ടതുണ്ട്.

മാനസിക സമ്മർദ്ദം കുറയ്ക്കുന്നത് ഹൃദയത്തിന് സംരക്ഷണം നൽകും. വിട്ടുമാറാത്ത മാനസിക സമ്മർദ്ദം ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കും. ജോലിയിലോ വ്യക്തിജീവിതത്തിലോ ഉള്ള സമ്മർദ്ദങ്ങൾ പരിഹരിക്കാനോ അതിൽ നിന്ന് മാറിനിൽക്കാനോ ശ്രമിക്കുക. ലളിതമായ സംഗീതം ആസ്വദിക്കുന്നത് ഇതിനൊരു പരിഹാരമാണ്. വ്യായാമം, ധ്യാനം, വിനോദങ്ങൾ എന്നിവയിലൂടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നത് മാനസികവും ശാരീരികവുമായ ആരോഗ്യത്തെ സംരക്ഷിക്കും.

ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും അവഗണിക്കരുത്. ഇവ കൃത്യമായി നിയന്ത്രിച്ചില്ലെങ്കിൽ കാലക്രമേണ രക്തക്കുഴലുകളെ തകരാറിലാക്കുകയും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. അതിനാൽ ഇവ എപ്പോഴും പരിശോധനകളിലൂടെ നിയന്ത്രണവിധേയമാക്കണം.

ശരീരഭാരം കുറയ്ക്കുക, പ്രത്യേകിച്ച് വയറിലെ കൊഴുപ്പ്. വയറിന് ചുറ്റും അമിതമായി കൊഴുപ്പ് അടിയുന്നത് ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ഫാറ്റി ലിവർ എന്നിവയ്ക്ക് കാരണമാകും. ഇത് ഹൃദയാരോഗ്യത്തിന് വലിയ ഭീഷണിയാണ്. ശരിയായ ജീവിതശൈലിയിലൂടെ വയറിലെ കൊഴുപ്പ് കുറയ്ക്കേണ്ടതുണ്ട്.

ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട ഉപദേശങ്ങൾ സ്വീകരിക്കുമ്പോൾ ശ്രദ്ധിക്കുക. യോഗ്യതയുള്ള മെഡിക്കൽ വിദഗ്ദ്ധരിൽ നിന്ന് മാത്രം ഹൃദയാരോഗ്യത്തിനായുള്ള നിർദ്ദേശങ്ങൾ തേടുക. കൃത്യമായ അറിവില്ലാത്തവരുടെ ഉപദേശങ്ങൾ കേട്ട് സ്വയം ചികിത്സിക്കുന്നത് അപകടം വരുത്തിവെക്കും.

മദ്യപാനം പരിമിതപ്പെടുത്തുക എന്നതാണ് ഡോ. ലെവിൻ നൽകുന്ന അവസാനത്തെ ഉപദേശം. ചിലർക്ക് ദിവസവും ഒരു ഗ്ലാസ് വൈൻ കഴിക്കുന്നത് കുഴപ്പമില്ലായിരിക്കാം, എന്നാൽ അതിൽ കൂടുതൽ മദ്യം കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും.

ഹൃദയാഘാതം പെട്ടെന്ന് സംഭവിക്കുന്നതാണെന്ന് പലരും കരുതുന്നു, എന്നാൽ ഹൃദ്രോഗങ്ങൾ വർഷങ്ങൾ കൊണ്ടാണ് ശരീരത്തിൽ വികസിക്കുന്നത്. അതിനാൽ ചെറുപ്പകാലത്ത് തന്നെ നല്ല ശീലങ്ങൾ വളർത്തിയെടുക്കുന്നതും കൃത്യമായ പരിശോധനകൾ നടത്തുന്നതും ഭാവിയിലെ ഹൃദ്രോഗ സാധ്യതകളെ വലിയൊരു പരിധി വരെ കുറയ്ക്കാൻ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *