60 വയസ്സ് എന്നത് ഇപ്പോഴും പലർക്കും പേടിയുണ്ടാക്കുന്ന ഒരു പ്രായമാണ്. ശാസ്ത്രീയമായ പുരോഗതിയും മെച്ചപ്പെട്ട ജീവിതശൈലിയും കാരണം മനുഷ്യൻ്റെ ആയുസ്സ് വർദ്ധിച്ചിട്ടുണ്ടെങ്കിലും, അമ്പതുകളുടെ അവസാനവും അറുപതുകളും വിശ്രമിക്കാനുള്ള പ്രായമാണെന്ന ചിന്താഗതിയാണ് സമൂഹത്തിൽ ഇപ്പോഴുമുള്ളത്. സമാധാനമായി ജീവിക്കുന്നതിലും പ്രവർത്തനങ്ങൾ കുറയ്ക്കുന്നതിലും തെറ്റൊന്നുമില്ലെങ്കിലും, നല്ല ശീലങ്ങളുണ്ടെങ്കിൽ 60-ാം വയസ്സിലും മുൻപത്തെപ്പോലെ തന്നെ സജീവമായും ഊർജ്ജസ്വലമായും ഇരിക്കാൻ സാധിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു.
ലോകമെമ്പാടുമുള്ള വിവിധ മേഖലകളിലെ ആളുകൾ പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അറുപത് കഴിഞ്ഞവർ യാത്രകൾ ചെയ്യുകയും പുതിയ കഴിവുകൾ നേടിയെടുക്കുകയും സജീവമായി ജീവിക്കുകയും ചെയ്യുന്നുണ്ട്. ആരോഗ്യ കാര്യങ്ങളിൽ കൃത്യമായ ശ്രദ്ധ നൽകുന്നതിലൂടെയും നല്ലൊരു ജീവിതശൈലി നയിക്കുന്നതിലൂടെയുമാണ് ഇത് സാധ്യമാകുന്നത്. ഇവിടെയാണ് യോഗ സഹായത്തിനെത്തുന്നത്.
ഈ പുരാതന ഇന്ത്യൻ വ്യായാമമുറ ശാരീരിക ആരോഗ്യം നിലനിർത്താൻ മാത്രമല്ല, ജീവിതകാലം മുഴുവൻ സജീവമായും ചടുലതയോടെയും ഇരിക്കാനും സഹായിക്കുന്നു. ആരോഗ്യപ്രശ്നങ്ങൾ വരുന്നത് വരെ കാത്തിരിക്കാതെ, അവയെ മുൻകൂട്ടി തടയാൻ യോഗ പതിവായി പരിശീലിക്കുന്നതിലൂടെ സാധിക്കുമെന്ന് യോഗാചാര്യനായ ഹിമാലയൻ സിദ്ധ അക്ഷർ പറയുന്നു. പ്രായമാകുമ്പോഴും ആരോഗ്യം നിലനിർത്താൻ യോഗ എങ്ങനെയാണ് സഹായിക്കുന്നതെന്ന് അദ്ദേഹം വിശദീകരിക്കുന്നു.
പ്രായമാകുമ്പോൾ പേശികളുടെ ബലം കുറയുകയും സന്ധികൾക്ക് കാഠിന്യമേറുകയും ചലനങ്ങൾ പരിമിതപ്പെടുകയും ചെയ്യാറുണ്ട്. ലഘുവായ സ്ട്രെച്ചിംഗിലൂടെയും ശരീരചലനങ്ങളിലൂടെയും യോഗ ഈ മാറ്റങ്ങളെ പ്രതിരോധിക്കുന്നു. പതിവായ പരിശീലനം ശരീരത്തിൻ്റെ വഴക്കവും ശരിയായ ഭാവവും സന്തുലനാവസ്ഥയും നിലനിർത്താൻ സഹായിക്കും. ഇത് നടക്കാനും പടികൾ കയറാനും സാധനങ്ങൾ ചുമക്കാനുമൊക്കെയുള്ള ദൈനംദിന കാര്യങ്ങൾ മറ്റൊരാളുടെ സഹായമില്ലാതെ ദീർഘകാലം ചെയ്യാൻ സഹായിക്കുന്നു.
ആരോഗ്യകരമായ വാർദ്ധക്യം എന്നാൽ ശാരീരിക ആരോഗ്യം മാത്രമല്ല, മാനസികവും വൈകാരികവുമായ സുസ്ഥിതിയും ഇതിൽ പ്രധാനമാണ്. യോഗയിലെ ശ്വസനക്രിയകളും ധ്യാനവും നാഡീവ്യൂഹത്തെ ശാന്തമാക്കാൻ സഹായിക്കുന്നു. യോഗ പതിവായി ചെയ്യുന്നവർക്ക് ജീവിതത്തിലെ പ്രതിസന്ധികളെ കൂടുതൽ ശ്രദ്ധയോടെയും പോസിറ്റീവായും നേരിടാൻ സാധിക്കുമെന്ന് അക്ഷർ വ്യക്തമാക്കുന്നു.
പ്രായമാകുമ്പോൾ എപ്പോഴും തളർച്ച അനുഭവപ്പെടുമെന്നത് ഒരു തെറ്റായ ധാരണയാണ്. മോശം ജീവിതശൈലി, മാനസിക സമ്മർദ്ദം, ഉറക്കക്കുറവ്, വ്യായാമമില്ലായ്മ എന്നിവയൊക്കെ കൊണ്ടാണ് ഊർജ്ജമില്ലായ്മ അനുഭവപ്പെടുന്നത്. എന്നാൽ യോഗ ശരീരത്തിലെ രക്തയോട്ടവും ഓക്സിജൻ്റെ അളവും വർദ്ധിപ്പിക്കുന്നു. കഠിനമായ ശാരീരിക അധ്വാനം ആവശ്യമില്ലാത്തതിനാൽ പ്രായമായവർക്ക് ചെയ്യാൻ പറ്റിയ ഏറ്റവും മികച്ച വ്യായാമമുറയാണിത്.
പ്രായമാകുമ്പോൾ പലരും നേരിടുന്ന പ്രധാന പ്രശ്നമാണ് ശരീരത്തിൻ്റെ സന്തുലനാവസ്ഥ നഷ്ടപ്പെടുന്നത്. ഇത് വീഴ്ചകൾക്കും ഗുരുതരമായ പരിക്കുകൾക്കും കാരണമാകാറുണ്ട്. ശരീരത്തിന് സ്ഥിരതയും ഏകോപനവും നൽകാൻ യോഗയിലെ പല ആസനങ്ങളും സഹായിക്കും. പതിവായ പരിശീലനം ശരീരത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരാക്കുകയും സുരക്ഷിതമായി ചലിക്കാൻ സഹായിക്കുകയും ചെയ്യും. ശരീരത്തിന് നല്ല ബാലൻസ് ലഭിക്കുന്നതോടെ ദൈനംദിന കാര്യങ്ങൾ കൂടുതൽ എളുപ്പവും സുരക്ഷിതവുമായി മാറുന്നു.




