Health

ശരീരം തരുന്ന ഈ 5 ലക്ഷണങ്ങൾ ശ്രദ്ധിക്കൂ; നിർജലീകരണം പടിവാതിൽക്കൽ!

നമ്മളെല്ലാവരും ധാരാളം വെള്ളം കുടിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്, എന്നാൽ പലപ്പോഴും ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കാതെയാണ് ഓരോ ദിവസവും കടന്നുപോകുന്നത്. കാര്യമായ ദാഹം തോന്നാത്തവരോ വെള്ളം കുടിക്കാൻ മറന്നുപോകുന്നവരോ ആണെങ്കിൽ നിർജ്ജലീകരണം (Dehydration) സംഭവിക്കാൻ സാധ്യത കൂടുതലാണ്. നിർജ്ജലീകരണം എപ്പോഴും പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞെന്നു വരില്ല, എന്നാൽ അത് നമ്മുടെ ആരോഗ്യത്തെയും ദൈനംദിന ജീവിതത്തെയും ചെറിയ രീതിയിൽ ബാധിച്ചു കൊണ്ടിരിക്കും. നിങ്ങളുടെ ശരീരം വെള്ളം ആവശ്യപ്പെടുന്നുണ്ടെന്ന് തിരിച്ചറിയാനുള്ള അഞ്ച് ലക്ഷണങ്ങളും അത് പരിഹരിക്കാനുള്ള അഞ്ച് വഴികളും താഴെ പറയുന്നു.

നിങ്ങളുടെ മൂത്രത്തിന്റെ നിറം ശ്രദ്ധിക്കുന്നതാണ് നിർജ്ജലീകരണം തിരിച്ചറിയാനുള്ള ഏറ്റവും എളുപ്പവഴി. മൂത്രം ഇളം മഞ്ഞനിറത്തിലോ തെളിഞ്ഞതോ ആണെങ്കിൽ ശരീരം കൃത്യമായി ഹൈഡ്രേറ്റഡ് ആണെന്ന് അർത്ഥം. എന്നാൽ കടും മഞ്ഞ നിറമാണെങ്കിൽ അത് നിർജ്ജലീകരണത്തിന്റെ ലക്ഷണമാണ്.

അതുപോലെ, പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ എപ്പോഴും ക്ഷീണവും തളർച്ചയും അനുഭവപ്പെടുന്നുണ്ടെങ്കിൽ അതിന് കാരണം ശരീരത്തിൽ വെള്ളം കുറയുന്നതാകാം. ചർമ്മവും ചുണ്ടും വായയും അമിതമായി വരണ്ടുപോകുന്നതും ശരീരത്തിന്റെ മുന്നറിയിപ്പാണ്. ഇടയ്ക്കിടെയുണ്ടാകുന്ന തലവേദനയ്ക്കും അമിതമായ വിശപ്പിനും പിന്നിലെ വില്ലൻ പലപ്പോഴും നിർജ്ജലീകരണമായിരിക്കും. ദാഹിക്കുമ്പോൾ ശരീരം നൽകുന്ന സിഗ്നലുകൾ പലപ്പോഴും വിശപ്പായി നമുക്ക് തെറ്റിദ്ധരിക്കപ്പെടാറുണ്ട്.

ഇത് പരിഹരിക്കാനായി വെള്ളം ഒന്നിച്ച് കുടിക്കുന്നതിന് പകരം ദിവസം മുഴുവൻ ഇടയ്ക്കിടെ കുറേശ്ശെയായി കുടിക്കാൻ ശീലിക്കുക. രാവിലെ എഴുന്നേറ്റ ഉടൻ ചായയോ കാപ്പിയോ കുടിക്കുന്നതിന് മുൻപ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരത്തിന് ഉന്മേഷം നൽകാൻ സഹായിക്കും.

ഭക്ഷണത്തിൽ വെള്ളരിക്ക, തണ്ണിമത്തൻ, ഓറഞ്ച്, തക്കാളി തുടങ്ങിയ ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക. അമിതമായി വിയർക്കുന്ന സാഹചര്യമാണെങ്കിൽ ഉപ്പും പഞ്ചസാരയും ചേർത്ത ലായനി (ORS) കുടിക്കുന്നത് ശരീരത്തിലെ ലവണാംശം നിലനിർത്താൻ സഹായിക്കും. വെള്ളം കുടിക്കാൻ മറന്നുപോകുന്നവർ ഫോണിൽ റിമൈൻഡറുകൾ വെക്കുകയോ എപ്പോഴും കൺമുന്നിൽ ഒരു കുപ്പി വെള്ളം കരുതുകയോ ചെയ്യുന്നത് ഒരു ശീലമായി മാറ്റുക. നിസ്സാരമെന്ന് തോന്നുമെങ്കിലും കൃത്യമായി വെള്ളം കുടിക്കുന്നത് തലവേദനയും ക്ഷീണവും അകറ്റി നിങ്ങളെ കൂടുതൽ ആരോഗ്യവാന്മാരാക്കും.