കിഴക്കമ്പലം: ഭർത്താവ് ഓടിച്ച സ്കൂട്ടർ മറിഞ്ഞ് പരിക്കേറ്റതിനെ തുടർന്ന് യുവതി കോടതിയെ സമീപിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. വെങ്ങോല അറയ്ക്കപ്പടി പുതുക്കുടി വീട്ടിൽ സൈനബയുടെ (47) പരാതിയിലാണ് ഭർത്താവ് യൂസഫിനെതിരെ കുന്നത്തുനാട് പോലീസ് ക്രിമിനൽ കേസെടുത്തത്. കോടതിയുടെ പ്രത്യേക നിർദേശപ്രകാരമാണ് പോലീസ് ഈ നടപടിയ സ്വീകരിച്ചത്.
കഴിഞ്ഞ ഏപ്രിൽ 16-ന് രാത്രി ഒമ്പതരയോടെയായിരുന്നു കേസിനാസ്പദമായ അപകടം നടന്നത്. യൂസഫ് ഓടിച്ച സ്കൂട്ടറിന്റെ പിന്നിലിരുന്ന് സൈനബ യാത്ര ചെയ്യുകയായിരുന്നു. ചീനിക്കുഴി റബർ പാർക്ക് റോഡിലെ എ.ടി.എം കൗണ്ടറിന് സമീപമുള്ള റോഡ് ഹമ്പിൽ വെച്ച് വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ സൈനബയുടെ മുഖത്തിനും പുരികത്തിനും ഗുരുതരമായി പരിക്കേറ്റു. ഭർത്താവിന്റെ അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗുമാണ് അപകടത്തിന് കാരണമായതെന്നാണ് സൈനബയുടെ പരാതിയിൽ വ്യക്തമാക്കുന്നത്.
തനിക്ക് സംഭവിച്ച അപകടത്തിന് കാരണം ഭർത്താവിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സൈനബ കോലഞ്ചേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സ്വകാര്യ ഹർജി നൽകിയത്. പരാതി ഫയലിൽ സ്വീകരിച്ച കോടതി, സംഭവത്തെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കുന്നത്തുനാട് പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഭർത്താവിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.




