ലണ്ടനിലെ ബക്കിംഗ്ഹാം പാലസിനേക്കാള്‍ വലുപ്പത്തിലും ആഡംബരത്തിലും മുന്നിട്ടുനില്‍ക്കുന്ന ഒരു കൊട്ടാരം ഇന്ത്യയിലുണ്ട് എന്നത് എത്രപേര്‍ക്കറിയാം? ലക്ഷ്മി വിലാസ് പാലസ് എന്നറിയപ്പെടുന്ന ഈ കൊട്ടാരം ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതിയാണ്. ഇന്ന് ഇതിന് ഏകദേശം 24,000 കോടി രൂപയിലധികം വിലമതിപ്പുള്ള 170 മുറികളുള്ള കൊട്ടാരത്തില്‍ താമസിക്കുന്നത് വെറും അഞ്ചുപേര്‍.
1890-ല്‍ മഹാരാജ സയാജിറാവു ഗെയ്ക്വാഡ് മൂന്നാമന്‍ നിര്‍മ്മിച്ച ഗുജറാത്തിലെ വഡോദരയിലെ ഈ കൊട്ടാരം ബക്കിംഗ്ഹാം പാലസിനേക്കാള്‍ ഏകദേശം നാലിരട്ടി വലുപ്പമുണ്ട്. അക്കാലത്ത് ഇതിന്റെ നിര്‍മ്മാണച്ചെലവ് ഏകദേശം 27 ലക്ഷം രൂപയായിരുന്നു. എന്നാല്‍ ഇവിടെ മഹാരാജാ സമര്‍ജിത്സിംഗ് ഗെയ്ക്വാഡും അദ്ദേഹത്തിന്റെ ഭാര്യ രാധികരാജെ ഗെയ്ക്വാഡും അവരുടെ രണ്ട് പെണ്‍മക്കളും മാത്രമാണ് കൊട്ടാരത്തില്‍ താമസിക്കുന്നത്. ബ്രിട്ടീഷ് വാസ്തുശില്പി മേജര്‍ ചാള്‍സ് മാന്റ് രൂപകല്‍പ്പന ചെയ്ത ഈ കൊട്ടാരം, ഇന്തോ-സരസെനിക് ശൈലി എന്നറിയപ്പെടുന്ന ഇന്ത്യന്‍, യൂറോപ്യന്‍ വാസ്തുവിദ്യയുടെ അതുല്യമായ സംയോജനമാണ് പ്രദര്‍ശിപ്പിക്കുന്നത്.
കൊട്ടാരത്തിന്റെ അകത്ത് വലിയ ചാന്‍ഡിലിയറുകളും, മൊസൈക്ക് വര്‍ക്കുകളും, അമൂല്യമായ പെയിന്റിംഗുകളും, പുരാവസ്തുക്കളുമുണ്ട്. 19-ാം നൂറ്റാണ്ടില്‍ വളരെ അപൂര്‍വമായിരുന്ന ഒരു ലിഫ്റ്റ് ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. അത് ഇതിന്റെ ഏറ്റവും ആകര്‍ഷകമായ സവിശേഷതകളില്‍ ഒന്നാണ്.
കൊട്ടാര സമുച്ചയം വളരെ വലുതാണ്. ഇതില്‍ മോത്തി ബാഗ് പാലസ്, മഹാരാജ ഫത്തേ സിംഗ് മ്യൂസിയം എന്നിവയുള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ ഉള്‍പ്പെടുന്നു. കൊട്ടാരത്തിനകത്തുള്ള മ്യൂസിയത്തില്‍ രാജാ രവിവര്‍മ്മയുടെ ചിത്രങ്ങളും, മിനിയേച്ചര്‍ ട്രെയിന്‍ മോഡലുകളും, അപൂര്‍വ ശില്പങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 1405-ല്‍ നിര്‍മ്മിച്ച നവലഖി സ്റ്റെപ്വെല്ലും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. മുതലകളെ കാണാന്‍ കഴിയുന്ന ഒരു ചെറിയ മൃഗശാലയും ഇവിടെയുണ്ട്.
കൊട്ടാരത്തിന് അടുത്തായി മോത്തി ബാഗ് ക്രിക്കറ്റ് ഗ്രൗണ്ട്, നീന്തല്‍ക്കുളം, ക്ലബ് ഹൗസ്, ജിം, ഒരു ഗോള്‍ഫ്‌കോഴ്സ് എന്നിവയുമുണ്ട്. മഹാറാ ണി രാധികരാജെ ഗെയ്ക്വാഡ് രാജ്യത്തെ ഏറ്റവും സൗന്ദര്യമുള്ള രാജകീയ വ്യക്തികളില്‍ ഒരാളായി കണക്കാക്കപ്പെടുന്നു. 2002-ല്‍ അവര്‍ മഹാരാജാ സമര്‍ജിത്സിംഗ് ഗെയ്ക്വാഡിനെ വിവാഹം കഴിച്ചു. സമര്‍ജിത്സിംഗ് ഒരു കാലത്ത് രഞ്ജി ട്രോഫി ക്രിക്കറ്റ് കളിക്കാരനായിരുന്നു. പിന്നീട് അദ്ദേഹം കൊട്ടാരത്തിന്റെ ചില ഭാഗങ്ങള്‍ പുതുക്കിപ്പണിത് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു.
ലക്ഷ്മി വിലാസ് പാലസ് അതിന്റെ പ്രൗഢിയും മനോഹരമായ ഇന്റീരിയറുകളും കാരണം ‘പ്രേം രോഗ് (1982)’, ‘ദില്‍ ഹി തോ ഹെ (1993)’, ‘ഗ്രാന്‍ഡ് മസ്തി (2013)’, ‘സര്‍ദാര്‍ ഗബ്ബാര്‍ സിംഗ് (2016)’ തുടങ്ങി നിരവധി ബോളിവുഡ് സിനിമകളില്‍ ചിത്രീകരിച്ചിട്ടുണ്ട്.
ഒരു കൊട്ടാരമെന്നതിലുപരി, ഇന്ത്യയുടെ രാജകീയ പാരമ്പര്യത്തിന്റെയും സാംസ്‌കാരിക അഭിമാനത്തിന്റെയും പ്രതീകമാണ് ലക്ഷ്മി വിലാസ് പാലസ്. ലോകമെമ്പാടുമുള്ള സന്ദര്‍ശകര്‍ അതിന്റെ വലുപ്പത്തിലും സൗന്ദര്യത്തിലും ചരിത്രപരമായ പ്രാധാന്യത്തിലും ആകൃഷ്ടരാകുന്നു. ഇത് ഇന്ത്യയുടെ കല, വാസ്തുവിദ്യ, ചരിത്രം എന്നിവയുടെ തിളക്കമാര്‍ന്ന ഉദാഹരണമായി നിലകൊള്ളുന്നു.
ഇന്ത്യന്‍ വന്യജീവികളെ സംരക്ഷിക്കാന്‍ വേണ്ടി രാജകീയ ജീവിതം ഉപേക്ഷിച്ച വ്യക്തിയായ ഡോ. എം.കെ. രഞ്ജിത്സിംഗ് ജാലയുടെ മകളാണ് രാധികരാജെ ഗെയ്ക്വാഡ്. സൗരാഷ്ട്രയിലെ വാന്‍കനേര്‍ രാജകുടുംബത്തില്‍ ജനിച്ച ഡോ. ജാല, ഇന്ത്യയിലെ വനങ്ങളെയും വംശനാശഭീഷണി നേരിടുന്ന ജീവികളെയും സംരക്ഷിക്കാന്‍ വേണ്ടി ഒരു ഐഎഎസ് ഉദ്യോഗസ്ഥനായി.
അച്ഛന്റെ പാത പിന്തുടര്‍ന്ന് രാധികരാജെയും രാജകീയ പാരമ്പര്യങ്ങളേക്കാള്‍ വിദ്യാഭ്യാസത്തിനും വ്യക്തിപരമായ വളര്‍ച്ചയ്ക്കും പ്രാധാന്യം നല്‍കി. ചെറുപ്പം മുതലേ പഠനത്തില്‍ അവള്‍ക്ക് വലിയ താല്‍പ്പര്യമുണ്ടായിരുന്നു. ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ പ്രശസ്തമായ ലേഡി ശ്രീറാം കോളേജ് ഫോര്‍ വുമണ്‍ (ഘടഞ) ല്‍ നിന്ന് ഇന്ത്യന്‍ ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി.
ഉന്നത പഠനം പൂര്‍ത്തിയാക്കുന്നതിനിടയില്‍ രാധികരാജെ മാധ്യമപ്രവര്‍ത്തനത്തിലും താല്‍പര്യം കാണിച്ചു. ദി ഇന്ത്യന്‍ എക്‌സ്പ്രസില്‍ ഒരു എഴുത്തുകാരിയായി അവര്‍ കുറച്ചുകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1878-നും 1890-നും ഇടയില്‍ മഹാരാജ സയാജിറാവു ഗെയ്ക്വാഡ് മൂന്നാമന്‍ നിര്‍മ്മിച്ച ഗുജറാത്തിലെ വഡോദരയിലുള്ള ലുക്ഷ്മി വിലാസ് പാലസ് ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതിയാണ്.
ഈ കൊട്ടാരം നാല് ഗെയ്ക്വാഡ് രാജാക്കന്മാരുടെ കിരീടധാരണത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. മഹാരാജ പ്രതാപ്‌സിങ്‌റാവു (1939), മഹാരാജ ഫത്തേസിങ്‌റാവു (1951), മഹാരാജ രഞ്ജിത്സിങ് (1988), ഏറ്റവും ഒടുവില്‍ മഹാരാജ സമര്‍ജിത്സിങ് ഗെയ്ക്വാഡ് (2012) എന്നിവരാണവര്‍.
ഇന്ന്, ലക്ഷ്മി വിലാസ് പാലസില്‍ താമസിക്കുന്നത് ഹിസ് ഹൈനസ് സമര്‍ജിത്സിങ് രഞ്ജിത്സിങ് ഗെയ്ക്വാഡ്, അദ്ദേഹത്തിന്റെ ഭാര്യ ഹെര്‍ ഹൈനസ് രാധികരാജെ ഗെയ്ക്വാഡ്, അവരുടെ പെണ്‍മക്കളായ പത്മാരാജെ, നാരായണിരാജെ എന്നിവരും രാജ്ഞി മാതാവ് ഹെര്‍ ഹൈനസ് ശുഭാംഗിനിരാജെ ഗെയ്ക്വാഡും ആണ്. കൊട്ടാരത്തി ന്റെ ഒരു ഭാഗം രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ സന്ദര്‍ശകര്‍ക്കായി തുറന്നിരിക്കും. തിങ്കളാഴ്ച അവധിയാണ്. ടിക്കറ്റിന് 200 രൂപയാണ് വില. ഇതില്‍ ഇംഗ്ലീഷ്, ഹിന്ദി, മറാത്തി ഭാഷകളിലുള്ള ഓഡിയോ ടൂര്‍ ഗൈഡ് ഉള്‍പ്പെടുന്നു.




