അസർബൈജാനിലെ ബാക്കുവിലുള്ള ചരിത്രപ്രസിദ്ധമായ ‘അതേഷ്ഗാഹ്’ മ്യൂസിയത്തിനുള്ളിൽ നിന്നുള്ള ഒരു ഇൻസ്റ്റാഗ്രാം വീഡിയോ, വിദേശയാത്രകളിൽ വിനോദസഞ്ചാരികൾ പാലിക്കേണ്ട മര്യാദകളെക്കുറിച്ചുള്ള പുതിയ ഓൺലൈൻ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഈ സംരക്ഷിത പൈതൃക കേന്ദ്രത്തിനുള്ളിൽ വെച്ച് ഒരു കൂട്ടം ഇന്ത്യൻ വിനോദസഞ്ചാരികൾ ഗായത്രി മന്ത്രം ഉച്ചത്തിൽ ചൊല്ലുന്നതാണ് വീഡിയോയിലുള്ളത്.
സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ഈ വീഡിയോ പകർത്തിയത് ഒരു വിദേശിയല്ല, മറിച്ച് മ്യൂസിയം സന്ദർശിക്കാൻ എത്തിയ മറ്റൊരു ഇന്ത്യൻ വിനോദസഞ്ചാരി തന്നെയാണ്. അവിടെയുണ്ടായ ആ സംഭവം തനിക്ക് ഏറെ അസ്വസ്ഥതയുണ്ടാക്കിയെന്നും വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ സഞ്ചാരികളെക്കുറിച്ച് മോശം പ്രതിച്ഛായ ഉണ്ടാക്കാൻ മാത്രമേ ഇത് ഉപകരിക്കൂ എന്നും വീഡിയോ പങ്കുവെച്ച വ്യക്തി കുറിച്ചു. “വിദേശങ്ങളിൽ പോകുമ്പോൾ ഇത്തരം ഇന്ത്യൻ വിനോദസഞ്ചാരികൾ ആകരുത്,” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. മ്യൂസിയങ്ങൾക്കുള്ളിൽ സാധാരണയായി പാലിക്കേണ്ട നിശബ്ദത ലംഘിച്ചുകൊണ്ട് ഈ സംഘം ഉച്ചത്തിൽ മന്ത്രം ചൊല്ലാൻ തുടങ്ങിയെന്നാണ് ഇവർ പറയുന്നത്. മറ്റ് സന്ദർശകർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ ഗൈഡ് ബാക്കി ഗ്രൂപ്പിലുള്ളവരെ അവിടെനിന്ന് മാറ്റിയിട്ടും ഈ മന്ത്രോച്ചാരണം തുടർന്നതായും ഇവർ ആരോപിക്കുന്നു.
വീഡിയോയിൽ, ഒരാൾ “ഒരിക്കൽ കൂടി” എന്ന് പറയുന്നത് കേൾക്കാം, അതിന് പിന്നാലെ സംഘം വീണ്ടും പ്രാർത്ഥന ആവർത്തിക്കുകയാണ്. ഈ സമയത്ത് മറ്റ് നിരവധി സന്ദർശകരും ഇവർക്കരികിലായി നിൽക്കുന്നത് വീഡിയോയിൽ കാണാം. സന്ദർശനത്തിനിടയിൽ തന്റെ മനസ്സിന് വിഷമമുണ്ടാക്കിയ മറ്റൊരു കാര്യവും ഈ സഞ്ചാരി പങ്കുവെച്ചു. മന്ത്രം ചൊല്ലുന്നത് കേട്ട ടൂറിസ്റ്റ് ഗൈഡ് തങ്ങളെ നോക്കി പുഞ്ചിരിച്ചുകൊണ്ട്, “ഇവർ നിങ്ങളുടെ ആളുകളല്ലേ?” എന്ന് ചോദിച്ചുവത്രെ. ആ ചോദ്യത്തിന് മുന്നിൽ തനിക്ക് മറുപടിയില്ലായിരുന്നുവെന്നും, ഇത്തരം ചില വ്യക്തികളുടെ പെരുമാറ്റം കാരണം വിദേശങ്ങളിൽ എല്ലാ ഇന്ത്യൻ സഞ്ചാരികളും മോശക്കാരായി ചിത്രീകരിക്കപ്പെടാമെന്നും ഇവർ കുറിച്ചു.
വീഡിയോ വൈറലായതോടെ ഇന്റർനെറ്റിൽ വലിയ രീതിയിലുള്ള ചർച്ചകളാണ് നടക്കുന്നത്. പ്രാർത്ഥിക്കുന്നതിൽ തെറ്റൊന്നുമില്ലെങ്കിലും, നിശബ്ദത പാലിക്കേണ്ട ഒരു മ്യൂസിയത്തിലോ പൈതൃക കേന്ദ്രത്തിലോ ഇരുന്ന് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഉച്ചത്തിൽ മന്ത്രം ചൊല്ലുന്നത് ശരിയല്ലെന്നാണ് ഭൂരിഭാഗം പേരും വാദിക്കുന്നത്. ഇത്തരം പെരുമാറ്റങ്ങൾ വിദേശങ്ങളിൽ ഇന്ത്യൻ വിനോദസഞ്ചാരികളെക്കുറിച്ചുള്ള കാഴ്ചപ്പാട് മോശമാക്കുമെന്നും, സന്ദർശിക്കുന്ന സ്ഥലങ്ങളിലെ നിയമങ്ങളെയും അന്തരീക്ഷത്തെയും ബഹുമാനിക്കുക എന്നത് യാത്രകളുടെ പ്രധാന ഭാഗമാണെന്നും പലരും കമന്റ് ചെയ്തു. വിദേശങ്ങളിലെ പൊതുസ്ഥലങ്ങളിൽ വെച്ച് ചുറ്റുപാടുമുള്ളവരെ പരിഗണിക്കാതെ ഉച്ചത്തിൽ പാടുന്നതും നൃത്തം ചെയ്യുന്നതും എന്തിനാണെന്ന് ചിലർ ചോദ്യം ചെയ്യുകയും ചെയ്തു. അടുത്തിടെ അതേഷ്ഗാഹ് സന്ദർശിച്ച മറ്റൊരു വ്യക്തി, തന്റെ യാത്രയിൽ താൻ കണ്ട ഏറ്റവും ശാന്തമായ സ്ഥലങ്ങളിലൊന്നാണിതെന്നും ഇത്തരം പെരുമാറ്റങ്ങൾ നിലവിലുള്ള തെറ്റായ ധാരണകളെ ദൃഢപ്പെടുത്താൻ മാത്രമേ സഹായിക്കൂ എന്നും അഭിപ്രായപ്പെട്ടു.
അതേസമയം, ഈ വിമർശനങ്ങളോട് എല്ലാവരും യോജിച്ചില്ല. ഒരു വിഭാഗം ആളുകൾ ഈ സംഘത്തെ ന്യായീകരിച്ച് രംഗത്തെത്തി. അതേഷ്ഗാഹ് എന്ന സ്ഥലത്തിന് ഹിന്ദു, സൊരാസ്ട്രിയൻ പാരമ്പര്യങ്ങളുമായി ചരിത്രപരമായ ബന്ധമുണ്ടെന്നും ആ പശ്ചാത്തലത്തിൽ മന്ത്രം ചൊല്ലിയതിൽ തെറ്റൊന്നുമില്ലെന്നുമാണ് ഇവരുടെ വാദം. ഇതോടെ, സംഭവം വിശ്വാസത്തിന്റെ പ്രകടനമാണെന്ന് കരുതുന്നവരും, എന്നാൽ യാത്രകളിൽ പ്രാദേശിക നിയമങ്ങളും പൊതുസ്ഥലങ്ങളിലെ മര്യാദകളും പാലിക്കണമെന്ന് നിർബന്ധം പിടിക്കുന്നവരുമായി സോഷ്യൽ മീഡിയ രണ്ട് ചേരിയിലായിരിക്കുകയാണ്. ഈ വൈറൽ വീഡിയോയെക്കുറിച്ച് മ്യൂസിയം അധികൃതരോ പ്രാദേശിക ഭരണകൂടമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.




