കാൻപുർ: സ്വന്തം കുടുംബാംഗങ്ങളുടെ ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ രഹസ്യമായി പകർത്തുകയും ഫോണിൽ അശ്ലീല വിഡിയോകൾ സൂക്ഷിക്കുകയും ചെയ്ത ഇരുപത്തഞ്ചുകാരൻ ഉത്തർപ്രദേശിലെ കാൻപുരിൽ അറസ്റ്റിലായി. കേസിനെക്കുറിച്ച് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ ഇയാൾ എട്ട് വയസ്സുള്ള ഒരു പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും തെളിഞ്ഞു. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ദൃശ്യങ്ങൾ ഉൾപ്പെടെ ഗൂഗിൾ ഡ്രൈവിൽ അപ്‌ലോഡ് ചെയ്തു സൂക്ഷിച്ചിരുന്ന യുവാവിന്റെ നിയമവിരുദ്ധമായ പ്രവൃത്തി പ്രമുഖ ടെക് കമ്പനിയായ ഗൂഗിൾ തന്നെയാണ് പൊലീസിനെ അറിയിച്ചത്.
നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ (എൻസിആർപി) വഴിയാണ് ഗൂഗിൾ ഈ യുവാവിന്റെ ലാപ്ടോപ്പ്, മൊബൈൽ വിവരങ്ങൾ പൊലീസിന് കൈമാറിയത്. പ്രതിയുടെ ജിമെയിൽ അക്കൗണ്ട് വിവരങ്ങൾ, ഫോണിന്റെ ഐഎംഇഐ നമ്പർ തുടങ്ങിയ നിർണായക രേഖകളും ഗൂഗിൾ അധികൃതർ പൊലീസിന് നൽകിയിരുന്നു. തുടര്‍ന്ന് ഗൂഗിൾ നൽകിയ ഐപി വിലാസം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ കണ്ടെത്തുകയും നിരീക്ഷണത്തിലാക്കുകയും ചെയ്തത്. ശേഷം യുവാവിനെ കസ്റ്റഡിയിലെടുത്ത് ഫോൺ വിശദമായി പരിശോധിച്ച ശേഷമാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സ്വന്തം കുടുംബത്തിലെ സ്ത്രീകൾ ശുചിമുറിയിൽ പോകുന്ന സമയത്ത് രഹസ്യ ക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത് ഗൂഗിൾ ഡ്രൈവിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു ഇയാളുടെ രീതി. ഇതിനിടയിലാണ് എട്ട് വയസ്സുള്ള പെൺകുട്ടിയെ ഇയാൾ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ വിവരവും പൊലീസ് കണ്ടെത്തുന്നത്. ചാമൻഗഞ്ച് പൊലീസാണ് പ്രതിയെ പിടികൂടിയത്. പ്രതി ഇങ്ങനെ രഹസ്യമായി പകർത്തുന്ന വിഡിയോകൾ പണം സമ്പാദിക്കാനായി ഏതെങ്കിലും അശ്ലീല സൈറ്റുകൾക്ക് വിറ്റിട്ടുണ്ടോ എന്ന കാര്യവും പൊലീസ് ഇപ്പോൾ പരിശോധിച്ചുവരികയാണ്.
അതേസമയം ഉപഭോക്താക്കൾ ഗൂഗിൾ ഡ്രൈവിൽ അപ്‌ലോഡ് ചെയ്യുന്ന വിവരങ്ങൾ ഗൂഗിൾ ജീവനക്കാർ പരിശോധിക്കുന്നുണ്ടോ എന്ന വലിയ ചർച്ചയ്ക്കും ഈ സംഭവം വഴിവെച്ചിട്ടുണ്ട്. എന്നാൽ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളുടെ ദൃശ്യങ്ങളും അശ്ലീല ഉള്ളടക്കങ്ങളും കണ്ടെത്താൻ എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സാങ്കേതിക വിദ്യയാണ് ഗൂഗിൾ പ്രധാനമായും ഉപയോഗിക്കുന്നത്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഇത്തരം മോശം വിഡിയോകൾ കണ്ടെത്തി പൂർണ്ണമായി നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ സുരക്ഷാ സംവിധാനം പ്രവർത്തിക്കുന്നത്.




