കൊച്ചിയിൽ മോഡലിങ്ങിന്റെ പേരിൽ നടന്ന മനുഷ്യക്കടത്ത് കേസിൽ അറസ്റ്റിലായ പ്രതി അലീന, പരാതിക്കാരിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ സന്ദേശം പുറത്തുവന്നു. തനിക്കെതിരെ പരാതി നൽകിയാൽ ഗുണ്ടാ നേതാവിനെ ഉപയോഗിച്ച് അപായപ്പെടുത്തുമെന്നാണ് ഭീഷണി. തന്നെ ചതിക്കാൻ ശ്രമിച്ചാൽ അതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്നും അലീന സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. പരാതിപ്പെട്ടതിന് ഗുണ്ടാ നേതാവിന്റെ പേരുപറഞ്ഞ് പണി തരുമെന്നാണ് ഭീഷണിപ്പെടുത്തിയത്. കൂടെനിന്ന് ചതിക്കുന്നത് ആലോചിച്ചിട്ടുവേണമെന്നും ഭീഷണിസന്ദേശത്തില്‍ പറയുന്നു.
അതേസമയം, കേസ് അന്വേഷണത്തിന്റെ ഭാഗമായി മുംബൈയിൽ നിന്ന് കസ്റ്റഡിയിലെടുത്ത പ്രധാന പ്രതി സിന്ധുവിനെ ഇന്ന് കൊച്ചിയിൽ എത്തിക്കും. കേസിൽ നേരത്തെ പിടിയിലായ മോഡൽ അലീന, പൊന്നാനി സ്വദേശിനി മഞ്ജിമ എന്നിവരെ കോടതി റിമാൻഡ് ചെയ്തു. വിദേശത്തേക്ക് കടന്ന മറ്റ് രണ്ട് പ്രതികളെ നാട്ടിലെത്തിക്കാനുള്ള നിയമനടപടികൾ പൊലീസ് തുടങ്ങി. കേസിന് പിന്നിലെ സെക്സ് റാക്കറ്റുകളെയും ഗുണ്ടാസംഘങ്ങളെയും കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ദുബായിൽ ഇവന്റ് മാനേജ്മെന്റ് സ്ഥാപനം നടത്തുന്ന പെരുമ്പാവൂർ കോട്ടപ്പടി സ്വദേശിനി സ്റ്റോയ്സി (സിന്ധു) ആണ് കേസിലെ ഒന്നാം പ്രതി. അലീന മൂന്നാം പ്രതിയും, മഞ്ജിമ നാലാം പ്രതിയുമാണ്. ഇവരെ കൂടാതെ മറ്റ് രണ്ട് മലയാളി സ്ത്രീകളും പ്രതിപ്പട്ടികയിലുണ്ട്. മോഡലിങ്, മേക്കപ്പ് ആർട്ടിസ്റ്റ് ജോലികൾ വാഗ്ദാനം ചെയ്ത് പെൺകുട്ടികളെ വിദേശത്ത് എത്തിച്ച ശേഷം ലഹരിമരുന്ന് നൽകി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു ഇവരുടെ രീതി.
ദുബായിൽ എത്തിയ ഉടൻ തന്നെ തങ്ങളെ ഒരു ഫ്ലാറ്റിലേക്ക് കൊണ്ടുപോവുകയും, ലഹരിമരുന്ന് നൽകി അബോധാവസ്ഥയിലാക്കി കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു എന്ന് ഒരു പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ നാട്ടിലെ വീട്ടുകാർക്ക് അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതിനാൽ ഒരു മാസത്തോളം അവിടെ തടങ്കലിലായി. പിന്നീട് ഒരു ബന്ധുവിന്റെ സഹായത്തോടെയാണ് രക്ഷപ്പെട്ട് മരട് പൊലീസിൽ പരാതി നൽകിയത്.
വളരെ ഗൗരവമുള്ള കേസാണിതെന്ന് സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ അറിയിച്ചു. ഡിസിപി അശ്വതി ജിജിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്. എറണാകുളം എസിപി കെ.ജി. സുരേഷ്, മരട് എസ്എച്ച്ഒ അബ്ദുൾ മനാഫ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതിനിടെ, സമാനമായ രീതിയിൽ ചതിക്കപ്പെട്ട മറ്റൊരു യുവതിയും പ്രതികൾക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.




