Health

ഇറുകിയ ബ്രാകൾ കാൻസറിന് കാരണമാകുമോ? പൂർണ്ണമായും അപകടരഹിതമാണോ?

വല്ലാത്ത മുറുക്കമുള്ള ബ്രായാണോ നിങ്ങൾ ധരിക്കുന്നത്? പകലും രാത്രിയും ഇത് ധരിക്കാറുണ്ടോ? ഇൻസ്റ്റാഗ്രാമിലൂടെ വെറുതെ സ്ക്രോൾ ചെയ്യുമ്പോൾ ‘നിങ്ങൾ ഇങ്ങനെ ബ്രാ ധരിച്ചാൽ കാൻസർ വരുമെന്ന്’ പോസ്റ്റുകള്‍ കാണാറുമണ്ടാ?

ബ്രാ, പ്രത്യേകിച്ചും അണ്ടർവയർ ബ്രാ (അണ്ടർവയർ ബ്രായില്‍ കപ്പുകളുടെ അടിഭാഗത്ത് തുണിയിൽ തുന്നിച്ചേർത്ത നേർത്ത, മെറ്റല്‍ വയറുകള്‍ ഉൾപ്പെടുന്നു. ഈ വയർ സ്തനങ്ങൾക്ക് മികച്ച സപ്പോര്‍ട്ടും ആകൃതിയും നൽകുന്നു.) സ്തനാർബുദത്തിന് കാരണമാകുമെന്ന ആശയം 1990-കൾ മുതൽ പ്രചരിക്കുന്ന ഒരു കഥയാണ്. ഇത് കേൾക്കുമ്പോൾ ഭയം തോന്നുമെങ്കിലും, ഇത് സത്യമല്ലെന്ന് ഡോക്ടർമാരും ഗവേഷകരും പറയുന്നു.

എങ്കിലും, നിങ്ങളുടെ ബ്രാ ശരീരത്തില്‍ ചുവന്ന പാടുകൾ ഉണ്ടാക്കുകയോ തോളുകളിൽ തഴമ്പ് വീഴ്ത്തുകയോ ചെയ്യുന്നുണ്ടെങ്കിൽ, അത് നിങ്ങളുടെ ശരീരം നിങ്ങളോട് എന്തെങ്കിലും പറയാൻ ശ്രമിക്കുന്നതിന്റെ സൂചനയാണ് – പക്ഷെ അത് കാൻസറിനെക്കുറിച്ചല്ല. തെറ്റായ വലുപ്പത്തിലുള്ള ബ്രാ ധരിക്കുന്നത് പുറംവേദന, രക്തയോട്ടത്തിലെ പ്രശ്നങ്ങൾ തുടങ്ങിയ പല ബുദ്ധിമുട്ടുകൾക്കും കാരണമാകും. എന്നാൽ കാന്‍സര്‍ രോഗത്തിന് ഇത് കാരണമാകില്ല.

ഈ കെട്ടുകഥയുടെ ഉത്ഭവം എവിടെ നിന്നാണ്?

ബ്രാ-കാൻസർ കെട്ടുകഥയുടെ വേരുകൾ 1995-ൽ സിഡ്നി റോസ് സിംഗർ, സോമ ഗ്രിസ്മൈജർ എന്നിവർ എഴുതിയ ‘ഡ്രെസ്ഡ് ടു കിൽ’ എന്ന പുസ്തകത്തിലാണ്. ബ്രാ, പ്രത്യേകിച്ച് അണ്ടർവയർ ബ്രാ, ലിംഫാറ്റിക് ഫ്ലോയെ തടസ്സപ്പെടുത്തുമെന്നും അതുവഴി “വിഷവസ്തുക്കൾ” സ്തനകലകളിൽ കുടുങ്ങി കാൻസറിന് കാരണമാകുമെന്നും അവര്‍ എഴുതി.

ഇതൊരു ശാസ്ത്രീയ പഠനമായിരുന്നില്ല, വെറും ഒരു അനുമാനം മാത്രമായിരുന്നു. എന്നാൽ വൈദ്യശാസ്ത്രപരമായ ഒരു അടിത്തറയുമില്ലായിരുന്നിട്ടും ഈ സിദ്ധാന്തം കാട്ടുതീ പോലെ പടർന്നു. കാലക്രമേണ, ശാസ്ത്രീയമായ പിൻബലമില്ലാത്ത വെറും കഥകൾ മാത്രം വെച്ച് സോഷ്യൽ മീഡിയ ഈ ആശയം പൊതുബോധത്തിൽ ആഴത്തിൽ പ്രചരിപ്പിച്ചു.

യഥാർത്ഥത്തിൽ പഠനങ്ങൾ എന്താണ് പറയുന്നത്?

2014-ൽ സിയാറ്റിലിലെ ഫ്രെഡ് ഹച്ചിൻസൺ കാൻസർ റിസർച്ച് സെന്റർ ഈ വിഷയത്തെക്കുറിച്ച് ഒരു വലിയ പഠനം നടത്തി. ‘കാൻസർ എപ്പിഡെമിയോളജി, ബയോമാർക്കേഴ്സ് & പ്രിവൻഷൻ’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനത്തിൽ സ്തനാർബുദമുള്ളവരും ഇല്ലാത്തവരുമായ 1,500-ൽ അധികം സ്ത്രീകളെ ഉൾപ്പെടുത്തി.

ഫലങ്ങൾ?

ബ്രായുടെ തരം, എത്ര നേരം ധരിക്കുന്നു, എത്രത്തോളം മുറുകിയിരിക്കുന്നു എന്നിവയൊന്നും സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്നില്ലെന്ന് പഠനത്തിൽ കണ്ടെത്തി. പഠനത്തിന്റെ പ്രധാന രചയിതാവായ ഡോ. ലു ചെൻ ഇങ്ങനെയൊരു നിഗമനത്തിലെത്തി: “ബ്രായുടെ ഉപയോഗം, ആർത്തവവിരാമം വന്ന സ്ത്രീകളിൽ സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്നു എന്നതിന് ഞങ്ങളുടെ പഠനത്തിൽ ഒരു തെളിവും കണ്ടെത്തിയില്ല.”

ഇത് മറ്റ് ആഗോളതലത്തിൽ വിശ്വസനീയമായ സ്ഥാപനങ്ങളുടെ നിലപാടുകളുമായും യോജിക്കുന്നു: ഏതെങ്കിലും തരത്തിലുള്ള ബ്രാ ധരിക്കുന്നത് സ്തനാർബുദത്തിന് കാരണമാകുമെന്ന് കാണിക്കുന്ന ശാസ്ത്രീയമായി സാധുവായ ഒരു പഠനവുമില്ലെന്ന് അമേരിക്കൻ കാൻസർ സൊസൈറ്റിയും നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്, കാൻസർ കൗൺസിൽ ഓഫ് ഓസ്ട്രേലിയയും ഇതിന് കാന്‍സറുമായി യാതൊരു ബന്ധവുമില്ലെന്ന് പറയുന്നു.

ഡോക്ടർമാരുടെ അഭിപ്രായം

എംഡി ആൻഡേഴ്സൺ കാൻസർ സെന്ററിലെ മെഡിക്കൽ ഡയറക്ടറായ ഡോ. തെരേസ് ബെവേഴ്സ് പറയുന്നത് ഇങ്ങനെയാണ്: “അണ്ടർവയർ ബ്രാ സ്തനാർബുദത്തിന് കാരണമാകുമെന്നതിന് ഞങ്ങൾക്ക് ഒരു തെളിവുമില്ല. ഒരു കമ്പി ശരീരത്തിൽ കുത്തുന്നതുകൊണ്ടല്ല കാൻസർ ഉണ്ടാകുന്നത്.”
മെമ്മോറിയൽകെയർ ബ്രെസ്റ്റ് സെന്ററിലെ സ്തനാർബുദ സ്പെഷ്യലിസ്റ്റ് ഡോ. ഹോമയൂൺ സനാതിയും ഈ കെട്ടുകഥയെ വിശ്വസിക്കുന്നില്ല: “ഞങ്ങൾ രോഗനിർണയം നടത്തുന്ന ഭൂരിഭാഗം സ്തനാർബുദങ്ങളും സ്തനത്തിന്റെ മുകളിലെ പുറംഭാഗത്താണ് കാണാറുള്ളത്.

ഈ കെട്ടുകഥ എന്ത്കൊണ്ട് നിലനിൽക്കുന്നു?

ശരിയായി യോജിക്കാത്ത ബ്രാ ധരിക്കുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥതകളുമായി ഇതിന് ബന്ധമുണ്ടെന്ന് ചിലർ വിശ്വസിക്കുന്നു. എന്തെങ്കിലും വേദനയോ അസ്വാഭാവികതയോ അനുഭവപ്പെടുമ്പോൾ, അത് ദോഷകരമാണെന്ന് കരുതാൻ എളുപ്പമാണ്. കൂടാതെ, വൈദ്യശാസ്ത്ര സ്ഥാപനങ്ങളോടുള്ള അവിശ്വാസമോ കാൻസറിനോടുള്ള ഭയമോ കൂടിച്ചേരുമ്പോൾ, ഈ കിംവദന്തികൾക്ക് വേഗം പ്രചരിക്കാൻ കഴിയും. പ്രത്യേകിച്ചും, തെറ്റിദ്ധാരണകൾ ശാസ്ത്രീയമായ കാര്യങ്ങളേക്കാൾ വേഗത്തിൽ ഓൺലൈനിൽ പടരും.

തെറ്റായ ബ്രാ ധരിച്ചാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ

“മുറുക്കമുള്ളതോ യോജിക്കാത്തതോ ആയ ബ്രാ ധരിക്കുന്നത് നിങ്ങൾക്ക് കാൻസർ നൽകില്ല, പക്ഷേ കഴുത്തിലും പുറത്തും വിട്ടുമാറാത്ത വേദനയുണ്ടാക്കും,” ബ്ലൂം വിമൻസ് ക്ലിനിക്കിലെ സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ. പ്രിയ അഹൂജ പറയുന്നു. “ശരിയായ പിന്തുണ നൽകാത്ത ബ്രാ കാരണം തോളിൽ ആഴത്തിലുള്ള പാടുകളും ശരീരഘടന പ്രശ്നങ്ങളുമുള്ള സ്ത്രീകളെ ഞാൻ കാണാറുണ്ട്.”

ശരീരത്തിന് നന്നായി യോജിക്കുന്ന ബ്രാ, രോഗങ്ങളെ തടയുന്നതിനോ അപകടസാധ്യത കുറയ്ക്കുന്നതിനോ വേണ്ടിയുള്ളതല്ല, മറിച്ച് സൗകര്യത്തിനും താങ്ങു നൽകുന്നതിനും വേണ്ടിയുള്ളതാണ്.

നിങ്ങളുടെ അടിവസ്ത്രങ്ങളെയല്ല, മറിച്ച് വിദഗ്ധർ ശുപാർശ ചെയ്യുന്ന ഈ യഥാർത്ഥ അപകടസാധ്യതകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്: സ്തനാർബുദത്തിന്റെ യഥാർത്ഥ അപകടസാധ്യതകൾ

പ്രായവും കുടുംബപരമായ ചരിത്രവും

BRCA1/BRCA2 ജീൻ മ്യൂട്ടേഷനുകൾ

നേരത്തെയുള്ള ആർത്തവം അല്ലെങ്കിൽ വൈകിയുള്ള ആർത്തവവിരാമം

അമിതവണ്ണവും വ്യായാമമില്ലാത്ത ജീവിതശൈലിയും

മദ്യപാനം

ഹോർമോൺ തെറാപ്പി

കാൻസറിനേക്കാൾ പ്രധാനം ആശ്വാസമാണ്

അണ്ടർവയർ ബ്രാ ആണെങ്കിലും അല്ലെങ്കിലും ബ്രാ ഒരു ശത്രുവല്ല. നിങ്ങൾക്ക് അനുയോജ്യമായതും സുഖപ്രദവുമായ ഒരു ബ്രായാണ് നിങ്ങൾ ധരിക്കുന്നതെങ്കിൽ അത് തുടരുക. അത് ശരീരത്തിൽ കൊള്ളുകയോ അസ്വസ്ഥത ഉണ്ടാക്കുകയോ അല്ലെങ്കിൽ വല്ലാതെ മുറുകിയിരിക്കുകയോ ആണെങ്കിൽ, പുതിയൊരെണ്ണം വാങ്ങുന്നതിനായി അളവെടുത്ത് മാറേണ്ട സമയമായി. ഇത് കാൻസർ ഭയം കൊണ്ടല്ല, മറിച്ച് നിങ്ങൾക്ക് മികച്ച പിന്തുണ ലഭിക്കാൻ വേണ്ടിയാണ്.

എല്ലാ ആരോഗ്യപരമായ ആശങ്കകളെയും പോലെ, ശാസ്ത്രത്തെയും വിശ്വസനീയമായ ഡോക്ടർമാരെയും ആശ്രയിക്കുകയാണ് ഏറ്റവും നല്ലത് – അല്ലാതെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലെ കിംവദന്തികളെയോ പതിറ്റാണ്ടുകൾ പഴക്കമുള്ള ഗൂഢാലോചന സിദ്ധാന്തങ്ങളെയോ അല്ല.