ഹൈദരാബാദിൽ പകൽസമയത്ത് കുഞ്ഞുമായി റോഡിലൂടെ നടന്നുപോയ യുവതിക്കുനേരെ ലൈംഗികാതിക്രമം ഉണ്ടായി. മെയ് 14-ന് ഉച്ചയ്ക്ക് അൽകാപൂർ ടൗൺഷിപ്പിലെ പ്രണതി ഈഷ അപ്പാർട്ട്മെന്റിന് അടുത്താണ് ഈ സംഭവം നടന്നത്. സ്കൂളിൽ നിന്നും കുട്ടിയോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയുടെ പിന്നാലെ വന്ന ഒരു കൗമാരക്കാരൻ, അവരുടെ വസ്ത്രം പെട്ടെന്ന് ഉയർത്തിനോക്കിയ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. ഈ ദളിത് ദൃശ്യങ്ങൾ അടുത്തുള്ള സിസിടിവി ക്യാമറയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
പൊലീസ് നൽകുന്ന വിവരമനുസരിച്ച്, ഒരു കൈയിൽ കുഞ്ഞിനെ പിടിച്ചും മറുകൈയിൽ കുട ചൂടിയുമാണ് യുവതി റോഡിലൂടെ നടന്നിരുന്നത്. ഈ സമയത്താണ് പിന്നാലെയെത്തിയ ആൺകുട്ടി യുവതിയോട് ഈ ക്രൂരത കാട്ടിയത്. പെട്ടെന്നുണ്ടായ പരിഭ്രാന്തിയിൽ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകാതെ യുവതി തിരിഞ്ഞുനോക്കുമ്പോഴേക്കും അവൻ ഓടിമറഞ്ഞിരുന്നു. കുറച്ചുസമയം ആകെ പകച്ചുനിന്ന യുവതി, പിന്നീട് അവൻ ഓടിയ വഴിയിലേക്ക് നോക്കി നടന്നുപോകുന്നതും ദൃശ്യങ്ങളിൽ കാണാം.
ഈ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള ജനരോഷമാണ് ഉയരുന്നത്. ജനങ്ങൾ താമസിക്കുന്ന പ്രധാന മേഖലകളിൽ പോലും സ്ത്രീകൾക്ക് സുരക്ഷിതത്വമില്ലെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു. സംഭവം വലിയ ചർച്ചയായതോടെ നർസിംഗി പൊലീസ് കേസ് എടുക്കുകയും പ്രതിയെ പിടികൂടാനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.
പ്രതിയെ കണ്ടെത്താനായി പ്രദേശത്തെ അറുപതിലധികം സിസിടിവി ദൃശ്യങ്ങൾ പൊലീസ് ഇതിനോടകം പരിശോധിച്ചു കഴിഞ്ഞു. അതേസമയം, അപമാനിക്കപ്പെട്ട യുവതി ഇതുവരെ പൊലീസിൽ പരാതിയൊന്നും നൽകിയിട്ടില്ലെന്നാണ് അറിയുന്നത്. എങ്കിലും സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണവുമായി മുന്നോട്ട് പോകുകയാണ്.




