കൊല്ലം: നഗരമധ്യത്തിൽ വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പ്രതി കന്യാകുമാരി തക്കല സ്വദേശി ബിജു (22) ഒരു സൈക്കോ സീരിയൽ കില്ലറാണെന്ന് പോലീസ് വ്യക്തമാക്കി. സ്ഥിരമായി ഒരിടത്തും തങ്ങാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഇയാൾ കാണുന്നവരോടൊക്കെ പണം ചോദിക്കാറാണ് പതിവ്. പണം നൽകാത്തവരെ അതിക്രൂരമായി ആക്രമിച്ച് മുഖത്തിടിച്ചു നിലത്തിട്ട ശേഷം വലിച്ചിഴച്ചുകൊണ്ടുപോകും.
തുടർന്ന് കൈയിലുള്ള തുണി കഴുത്തിൽ കുരുക്കി വലിച്ചിഴച്ച് അടുത്തുള്ള ഏതെങ്കിലും മരക്കുറ്റിയിലോ മറ്റോ കെട്ടിയിടുകയാണ് രീതി. അതിനുശേഷം മരണം ഉറപ്പാക്കാനായി മുഖത്ത് വീണ്ടും ആഞ്ഞിടിക്കുകയും ഇരയുടെ ശരീരത്തിൽ നിന്ന് രക്തം വരുന്നത് കണ്ട് സന്തോഷിക്കുകയും ചെയ്യുന്ന വിചിത്ര സ്വഭാവക്കാരനാണ് ഇയാൾ.
നഗരത്തിലെ ഒരു കാർ സർവീസ് സെന്ററിന് സമീപം കഴിഞ്ഞയാഴ്ച രാജേന്ദ്രൻ എന്ന വയോധികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് ബിജു പോലീസിന്റെ പിടിയിലാകുന്നത്. കടുത്ത ലഹരിക്ക് അടിമയായ ഇയാൾ ഓരോ ദിവസവും ഓരോ സ്ഥലങ്ങളിലാണ് കഴിയുന്നത്. ആളുകളിൽ നിന്ന് മോഷ്ടിക്കുന്ന പണമുപയോഗിച്ച് നന്നായി ആഹാരം കഴിക്കുന്നതിനാൽ ഇയാൾക്ക് നല്ല ശാരീരിക ആരോഗ്യമുണ്ട്.
അടുത്തിടെ തമിഴ്‌നാട്ടിലെ തക്കലയിൽ വെച്ച് മറ്റൊരു വയോധികനെ മുഖത്തിടിച്ച ശേഷം വയറ്റിൽ കുത്തിക്കൊന്നതും ഇയാളാണെന്ന് തെളിഞ്ഞിട്ടുണ്ട്. കടത്തിണ്ണയിലിരുന്ന് ഇയാൾ കഞ്ചാവ് വലിച്ചപ്പോൾ സമീപമിരുന്ന വയോധികൻ പുകശല്യത്തെ ചോദ്യം ചെയ്തതായിരുന്നു കൊലപാതകത്തിന് കാരണം. തക്കലയിലടക്കം നിരവധി കൊലക്കേസുകളിൽ പ്രതിയായ ഇയാൾ പരോളിലിറങ്ങിയാലും വീണ്ടും കൊലപാതകങ്ങൾ തുടരുന്ന രീതിക്കാരനാണ്.
മൊബൈൽ ഫോൺ അപൂർവമായി മാത്രം ഉപയോഗിക്കുന്നതും ആവശ്യം കഴിഞ്ഞാലുടൻ ഓഫാക്കുന്നതും പ്രതിയെ പിടികൂടാൻ പോലീസിന് വലിയ വെല്ലുവിളിയായിരുന്നു. കുറ്റകൃത്യങ്ങൾ നടത്തി കിട്ടുന്ന പണവുമായി ഇയാൾ ഉടൻ തന്നെ പുതിയ സ്ഥലങ്ങളിലേക്ക് കടക്കും. ഒടുവിൽ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ വേഗത്തിൽ കണ്ടെത്താൻ പോലീസിനെ സഹായിച്ചത്.
കൊല്ലത്ത് വയോധികന്റെ മൃതദേഹം കണ്ടെത്തിയപ്പോൾ തന്നെ ഇത് നല്ല ആരോഗ്യവാനായ ഒരാൾ ചെയ്തതാണെന്ന് പോലീസ് ഉറപ്പിച്ചിരുന്നു. പിടിയിലായ ബിജുവിന്റെ മുൻകാല കൊലപാതക രീതികളുമായി ഇതിന് വലിയ സാമ്യമുണ്ടായിരുന്നു. തോർത്ത് കഴുത്തിൽ ചുറ്റി മൃതദേഹം സമീപത്തെ കടയുടെ ഷട്ടറിന്റെ കൊളുത്തിൽ കെട്ടിയിട്ട നിലയിലായിരുന്നു കണ്ടെത്തിയത്. സ്പെഷൽ ബ്രാഞ്ച് എസിപി ജോസ് ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്.




