റിയോ ഡി ജനൈറോ: 2026-ലെ ലോകകപ്പിന് മുന്നോടിയായി ബ്രസീലിയൻ ഇൻഫ്ളുവൻസറായ കെരോളായ് ചാവേസ് നടത്തിയ പുതിയ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടുകയാണ്. ഇൻസ്റ്റഗ്രാമിൽ അഞ്ച് മില്യണിലധികം ഫോളോവേഴ്‌സുള്ള താരം, ആയിരത്തിലധികം ഫുട്ബോൾ കളിക്കാരുടെ സ്റ്റിക്കറുകൾ തന്റെ ശരീരത്തിൽ ഒട്ടിച്ചുകൊണ്ടാണ് ഇത്തവണ ആരാധകർക്ക് മുന്നിലെത്തിയത്. kerolay_chaves എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ചിത്രങ്ങള്‍ പങ്കുവച്ചിട്ടുള്ളത്.
ക്രിസ്റ്റ്യാനോ റൊണാൾഡോ, മാർക്കസ് റാഷ്‌ഫോർഡ്, എൻസോ ഫെർണാണ്ടസ് തുടങ്ങിയ ലോകപ്രശസ്ത താരങ്ങളുടെ ചിത്രങ്ങളാണ് കെരോളായ് തന്റെ ശരീരത്തിൽ മനോഹരമായി ക്രമീകരിച്ചിരുന്നത്. ഫുട്ബോളിനോടുള്ള തന്റെ കടുത്ത ആരാധനയും ഫാഷനിലെ വ്യത്യസ്തമായ പരീക്ഷണങ്ങളുമാണ് ഇത്തരമൊരു ചിന്തയ്ക്ക് പിന്നിലെന്ന് താരം പറയുകയുണ്ടായി. കെരോളായുടെ ഈ വേറിട്ട ആശയത്തെ അനുകൂലിച്ച് നിരവധി ആരാധകർ എത്തിയപ്പോൾ, സ്റ്റിക്കർ ശേഖരണത്തെ താരം പുതിയൊരു തലത്തിലേക്ക് എത്തിച്ചു എന്നാണ് മറ്റു ചിലർ തമാശയായി പ്രതികരിച്ചത്.
1970-കൾ മുതൽ ലോകകപ്പ് ഫുട്ബോളിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായ ‘പാനിനി സ്റ്റിക്കർ ആൽബം’ ശേഖരിക്കുന്ന രീതിയെയാണ് കെരോളായ് ഇവിടെ ഓർമ്മിപ്പിച്ചത്. പതിറ്റാണ്ടുകളായി ഫുട്ബോൾ പ്രേമികൾ ഇത്തരം സ്റ്റിക്കറുകൾ വാങ്ങി സൂക്ഷിക്കുകയും പരസ്പരം കൈമാറുകയും ചെയ്യാറുണ്ട്. തന്നെത്തന്നെ ഒരു ‘ജീവിക്കുന്ന പാനിനി ആൽബം’ ആയി മാറ്റിക്കൊണ്ട്, ആ പഴയകാല ഫുട്ബോൾ ഓർമ്മകളെ ഒരു ആധുനിക ഫാഷൻ രീതിയിലൂടെ പുതുതലമുറയ്ക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് താരം ചെയ്തത്.




