Crime

കാമുകനിൽ നിന്ന് അകറ്റിയ പക: 37-കാരി ഭർത്താവിന് ഉറക്കഗുളിക നൽകി സാരി ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊന്നു!

യുപിയിലെ പിലിഭിത്തിൽ കാമുകനിൽ നിന്ന് അകറ്റിയ ദേഷ്യം തീർക്കാൻ ഭാര്യ ഭർത്താവിനെ ശ്വാസം‌മുട്ടിച്ച് കൊലപ്പെടുത്തി. അയൽവാസിയായ കാമുകനിൽ നിന്ന് വേർപെടുത്തിയതാണ് കൊലപാതകത്തിനു കാരണമായതെന്ന് പോലീസ് സംശയിക്കുന്നു. ഉറക്കഗുളിക കലർത്തിയ ശീതളപാനീയം നൽകി ഭർത്താവിനെയും കുടുംബാംഗങ്ങളെയും മയക്കിക്കിടത്തിയ ശേഷം ഭർത്താവിനെ സാരി ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ 37കാരിയായ മംമ്ത എന്ന സ്ത്രീ അറസ്റ്റിലായതായി പോലീസ് ശനിയാഴ്ച അറിയിച്ചു.

ചോദ്യം ചെയ്യലിൽ പ്രതിയായ മംമ്ത കുറ്റം സമ്മതിച്ചതായി പോലീസ് വ്യക്തമാക്കുകയുണ്ടായി. ഉമാശങ്കർ (42) എന്നയാളാണ് കൊല്ലപ്പെട്ടത്. 20 വർഷം മുൻപ് വിവാഹിതരായ ഇവർക്ക് 18 വയസ്സുള്ള മകനും 12 വയസ്സുള്ള മകളുമുണ്ട്. ഭർത്താവിനെ വധിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ച മംമ്തയെ പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ, വീടിന് 300 മീറ്റർ അകലെയുള്ള വയലിൽ ഒളിച്ചിരിക്കെ പിടികൂടുകയായിരുന്നു.

വെള്ളിയാഴ്ച രാത്രിയിലാണ് ക്രൂരമായ സംഭവം പുറത്തറിയുന്നത്. ശബ്ദം കേട്ടുണർന്ന ദമ്പതികളുടെ മകൾ സഹോദരനെ വിളിച്ചുണർത്തുകയും, തുടർന്ന് കഴുത്തിൽ സാരി കുരുങ്ങിയ നിലയിൽ കിടക്കുന്ന പിതാവിനെ കുട്ടികൾ കണ്ടെത്തുകയുമായിരുന്നു. അമ്മയാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിച്ച ഇവർ ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

വെള്ളിയാഴ്ച വൈകിട്ട് മംമ്ത ശീതളപാനീയത്തിൽ ഉറക്കഗുളിക കലർത്തി നൽകിയതായി മകൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. കുട്ടികൾ താഴത്തെ നിലയിൽ ഉറങ്ങിയ സമയം മംമ്ത ഉമാശങ്കറുമായി മുകളിലെ നിലയിലേക്ക് പോവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

2024 ഫെബ്രുവരിയിൽ ഉമാശങ്കർ ജോലിക്കായി ഗുജറാത്തിലേക്ക് പോയ സമയത്ത് മംമ്ത അയൽവാസിയായ നകുൽ ഭാവേഷുമായി (38) പ്രണയത്തിലാവുകയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തതായി അന്വേഷണത്തിൽ വ്യക്തമായി. ഇതുമൂലം ഇരുവരും തമ്മിൽ നിരന്തരം വഴക്കുകൾ ഉണ്ടാകാറുണ്ടായിരുന്നുവെന്ന് കുടുംബാംഗങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *