Crime Featured

നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വെറുതെവിട്ടു, പള്‍സര്‍ സുനി മുതല്‍ 6 ​‍വരെയുള്ള പ്രതികള്‍ എല്ലാ വകുപ്പുകളിലും കുറ്റക്കാര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വെറുതെ വിട്ടു. ഒന്നാംപ്രതി പള്‍സര്‍ സുനിയടക്കം ആദ്യ ആറു പ്രതികള്‍ എല്ലാ വകുപ്പുകളിലും കുറ്റക്കാര്‍. സുനില്‍ എന്‍ എസ്/ പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി പി വിജീഷ്, സലിം എച്ച്/ വടിവാള്‍ സലിം, പ്രദീപ് എന്നിവരാണ് ആദ്യത്തെ ആറു പ്രതികള്‍. സംഭവം നടന്ന് എട്ട് വർഷത്തിന് ശേഷമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസാണ് വിധി പറഞ്ഞത്. ശിക്ഷാവിധി 12 ന് പറയും .

പത്തു പ്രതികളുള്ള കേസില്‍ എട്ട് വര്‍ഷത്തിന് ശേഷമാണ് വിചാരണ കോടതി കേസില്‍ വിധി പറയുന്നത്. ചാര്‍ലി തോമസ്, പി ഗോപാലകൃഷ്ണന്‍/ സനില്‍ കുമാര്‍/ മേസ്തിരി സനില്‍, ശരത് ജി നായര്‍ എന്നിവരാണ് പ്രതികള്‍.

രാവിലെ 11 മണിക്കാണ് കോടതിനടപടികള്‍ തുടങ്ങിയത്. കോടതി പരിസരത്ത് കടുത്ത പോലീസ് സുരക്ഷയായിരുന്നു. മൂന്ന് വര്‍ഷത്തിലധികം ശിക്ഷ കിട്ടിയാല്‍ അപ്പോള്‍ തന്നെ ജയിലിലേക്ക് കൊണ്ടുപോകും. നടിയെ ബലാത്സംഗം ചെയ്തു ദൃശ്യങ്ങള്‍ പകര്‍ത്തിയ പള്‍സര്‍സുനിയാണ് ഒന്നാംപ്രതി. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആറു പ്രതികളടക്കം പത്തു പേരാണ് വിചാരണ നേരിട്ടത്. ആക്രമിക്കപ്പെട്ട നടിയോടുള്ള വ്യക്തി വിരോധത്തെ തുടര്‍ന്ന് ബലാത്സംഗത്തിന് ക്വട്ടേഷന്‍ കൊടുത്തു എന്നാണ് ദിലീപിന് എതിരായ കേസ്.

കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു.

നടന്‍ ദിലീപ് ഉള്‍പ്പെടെ പത്ത് പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരുന്നത്. വിധി പ്രസ്താവിക്കുന്ന ഇന്ന് എല്ലാ പ്രതികളോടും കോടതിയില്‍ ഹാജരാകണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. 2017 ഫെബ്രുവരി 17നാണ് അങ്കമാലി അത്താണിക്ക് സമീപം വെച്ചാണ് അതിജീവിത സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് നിര്‍ത്തി ഒരുസംഘം അതിക്രമിച്ച് കയറിയത്. പിന്നീട് ഇവര്‍ അതിജീവിതയെ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും അപകീര്‍ത്തികരമായ വീഡിയോയും ചിത്രങ്ങളും പകര്‍ത്തുകയും ചെയ്തു.

സംഭവത്തിന് ശേഷം അതിജീവിത സംവിധായകനും നടനുമായ ലാലിന്റെ വസതിയിലാണ് അഭയം തേടിയത്. വിവരം അറിഞ്ഞ് സ്ഥലം എംഎൽഎ ആയിരുന്ന പി ടി തോമസ് ലാലിന്റെ വസതിയിലെത്തി അതിജീവിതയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. പിന്നാലെ അതിജീവിത പൊലീസിൽ പരാതി നൽകുകയായിരുന്നു. 2017 ഫെബ്രുവരി 18ന് അതിജീവിത സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറായ കൊരട്ടി പൂവത്തുശേരി മാർട്ടിൻ ആന്റണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാർട്ടിൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിനിമാ രം​ഗത്ത് പ്രവർത്തിക്കുന്ന പൾസർ സുനി എന്ന സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അതിജീവിതയെ ആക്രമിച്ചതെന്ന് വ്യക്തമായത്. ഇതിന് പിന്നാലെ പ്രതികൾ സഞ്ചരിച്ച രണ്ട് വാഹനങ്ങളും പൊലീസ് കണ്ടെത്തി.

ഇതിന് പിന്നാലെയാണ് കേസിൽ നടൻ ദിലീപിന്റെ പങ്കാളിത്തം വ്യക്തമാകുന്ന സംഭവവികാസങ്ങൾക്ക് തുടക്കമാകുന്നത്. വിഷ്ണു എന്നയാൾ ഫോണിൽ വിളിച്ചു സംഭവത്തിൽ ബന്ധപ്പെടുത്താതിരിക്കാൻ ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടെന്ന് ദിലീപ് ഡിജിപിക്ക് പരാതി നൽകി. 2017 ജൂൺ 23ന് കേസിൽ ദിലീപിന്റെ പങ്ക് വെളിപ്പെടുത്തി പൾസർ സുനി എഴുതിയ കത്ത്പുറത്തു വന്നു. ഇത് കേസിലെ നിർണ്ണായക വഴിത്തിരിവായി.

തന്നെ അറിയില്ലെന്ന എട്ടാം പ്രതി നടൻ ദിലീപിന്‍റെ വാദം പൾസർ സുനി ഏറ്റവും ഒടുവിൽ കോടതിയിൽ തള്ളിയതും ശ്രദ്ധേയമായി. വിചാരണക്കിടെയാണ് തങ്ങളിരുവ‍ർക്കും പരസ്പരം അറിയാമെന്ന് പൾസ‍ർ അറിയിച്ചത്. നടിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്താൻ പൾസർ സുനിയും സംഘവും മുമ്പും ശ്രമിച്ചിരുന്നതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. 2017 ജനുവരി 03 ന് ഗോവയിൽ വെച്ച് കൃത്യം നടത്താനായിരുന്നു ആലോചന. എന്നാൽ ഷൂട്ടിങ് നേരത്തെ പൂ‍ർത്തിയാക്കി നടി മടങ്ങിയതിനാൽ കൃത്യം നടന്നില്ലെന്നാണ് പ്രോസിക്യൂഷൻ വ്യക്തമാക്കിയത്.

ഇതിനിടയിലാണ് 2021 ഡിസംബർ 25-ന് സംവിധായകൻ ബാലചന്ദ്രകുമാർ നടിയെ ആക്രമിച്ച കേസിൽ നിർണ്ണായക വെളിപ്പെടുത്തൽ നടത്തുന്നത്. നടൻ ദിലീപിന്റെ ആലുവയിലെ വീടായ ‘പത്മസരോവര’ത്തിൽവെച്ച് അന്വേഷണ‌ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നതിന്‌ ഗൂഢാലോചന നടന്നതായി ബാലചന്ദ്രകുമാർ വെളിപ്പെടുത്തി. പൾസർ‌ സുനി ദിലീപിന്റെ വീട്ടിലെത്തിയെന്നും പണവുമായി മടങ്ങിയെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തി. നടിയെ അക്രമിച്ച് പകർത്തിയ പീഡനദൃശ്യങ്ങൾ ദിലീപിന്റെ കൈവശം ഉണ്ടെന്ന് തെളിയിക്കുന്ന ശബ്ദരേഖയും ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് നൽകി.

തന്നെ കേസില്‍ പെടുത്തിയതാണെന്നും പ്രോസിക്യൂഷന്‍ കെട്ടിച്ചമച്ച തെളിവുകളാണ് കോടതിയില്‍ ഉന്നയിച്ചതെന്നുമാണ് ദിലീപിന്റെ വാദം. അതിനിടയില്‍ നടി ആക്രമിക്കപ്പെട്ട് അഞ്ചാം ദിവസം ദിലീപ് മുഖ്യമന്ത്രി പിണറായി വിജയന് മെസേജ് അയച്ചെന്ന വിവരം പുറത്തുവന്നു. തെറ്റു ചെയ്യാത്ത താന്‍ കടുത്ത മാനസീക സമ്മര്‍ദ്ദത്തിലാണ്. എന്നായിരുന്നു മെസേജ്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ദിലീപ് മെസേജ് അയച്ചിരുന്നു. അന്വേഷണം തന്നിലേക്ക് എത്തുമെന്ന് ഭയന്നാണ് ദിലീപ് മെസേജ് അയച്ചതെന്നാണ് പ്രോസിക്യൂഷന്‍ വാദം. 2017 ഫെബ്രുവരി 22 ന് രാവിലെ 9.22 നാണ് ദിലീപ് മെസേജ് അയച്ചത്. കാവ്യാമാധവനുമായുള്ള ദിലീപിന്റെ ബന്ധം ഭാര്യയായിരുന്നു മഞ്ജുവാര്യരോട് ആക്രമിക്കപ്പെട്ട സ്ത്രീ പറഞ്ഞുകൊടുത്തതിന്റെ വൈരാഗ്യമാണ് കൃത്യത്തിന് കാരണമായതെന്നാണ് കൃത്യത്തിന് പോലീസ് നിരത്തിയ കാരണം.