Sports

സൂപ്പര്‍ കിങ്‌സിനായി സഞ്‌ജുവിന്റെ അരങ്ങേറ്റം, നേരിടുന്നത് കഴിഞ്ഞ സീസണ്‍ വരെ കളിച്ച രാജസ്‌ഥാന്‍ റോയല്‍സിനെ

ഗുവാഹാത്തി: ഐ.പി.എല്‍. ക്രിക്കറ്റില്‍ മലയാളി താരം സഞ്‌ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഇന്ന്‌ അരങ്ങേറും.
ബര്‍സാപാര സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കഴിഞ്ഞ സീസണ്‍ വരെ കളിച്ച രാജസ്‌ഥാന്‍ റോയല്‍സിനെയാണ്‌ അവര്‍ നേരിടുക. ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ, സാം കുറാന്‍ എന്നിവര്‍ക്കു പകരമാണു രാജസ്‌ഥാന്‍ സഞ്‌ജുവിനെ ചെന്നൈയ്‌ക്കു കൈമാറിയത്‌.

പരുക്കു ഭേദമാകാത്തതിനാല്‍ സാം കുറാന്‌ ഈ സീസണില്‍ കളിക്കാനാകില്ല. മുന്‍ നായകനും വിക്കറ്റ്‌ കീപ്പറുമായ എം.എസ്‌. ധോണിയെ കൂടാതെയാണ്‌ സൂപ്പര്‍ കിങ്‌സ് കളിക്കാനിറങ്ങുക. ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ ഡെവാള്‍ഡ്‌ ബ്രെവിസിനെ കൂടാതെയാണ്‌ ഇന്നു കളിക്കുകയെന്നു സി.എസ്‌.കെ. കോച്ച്‌ സ്‌റ്റീഫന്‍ ഫ്‌ളെമിങ്‌ പറഞ്ഞു. പേസര്‍ നഥാന്‍ എലിസ്‌ പരുക്കു മൂലം സീസണില്‍ കളിക്കാതെ പുറത്തിരിക്കുകയാണ്‌.

മുന്‍ നായകന്‍ എം.എസ്‌. ധോണി കാല്‍വണ്ണയുടെ പരുക്കു മൂലം ഒന്നാംഘട്ടത്തില്‍ കളിക്കില്ലെന്നു വ്യക്‌തമാക്കിയിരുന്നു. എലിസിനു പകരം ഉള്‍പ്പെടുത്തിയ ഇടംയൈകന്‍ പേസര്‍ സ്‌പെന്‍സര്‍ ജോണ്‍സണ്‍ 21 നാണു ടീമിനൊപ്പം ചേരുക. ധോണി ഗുവാഹാത്തിയിലേക്കു വന്നിട്ടില്ലെന്നു സ്‌റ്റീഫന്‍ ഫ്‌ളെമിങ്‌ പറഞ്ഞു. കഴിഞ്ഞ സീസണില്‍ നാല്‌ ജയങ്ങള്‍ മാത്രം കുറിച്ച ചെന്നൈ ഏറ്റവും പിന്നിലാണു ഫിനിഷ്‌ ചെയ്‌തത്‌.

ആദ്യമായാണ്‌ അവര്‍ ഏറ്റവും പിന്നിലാകുന്നത്‌. കഴിഞ്ഞ സീസണില്‍ പകരക്കാരനായി ടീമിലെത്തിയ ബ്രെവിസ്‌ ആറ്‌ ഇന്നിങ്‌സുകളിലായി 225 റണ്ണെടുത്തു. ബര്‍സാപാര സ്‌റ്റേഡിയത്തില്‍ പിന്തുടരുന്നവരെ അനുകൂലിക്കുന്ന പിച്ചാണ്‌. രണ്ട്‌ ഇന്നിങ്‌സുകളിലും ബാറ്റര്‍മാര്‍ക്ക്‌ അനുകൂലവുമാണ്‌. ലൈനും ലെങ്‌തുമില്ലാതെ എറിയുന്ന ബൗളര്‍മാര്‍ അടിയേറ്റു വലയുമെന്നുറപ്പ്‌. ധോണിയുടെ അഭാവത്തില്‍ സഞ്‌ജു സാംസണ്‍ വിക്കറ്റ്‌ കീപ്പറാകും. സഞ്‌ജുവിനെ കൂടാതെ നായകന്‍ ഋതുരാജ്‌ ഗെയ്‌ക്വാദ്‌, ശിവം ദുബെ എന്നിവരാണു പ്രധാന ബാറ്റര്‍മാര്‍. രാഹുല്‍ ചാഹാര്‍, നൂര്‍ അഹമ്മദ്‌, ഖലീല്‍ അഹമ്മദ്‌ എന്നിവരാണു ബൗളര്‍മാര്‍.

റയാന്‍ പരാഗ്‌ നയിക്കുന്ന രാജസ്‌ഥാന്‌ കൗമാര ഓപ്പണര്‍ വൈഭവ്‌ സൂര്യവംശി, യശസ്വി ജയ്‌സ്വാള്‍, ഷിംറോണ്‍ ഹിറ്റ്‌മീര്‍ എന്നിവരുടെ ബാറ്റിങിലാണു പ്രതീക്ഷ. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, ജോഫ്ര ആര്‍ച്ചര്‍ എന്നിവരാണു പ്രധാന ബൗളര്‍മാര്‍.

സാധ്യതാ ടീം : ആര്‍.സി.ബി.- സഞ്‌ജു സാംസണ്‍, ഋതുരാജ്‌ ഗെയ്‌ക്വാദ്‌ (നായകന്‍), ആയുഷ്‌ എംഹാത്രെ, ഡെവാള്‍ഡ്‌ ബ്രെവിസ്‌, ശിവം ദുബെ, പ്രശാന്ത്‌ വീര്‍, ജാമി ഓവര്‍ടണ്‍, അന്‍ശുല്‍ കാംബോജ്‌, രാഹുല്‍ ചാഹാര്‍, നൂര്‍ അഹമ്മദ്‌, ഖലീല്‍ അഹമ്മദ്‌, ഇംപാക്‌ട് പ്ലേയര്‍ (കാര്‍ത്തിക്‌ ശര്‍മ).
സാധ്യതാ ടീം: ആര്‍.ആര്‍.- യശസ്വി ജയ്‌സ്വാള്‍, റയാന്‍ പരാഗ്‌ (നായകന്‍), ഷിംറോണ്‍ ഹിറ്റ്‌മീര്‍, ധ്രുവ്‌ ജൂറല്‍, രവീന്ദ്ര ജഡേജ, ദാസുന്‍ ശനക, ജോഫ്ര ആര്‍ച്ചര്‍, സന്ദീപ്‌ ശര്‍മ, രവി ബിഷ്‌ണോയ്‌, ആഡം മില്‍നെ. ഇംപാക്‌ട് പ്ലേയര്‍ (അമന്‍ റാവു).