ചെന്നൈ: മകന്റെ പാര്‍ട്ടിയില്‍ ചേരാതെ അണ്ണാ ഡി.എം.കെ. തെരഞ്ഞെടുത്ത ലീമ റോസ് മാര്‍ട്ടിന് അതിവേഗ വളര്‍ച്ച. ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ ഭാര്യയാണു ലീമ. മകന്‍ ജോസ് ചാള്‍സ് മാര്‍ട്ടിന്‍ പുതുച്ചേരിയില്‍ ലച്ചിയ ജനനായക കക്ഷി(എല്‍.ജെ.കെ.) എന്ന പാര്‍ട്ടി രൂപീകരിച്ചിരുന്നു. ആ പാര്‍ട്ടിയില്‍ ചേരാതെയാണ് അവര്‍ അണ്ണാ ഡി.എം.കെയില്‍ ചേര്‍ന്നത്.
പാര്‍ട്ടിയില്‍ ചേര്‍ന്ന ഉടന്‍ തന്നെ അവരെ വനിതാ വിഭാഗത്തിന്റെ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുത്തു. പിന്നാലെയാണ് ലാല്‍ഗുഡി നിയമസഭാ സീറ്റ് അനുവദിച്ചത്. (മകന്‍ രൂപീകരിച്ച എല്‍.ജെ.കെയ്‌ക്കും അതിവേഗ വളര്‍ച്ചയാണ് ഉണ്ടായത്. പാര്‍ട്ടി രൂപീകരിച്ച് ആഴ്‌ചകള്‍ക്കുള്ളില്‍ പുതുച്ചേരിയില്‍ എന്‍.ഡി.എയുടെ ഭാഗമായി മാറി എല്‍.ജെ.കെ, അതും ഭരണസഖ്യത്തെ നയിക്കുന്ന മുഖ്യമന്ത്രി എന്‍. രംഗസ്വാമിയുടെ എതിര്‍പ്പിനെ മറികടന്ന്. മത്സരിക്കാന്‍ രണ്ടും സീറ്റും പാര്‍ട്ടിക്ക് ലഭിച്ചു).
ഇന്ത്യന്‍ ജനനായക കക്ഷി (ഐ.ജെ.കെ)യിലൂടെയാണ് ലീമ രാഷ്‌ട്രീയ പ്രവേശം നടത്തിയത്. ആ പാര്‍ട്ടിയില്‍ അംഗീകാരം ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് അണ്ണാ ഡി.എം.കെയിലെത്തിയത്.സാന്റിയാഗോ മാര്‍ട്ടന്‍ കുടുംബത്തിന്റെ ശക്‌തിയാണു ലീമയുടെ രാഷ്‌ട്രീയ വളര്‍ച്ചയ്‌ക്കു കാരണമെന്നാണ് എതിരാളികളുടെ നിലപാട്. മാര്‍ട്ടിന്‍ ഫൗണ്ടേഷന്റെ ട്രസ്‌റ്റിയായാണ് അവര്‍ പൊതു രംഗത്തെത്തിയത്. തുടര്‍ന്നു മാര്‍ട്ടിന്‍ കോളജ് ഓഫ് ഹോമിയോപ്പതിക് മെഡിസിന്റെ റെക്‌ടറായി. പിന്നീട് അവര്‍ ഡോക്‌ടറേറ്റ് നേടി.
മകന്‍ ജോസ് ചാള്‍സ് മാര്‍ട്ടിന്‍ പുതുച്ചേരിയില്‍ എല്‍.ജെ.കെ. എന്ന രാഷ്‌ട്രീയ പാര്‍ട്ടി ആരംഭിച്ചിട്ടുണ്ട്. മകള്‍ ഡെയ്‌സി മാര്‍ട്ടിന്‍ മുന്‍ ഐ.ജെ.കെ. നേതാവാണ്. ഡെയ്‌സിയുടെ ഭര്‍ത്താവ് അതവ് അര്‍ജുന നടന്‍ വിജയ്‌യുടെ ടി.വി.കെ. പാര്‍ട്ടി നേതാവാണ്. ഒരേ കുടുംബത്തിലെ അംഗങ്ങള്‍ പല രാഷ്‌ട്രീയ വേദികളില്‍ സജീവ സാന്നിധ്യമായി മാറിക്കഴിഞ്ഞു.
ലീമ റോസിന്റെ തെരഞ്ഞെടുപ്പ് പരീക്ഷണം ലാല്‍ഗുഡിയില്‍ ആയിരിക്കും. കഴിഞ്ഞ ഇരുപത് വര്‍ഷത്തിലേറെയായി ഡി.എം.കെ. ശക്‌തി കേന്ദ്രമാണ് ആ മണ്ഡലം. 2001 മുതല്‍ ഈ സീറ്റ് ഡി.എം.കെ. സ്‌ഥിരമായി നിലനിര്‍ത്തി വരുന്നു.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ. സ്‌ഥാനാര്‍ത്ഥി സൗന്ദര പാണ്ടിയനാണു വിജയിച്ചത്.




