ആരും ഇവിടെ രാജാവാകാൻ നോക്കേണ്ടെന്ന് അമ്പലപ്പുഴ എംഎൽഎ ജി. സുധാകരന് കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ മറുപടി. താൻ ആരുടെയും മണ്ഡലത്തിൽ കടന്നുകയറിയിട്ടില്ലെന്നും തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചാൽ തിരിച്ചും പറയുമെന്നും റെജി ചെറിയാൻ തുറന്നടിച്ചു.
കുട്ടനാട്ടിലെ ജനങ്ങൾ വോട്ട് ചെയ്താണ് തന്നെ വിജയിപ്പിച്ചത്. സുധാകരൻ മന്ത്രിയായിരുന്ന കാലത്ത് അവിടെനിന്ന് കരിമണൽ കടത്തിയിരുന്നു. താൻ അവിടെ പോയത് മണ്ണുവാരാനല്ല, തോട്ടപ്പള്ളി പൊഴി തുറന്നുകിടക്കുകയാണോ എന്ന് അന്വേഷിക്കാനാണ്. അതിനുള്ള പൂർണ്ണ അവകാശം കുട്ടനാട് എംഎൽഎ എന്ന നിലയിൽ തനിക്കുണ്ട്. എൻജിനീയറെ അടക്കം കൂടെക്കൂട്ടിയാണ് താൻ പോയത്. താൻ സമ്പന്നനാണെങ്കിൽ അത് 47 മുതൽ 50 ഡിഗ്രി വരെ ചൂടിൽ ജോലി ചെയ്ത് അധ്വാനിച്ചുണ്ടാക്കിയതാണ്. അല്ലാതെ നാലും അഞ്ചും പെൻഷൻ വാങ്ങി കറങ്ങിനടക്കുന്ന ആളല്ല താൻ. പാർട്ടി നേതാക്കൾ ആരെങ്കിലും കള്ളുകുടിക്കാൻ വന്നിട്ടുണ്ടെങ്കിൽ അതിന്റെ പ്രയോജനം ആ പാർട്ടിക്ക് കിട്ടിക്കാണും.
അങ്ങോട്ട് സ്നേഹവും ബഹുമാനവും തന്നാൽ ഇങ്ങോട്ടും അത് തിരിച്ചു നൽകും. എന്നാൽ വ്യക്തിപരമായി ആക്ഷേപിക്കാൻ ശ്രമിച്ചാൽ മൂന്നിരട്ടിയായി മറുപടി നൽകും. അദ്ദേഹം ഇപ്പോഴും സിപീഎമ്മിലെ രാജാവാണെന്നാണ് സ്വയം കരുതുന്നത്.
ഇത് സിപീഎം അല്ല, യുഡിഎഫ് ആണ്. ജനാധിപത്യ സംവിധാനമാണ് ഇവിടെയുള്ളത്. താൻ നാല് പാർട്ടി മാറി വന്നവനാണെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ താൻ ആകെ രണ്ട് പാർട്ടിയിൽ മാത്രമാണ് പ്രവർത്തിച്ചിട്ടുള്ളത്.
ജീവിതകാലം മുഴുവൻ സംരക്ഷിച്ച പാർട്ടിയിൽ നിന്ന് വിട്ടുപോകുന്നതിൽ തെറ്റില്ലേ എന്ന് ചോദിച്ചാൽ, താൻ ആരുടെയും ശമ്പളം വാങ്ങുന്ന ആളല്ല. കുട്ടനാടിന്റെ ആവശ്യങ്ങൾക്ക് വേണ്ടി എവിടെയും സധൈര്യം നിലകൊള്ളും. താനവിടെ ഒഫീഷ്യൽ വിസിറ്റിന് പോയതല്ല. 35 വർഷത്തെ എൻജിനീയറിങ് പരിചയം തനിക്കുണ്ട്. ജി. സുധാകരൻ ഇപ്പോൾ യുഡിഎഫിലാണ് എന്ന കാര്യം ഇതുവരെ മനസ്സിലാക്കിയിട്ടില്ലെന്ന് തോന്നുന്നു.
തന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്താൽ അതിനപ്പുറം സുധാകരനെക്കുറിച്ച് താൻ വിളിച്ചുപറയും. ഞങ്ങളുടെയൊക്കെ വോട്ട് വാങ്ങിയിട്ടാണ് അദ്ദേഹം മുൻപ് ജയിച്ചതെന്നും കുട്ടനാട് എംഎൽഎ ഓർമ്മിപ്പിച്ചു.
ജി. സുധാകരൻ ഉന്നയിച്ച വിമർശനങ്ങൾക്കാണ് റെജി ചെറിയാൻ ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്. ഒരാഴ്ച മുൻപ് സുധാകരനെ അറിയിക്കാതെ റെജി ചെറിയാൻ തോട്ടപ്പള്ളി പൊഴിയും സ്പിൽവേയും സന്ദർശിച്ചതാണ് സുധാകരനെ ചൊടിപ്പിച്ചത്. റെജി ചെറിയാന് സമ്പത്തിന്റെ അഹങ്കാരമാണെന്നും, താൻ നിയമസഭാ പ്രിവിലേജ് കമ്മിറ്റിയിൽ പരാതി നൽകിയാൽ അദ്ദേഹം ശിക്ഷിക്കപ്പെടുമെന്നും സുധാകരൻ പറഞ്ഞിരുന്നു. ഒരു എംഎൽഎയുടെ മുകളിൽ മറ്റൊരു എംഎൽഎ അധികാരം സ്ഥാപിക്കുകയാണെന്നും, ജനപ്രതിനിധി മറ്റൊരു ജനപ്രതിനിധിയെ കവച്ചുവെക്കാൻ പാടില്ലെന്നും തോട്ടപ്പള്ളിയിൽ നടന്ന നന്മ ഗ്രൂപ്പിന്റെ അവാർഡ് വിതരണ ചടങ്ങിൽ സുധാകരൻ കുറ്റപ്പെടുത്തിയിരുന്നു.




