Spotlight

ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷണ ഉദ്യോഗസ്‌ഥനെ മാറ്റി, ED അന്വേഷണം നിലച്ചു, പ്രതികളെ ചോദ്യം ചെയ്‌തിട്ടില്ല

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റി (ഇ.ഡി)ന്റെ അന്വേഷണം നിലച്ചു. ഉദ്യോഗസ്‌ഥനെ മാറ്റിയതടക്കമുള്ള നടപടികള്‍ അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചെന്നു വിലയിരുത്തല്‍.

സ്വര്‍ണക്കൊള്ള കേസിലെ കള്ളപ്പണ ഇടപാട്‌ ഉള്‍പ്പെടെയാണ്‌ ഇ.ഡി. അന്വേഷിക്കുന്നത്‌. ജനുവരിയില്‍ അന്വേഷണം തുടങ്ങിയെങ്കിലും ഉണ്ണികൃഷ്‌ണന്‍ പോറ്റി, എ. പത്മകുമാര്‍ അടക്കമുള്ള കേസിലെ പ്രധാന പ്രതികള്‍ ആരെയും ഇ.ഡി. ചോദ്യം ചെയ്‌തിട്ടില്ല. കേസ്‌ അന്വേഷിച്ചിരുന്ന ഇ.ഡി. അഡീ. ഡയറക്‌ടര്‍ അശുഘോയലിനെ അലാഹാബാദിലേക്കു സ്‌ഥലംമാറ്റി. പകരമെത്തിയ ഉദ്യോഗസ്‌ഥന്‍ അന്വേഷണം തുടങ്ങിയിട്ടില്ല.

ദേവസ്വം ബോര്‍ഡ്‌ മുന്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍ മുരാരി ബാബു അടക്കമുള്ളവരെ ഇ.ഡി. ചോദ്യം ചെയ്‌തിരുന്നു. പക്ഷേ, ആരെയും അറസ്‌റ്റ്‌ ചെയ്‌തിട്ടില്ല.
സ്വര്‍ണക്കൊള്ളയിലെ എസ്‌.ഐ.ടി. അന്വേഷണവും ഇഴയുകയാണ്‌. കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പ്രതികള്‍ സ്വാഭാവികജാമ്യം നേടി ജയില്‍മോചിതരായിട്ടുമുണ്ട്‌.