Featured Sports

ഇപ്പോൾ ടീമിലില്ല, പക്ഷേ സൂര്യയുടെ പിൻഗാമിയായി ക്യാപ്റ്റനാകാൻ ഈ മലയാളി വേരുകളുള്ള താരം !

മുംബൈ ∙ 2026 ട്വന്റി20 ലോകകപ്പ് കിരീടം നേടിയതിന്റെ ആവേശം മെല്ലെ അടങ്ങുമ്പോഴേക്കും ഇന്ത്യൻ ക്രിക്കറ്റ് ടീം അടുത്ത ലക്ഷ്യങ്ങളിലേക്ക് നീങ്ങുകയാണ്. 2027-ലെ ഏകദിന ലോകകപ്പാണ് ഇനി ഇന്ത്യയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി. കഴിഞ്ഞ തവണ നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കുക എന്നത് ടീമിന് അഭിമാനപ്രശ്നമാണ്. അതോടൊപ്പം 2028-ലെ ട്വന്റി20 ലോകകപ്പും ക്രിക്കറ്റ് ആദ്യമായി ഉൾപ്പെടുന്ന ലൊസാഞ്ചലസ് ഒളിംപിക്സും വരുന്നുണ്ട്. ഒളിംപിക്സിൽ സ്വർണം നേടുക എന്നതാണ് തന്റെ അടുത്ത സ്വപ്നമെന്ന് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പ്രഖ്യാപിച്ചിരുന്നെങ്കിലും, അതുവരെ അദ്ദേഹം നായകസ്ഥാനത്ത് തുടരുമോ എന്ന കാര്യത്തിൽ ഇപ്പോൾ സംശയങ്ങൾ ഉയരുന്നുണ്ട്.

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം സൂര്യകുമാറിന് നായകസ്ഥാനം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ബാറ്റിങ്ങിലെ മോശം ഫോം തുടർന്നാൽ ടീമിലെ സ്ഥാനം തന്നെ ഭീഷണിയിലായേക്കും. സൂര്യകുമാറിന് പകരക്കാരനായി ശ്രേയസ് അയ്യരെ ബിസിസിഐ പരിഗണിക്കുന്നതായാണ് സൂചന. നിലവിൽ ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റനായ ശ്രേയസ് ട്വന്റി20, ടെസ്റ്റ് ടീമുകളിൽ അംഗമല്ല. എങ്കിലും ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സിനെ നയിച്ചുകൊണ്ട് നടത്തുന്ന മികച്ച പ്രകടനം അദ്ദേഹത്തിന് ദേശീയ ട്വന്റി20 ടീമിലേക്കുള്ള വഴി തുറക്കുമെന്ന് അധികൃതർ കരുതുന്നു.

ശ്രേയസ് അവസാനമായി ട്വന്റി20 കളിച്ചത് 2023-ലാണ്. പെട്ടെന്നൊരു മടങ്ങിവരവും ഒപ്പം ക്യാപ്റ്റൻസിയും നൽകുന്നത് വലിയ തീരുമാനമായിരിക്കുമെന്ന് ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. അതേസമയം, ശുഭ്മൻ ഗില്ലിനെ മൂന്ന് ഫോർമാറ്റിലും ക്യാപ്റ്റനാക്കാൻ ആലോചനയുണ്ടായിരുന്നെങ്കിലും ഓപ്പണിങ്ങിലെ ഫോമില്ലായ്മ അദ്ദേഹത്തിന് തിരിച്ചടിയായി. ലോകകപ്പിൽ ഗില്ലിന് പകരം സഞ്ജു സാംസൺ മികച്ച പ്രകടനം നടത്തിയതോടെ സഞ്ജുവിന്റെ സ്ഥാനം സുരക്ഷിതമായി. ഈ സാഹചര്യത്തിലാണ് സൂര്യകുമാറിന് പകരം മൂന്നാം നമ്പറിലോ നാലാം നമ്പറിലോ കളിക്കാൻ ശ്രേയസ് അയ്യരെ എത്തിക്കാൻ നീക്കം നടക്കുന്നത്.

കോച്ച് ഗൗതം ഗംഭീറിന്റെ പിന്തുണ ഇപ്പോൾ സൂര്യകുമാറിനുണ്ടെങ്കിലും വരാനിരിക്കുന്ന പരമ്പരകളിൽ ഫോം വീണ്ടെടുത്തില്ലെങ്കിൽ മാറ്റം ഉറപ്പാണ്. നിലവിലെ വൈസ് ക്യാപ്റ്റൻ അക്ഷർ പട്ടേൽ, ഹാർദിക് പാണ്ഡ്യ, സഞ്ജു സാംസൺ എന്നിവരെ നായകസ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യത കുറവാണെന്നാണ് അറിയുന്നത്. അതിനാൽ തന്നെ ശ്രേയസ് അയ്യർക്ക് നറുക്കുവീഴാൻ സാധ്യതയേറെയാണ്.

ശ്രേയസ്സിനെ നായകനാക്കുന്ന കാര്യത്തിൽ ഗംഭീറിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. 2024-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കിരീടം നേടിയപ്പോൾ ഗംഭീറും ശ്രേയസ്സും ഒരുമിച്ചുണ്ടായിരുന്നു. കൊൽക്കത്തയ്ക്ക് കിരീടം നേടിക്കൊടുത്തതിനൊപ്പം 2020-ൽ ഡൽഹിയെയും 2025-ൽ പഞ്ചാബിനെയും ഐപിഎൽ ഫൈനലിൽ എത്തിച്ച ശ്രേയസ്സിന്റെ ക്യാപ്റ്റൻസി മികവിൽ ആർക്കും തർക്കമില്ല. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ട്വന്റി20 നായകസ്ഥാനത്തേക്ക് ശ്രേയസ് അയ്യർ എത്തിയേക്കുമെന്ന വാർത്തകൾക്ക് വലിയ പ്രാധാന്യമുണ്ട്.