Spotlight

ശ്രീലേഖ വീണ്ടും പിണങ്ങി; സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയി

വട്ടിയൂർക്കാവിലെ ബിജെപി സ്ഥാനാർഥി ആർ. ശ്രീലേഖ സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിരിക്കുന്നു. പ്രമുഖ വോട്ടർമാരുമായി നടത്തിയ സംവാദത്തിനിടെ കേന്ദ്രമന്ത്രി എസ്. ജയശങ്കർ തന്റെ പേര് പരാമർശിക്കാത്തതിൽ പ്രതിഷേധിച്ചാണ് ശ്രീലേഖ വേദി വിട്ടത്. ഓൺലൈനായി യോഗത്തിൽ പങ്കെടുത്ത ജയശങ്കർ വോട്ട് അഭ്യർഥിച്ചതും സംസാരിച്ചതും രാജീവ് ചന്ദ്രശേഖറിനു വേണ്ടി മാത്രമായിരുന്നു.

വട്ടിയൂർക്കാവ് മണ്ഡലത്തിലെ പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തുന്നതിനായി മസ്‌കറ്റ് ഹോട്ടലിലാണ് പരിപാടി സംഘടിപ്പിച്ചത്. തനിക്ക് വേണ്ടി വോട്ട് ചോദിക്കുന്നതിനായി സംഘടിപ്പിച്ച ഒരു പരിപാടിയിൽ തന്റെ പേര് പരാമർശിക്കുന്നില്ലെങ്കിൽ പിന്നെ താൻ അവിടെ പങ്കെടുക്കേണ്ട കാര്യമെന്താണ് എന്ന നിലപാടാണ് ശ്രീലേഖ സ്വീകരിച്ചത്.

വേദി വിട്ടിറങ്ങിയ ശ്രീലേഖ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ജി. സോമനോട് കയർക്കുകയും തന്റെ അതൃപ്തി വ്യക്തമാക്കുകയും ചെയ്തു. പിന്നീട് മുതിർന്ന നേതാക്കൾ ഇടപെട്ട് അനുനയിപ്പിച്ചതിനെ തുടർന്നാണ് അവർ തിരികെ എത്തിയത്. തിരുവനന്തപുരം കോർപറേഷൻ മേയർ വി.വി. രാജേഷ്, രാജീവ് ചന്ദ്രശേഖർ എന്നിവരോടും ശ്രീലേഖ തന്റെ പ്രതിഷേധം അറിയിച്ചതായാണ് ലഭിക്കുന്ന വിവരം.

നേരത്തെയും പാർട്ടി പരിപാടികളിൽ ശ്രീലേഖ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ജനുവരിയിൽ പ്രധാനമന്ത്രി പങ്കെടുത്ത പൊതുസമ്മേളനത്തിൽ മോദിയുടെ അരികിലേക്ക് പോകാതെ വിട്ടുനിന്നത് വലിയ വാർത്തയായിരുന്നു. ബിജെപി നേതാക്കളായ കെ. സുരേന്ദ്രനും വി.വി. രാജേഷും ചേർന്ന് പ്രധാനമന്ത്രിയെ യാത്രയാക്കുമ്പോഴും ശ്രീലേഖ ആ പരിസരത്തെങ്ങും വരാതെ മാറിനിൽക്കുകയായിരുന്നു.

തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർമാർ നടത്തിയ ഡൽഹി യാത്രയിൽ നിന്നും ശ്രീലേഖ വിട്ടുനിന്നിരുന്നു. തനിക്ക് മേയർ പദവി ലഭിക്കാത്തതിലുള്ള അമർഷമാണിതെന്ന് അന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, ഈ പ്രായത്തിൽ കേരള എക്സ്പ്രസിൽ അത്രയും ദൂരം യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടും വ്യക്തിപരമായ കാരണങ്ങളുമാണ് യാത്ര ഒഴിവാക്കാൻ കാരണമെന്നാണ് ശ്രീലേഖ പിന്നീട് നൽകിയ വിശദീകരണം.