നവി മുംബൈ: സിലിണ്ടർ ക്ഷാമം മൂലം ഹോട്ടലുകളും ഭക്ഷണശാലകളും അടച്ചുപൂട്ടിയതോടെ ഉള്ളി, കിഴങ്ങ് വിപണിയിൽ വൻ തിരിച്ചടി. അന്താരാഷ്ട്ര യുദ്ധസാഹചര്യങ്ങൾ കാരണം എൽപിജി ലഭ്യമാകാത്തത് ഹോട്ടൽ മേഖലയെ മാത്രമല്ല, അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റിയിലെ വ്യാപാരത്തെയും ദോഷകരമായി ബാധിച്ചിരിക്കുകയാണ്.
ഗ്യാസ് ക്ഷാമം ഹോട്ടലുകളുടെ പ്രവർത്തനത്തെ തകിടം മറിച്ചതോടെ ഉള്ളിയുടെയും കിഴങ്ങിന്റെയും മൊത്തത്തിലുള്ള ഉപയോഗം ഗണ്യമായി കുറഞ്ഞു. ഇത് മൊത്തക്കച്ചവടക്കാരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഡിമാൻഡ് കുറഞ്ഞതോടെ വിപണിയിലേക്കുള്ള ചരക്ക് വരവ് വ്യാപാരികൾ കുറച്ചെങ്കിലും വിറ്റഴിയാത്ത സ്റ്റോക്കുകൾ കുന്നുകൂടുകയാണ്. മുൻപ് പ്രതിദിനം 120 മുതൽ 150 വരെ ട്രക്കുകൾ വിറ്റഴിയുമായിരുന്ന സ്ഥാനത്ത്, ഇപ്പോൾ 60 ട്രക്കുകൾ പോലും പൂർണ്ണമായി ചെലവാകുന്നില്ല. ഒരു മാസം മുമ്പ് പ്രതിദിനം 22,000 ചാക്കുകൾ വിറ്റിരുന്നത് ഇപ്പോൾ വെറും 10,000 ആയി ചുരുങ്ങി.
ഡിമാൻഡ് കുറഞ്ഞതോടെ ഉള്ളി, കിഴങ്ങ് വിലയിൽ കിലോയ്ക്ക് 3 രൂപ മുതൽ 5 രൂപ വരെ കുറവുണ്ടായതായി വ്യാപാരികൾ കണക്കാക്കുന്നു. ഹോട്ടലുകൾക്ക് പുറമെ വടാപാവ്, മിസൽ തുടങ്ങിയ ലഘുഭക്ഷണശാലകൾ കൂടി പൂട്ടിയത് തിരിച്ചടിക്ക് ആക്കം കൂട്ടി. ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി നിയന്ത്രണം കാരണം ഉള്ളി വിപണിയിൽ സുലഭമായി എത്തുന്നുണ്ടെങ്കിലും ഹോട്ടലുകളിൽ നിന്ന് ആവശ്യക്കാരില്ലാത്തത് കർഷകരെയും വ്യാപാരികളെയും ആശങ്കയിലാക്കുന്നുണ്ട്. നിലവിൽ ഉള്ളിക്ക് മൊത്തവ്യാപാര വിപണിയിൽ 9 രൂപ മുതൽ 11 രൂപ വരെയും, ചില്ലറ വിപണിയിൽ 25 രൂപ മുതൽ 30 രൂപ വരെയുമാണ് വില. കിഴങ്ങിന് മൊത്തവില 8 രൂപ മുതൽ 15 രൂപ വരെയും ചില്ലറ വിപണിയിൽ 30 രൂപ മുതൽ 35 രൂപ വരെയുമാണ് ഈടാക്കുന്നത്.




