Myth and Reality

വേദങ്ങളിലുണ്ടോ ഈ കന്യാദാനം? ആചാരങ്ങളുടെ ‘സോഴ്സ് കോഡ്’ തേടി ഇൻഫ്ലുവൻസർ, സോഷ്യൽ മീഡിയയിൽ പോര്

ഹിന്ദു വിവാഹങ്ങളിലെ പ്രധാന ചടങ്ങായ ‘കന്യാദാനം’ ഒരു അന്ധവിശ്വാസമാണോ എന്നതിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ പുതിയ സംവാദങ്ങൾ ഉടലെടുത്തിരിക്കുകയാണ്. സൗമ്യ അഗർവാൾ എന്ന ഇൻഫ്ലുവൻസർ പങ്കുവെച്ച വീഡിയോയാണ് ഈ ചർച്ചകൾക്ക് തുടക്കമിട്ടത്. കന്യാദാനം എന്നത് പലപ്പോഴും തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണെന്നും മകളെ ഒരു സ്വത്തുപോലെ മറ്റൊരാൾക്ക് ദാനം ചെയ്യുന്ന ഒന്നല്ല ഇതെന്നും അവർ വീഡിയോയിൽ വാദിക്കുന്നു.

ഋഗ്വേദം, യജുർവേദം, സാമവേദം തുടങ്ങിയ പുരാതന ഗ്രന്ഥങ്ങളിലൊന്നും ‘കന്യാദാനം’ എന്ന വാക്ക് പരാമർശിക്കുന്നില്ലെന്ന് സൗമ്യ ചൂണ്ടിക്കാട്ടുന്നു. പകരം, പരസ്പര സ്വീകാര്യതയെ സൂചിപ്പിക്കുന്ന ‘പാണിഗ്രഹണം’ എന്ന ചടങ്ങാണ് വേദങ്ങളിലുള്ളത്. മകളെ ഒരു വസ്തുവായി ദാനം ചെയ്യുക എന്നത് പിൽക്കാലത്തുണ്ടായ സാമൂഹികമായ മാറ്റം മാത്രമാണെന്നും ആത്മീയമായ നിർദ്ദേശമല്ലെന്നും അവർ പറയുന്നു. യഥാർത്ഥ വേദസംസ്കാരത്തിൽ സ്ത്രീകൾ എപ്പോഴും ബഹുമാനിക്കപ്പെടേണ്ടവരാണെന്നും അവർ കൂട്ടിച്ചേർത്തു.

ഈ വീഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങൾ ഉയർന്നു. കന്യാദാനം മാതാപിതാക്കളുടെ അവകാശം ഒഴിയുന്ന ചടങ്ങാണെന്ന് ചിലർ വാദിക്കുമ്പോൾ, പുരുഷാധിപത്യപരമായ ഇത്തരം ആചാരങ്ങൾ നിർത്തണമെന്നാണ് മറ്റു ചിലരുടെ അഭിപ്രായം. ഇതിനുമുമ്പ് 2021-ൽ ആലിയ ഭട്ട് അഭിനയിച്ച ഒരു പരസ്യത്തിലും ‘കന്യാദാനത്തിന്’ പകരം ‘കന്യാമാൻ’ (മകളെ ബഹുമാനിക്കുക) എന്ന ആശയം മുന്നോട്ടുവെച്ചത് വലിയ വിവാദമായിരുന്നു.

ചരിത്രപരമായി നോക്കിയാൽ, വേദകാലത്തിന് ശേഷമുള്ള മനുസ്മൃതി പോലുള്ള ഗ്രന്ഥങ്ങളിലാണ് കന്യാദാനത്തെക്കുറിച്ച് പരാമർശമുള്ളത്. 1955-ലെ ഹിന്ദു വിവാഹ നിയമത്തിലും കന്യാദാനം നിർബന്ധമായ ഒന്നായി പറയുന്നില്ല. സപ്തപതി (ഏഴു വട്ടം അഗ്നിക്കു ചുറ്റും വലം വയ്ക്കുന്നത്) ഉണ്ടെങ്കിൽ കന്യാദാനമില്ലാതെ തന്നെ വിവാഹം നിയമപരമായി സാധുവാണെന്ന് 2024 മാർച്ചിൽ അലഹബാദ് ഹൈക്കോടതിയും വിധിച്ചിട്ടുണ്ട്.
കൃഷ്ണന്റെ സഹോദരി സുഭദ്രയുടെ വിവാഹത്തെക്കുറിച്ചുള്ള പുരാണകഥകളിലും മകൾ ദാനം ചെയ്യപ്പെടേണ്ട ഒന്നല്ലെന്നും ദൈവത്തിന്റെ അമൂല്യമായ സമ്മാനമാണെന്നും വ്യക്തമാക്കുന്നുണ്ട്. ആചാരങ്ങൾ കാലത്തിനനുസരിച്ച് മാറേണ്ടതാണോ അതോ പാരമ്പര്യമായി തുടരേണ്ടതാണോ എന്ന വലിയൊരു ചോദ്യമാണ് ഈ വീഡിയോ ഇപ്പോൾ ഉയർത്തുന്നത്.