Featured Myth and Reality

ഒറ്റ അടുക്കള മാത്രം, 83 അംഗങ്ങൾ, 6 തലമുറകൾ! ഒരുമിച്ച് താമസം, അത്ഭുതമായി ഈ ഇന്ത്യന്‍ കുടുംബം !

ചെറിയ കുടുംബങ്ങൾ (Nuclear families) സാർവത്രികമായ ഇക്കാലത്ത്, കൂട്ടുകുടുംബത്തിന്റെ (Joint family) പാരമ്പര്യം ഒട്ടും ചോർന്നുപോകാതെ കാത്തുസൂക്ഷിക്കുകയാണ് ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയിലുള്ള കുർലപ്പള്ളി ഗ്രാമത്തിലെ നാഗപ്പ കുടുംബം. അടുത്തടുത്തുള്ള നാല് വീടുകളിലായി താമസിക്കുന്ന ഇവർ ഒരുമിച്ച് ഒരു ഒരൊറ്റ കുടുംബമായാണ് ജീവിക്കുന്നത്. ആറ് തലമുറകളിലായി വ്യാപിച്ചുകിടക്കുന്ന ഈ കുടുംബത്തിൽ ആകെ 83 അംഗങ്ങളുണ്ട്.

ഹനുമന്തരായഡു, മുത്യാലപ്പ എന്നിവരുടെ നേതൃത്വത്തിലുള്ള ഈ കുടുംബത്തിൽ ആറ് അമ്മായിയമ്മമാരും, 14 മരുമക്കളും, 20 കുട്ടികളും, മുത്തശ്ശീമുത്തശ്ശന്മാരും മറ്റ് മുതിർന്ന അംഗങ്ങളുമുണ്ട്. ഇത്രയും വലിയൊരു കുടുംബമായിരുന്നിട്ടും ഉത്തരവാദിത്തങ്ങളും വരുമാനവും തീരുമാനങ്ങളുമെല്ലാം ഒത്തൊരുമയോടെ പങ്കുവെച്ചാണ് ഇവർ മുന്നോട്ട് പോകുന്നത്.

പി.ടി.ഐ റിപ്പോർട്ട് അനുസരിച്ച്, ഈ കുടുംബം തലമുറകളായി ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഭക്ഷണവും ദൈനംദിന വീട്ടുചെലവുകളുമെല്ലാം പങ്കിട്ടാണ് ജീവിക്കുന്നത്. അയൽപക്കത്തുള്ള നാല് വീടുകളിലാണ് താമസമെങ്കിലും പ്രായോഗികമായി തങ്ങൾ ഒരൊറ്റ കുടുംബമാണെന്നാണ് ഇവർ വിശ്വസിക്കുന്നത്. വീട്ടുചെലവുകളിലും സാമ്പത്തിക കാര്യങ്ങളിലും പരസ്പരം താങ്ങും തണലുമായി ഇവർ നിലകൊള്ളുന്നു.

ഇവരുടെ ദൈനംദിന ജീവിതം വളരെ അച്ചടക്കമുള്ള ഒരു ടൈംടേബിൾ അനുസരിച്ചാണ് നീങ്ങുന്നത്. എല്ലാ ദിവസവും രാവിലെ മുതിർന്നവർ കാപ്പി കുടിക്കാൻ ഒരുമിച്ചിരുന്നാണ് അന്നത്തെ ദിവസത്തെ കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതെന്ന് ഹനുമന്തരായഡു പി.ടി.ഐയോട് പറഞ്ഞു. അവർ വീട്ടുജോലികൾ വീതിച്ചു നൽകുകയും, അന്നത്തെ ഭക്ഷണത്തിന്റെ മെനു തീരുമാനിക്കുകയും, കൃഷിയുടെയും വീടിന്റെയും ഉത്തരവാദിത്തങ്ങൾ വിഭജിക്കുകയും ചെയ്യും. ചില അംഗങ്ങൾ കൃഷിയിടങ്ങളിലേക്ക് പോകുമ്പോൾ മറ്റുള്ളവർ വീട്ടിലെ കാര്യങ്ങളും പാചകവും നോക്കിനടത്താൻ ഇവിടെത്തന്നെ തുടരും. ഇതാണ് ഇത്രയും വലിയൊരു കുടുംബം സുഗമമായി മുന്നോട്ട് പോകാൻ കാരണം.

ഈ കുടുംബത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഇവരുടെ പൊതുവായ അടുക്കളയാണ് (Common kitchen). വെവ്വേറെ വീടുകളിലാണ് താമസിക്കുന്നതെങ്കിലും എല്ലാവർക്കുമുള്ള ഭക്ഷണം പാകം ചെയ്യുന്നത് ഒരുമിച്ചാണ്. മുതിർന്നവർ പലചരക്ക് സാധനങ്ങളും മറ്റ് അവശ്യസാധനങ്ങളും വാങ്ങുന്നതിന് മേൽനോട്ടം വഹിക്കുമ്പോൾ, മരുമക്കൾ എല്ലാവരും ചേർന്ന് ഒത്തൊരുമയോടെയാണ് കുടുംബത്തിലെ മുഴുവൻ ആളുകൾക്കുമുള്ള ഭക്ഷണം പാകം ചെയ്യുന്നത്.

കൃഷി മാത്രമല്ല ഇവരുടെ ഉപജീവനമാർഗ്ഗം. കല്യാൺദുർഗത്തിനും കർണാടകയുടെ ചില ഭാഗങ്ങൾക്കും ഇടയിൽ സർവീസ് നടത്തുന്ന നാല് ബസ്സുകളും ഈ കുടുംബത്തിനുണ്ട്. കൃഷിയിൽ നിന്നും ഗതാഗത ബിസിനസ്സിൽ നിന്നും ലഭിക്കുന്ന വരുമാനം ഒന്നിച്ച് ചേർത്ത് ഒരുമിച്ചാണ് ഇവർ കൈകാര്യം ചെയ്യുന്നത്. ഇത് കുടുംബത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കാൻ സഹായിക്കുന്നു.

83 പേർ ഒരുമിച്ച് താമസിക്കുമ്പോൾ സ്വാഭാവികമായും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ അത്തരം പ്രശ്നങ്ങളെല്ലാം അന്ന് ദിവസം അവസാനിക്കുന്നതിന് മുൻപ് തന്നെ പരിഹരിക്കാറുണ്ടെന്ന് കുടുംബത്തിലെ മുതിർന്നവർ പറയുന്നു. പരസ്പര ബഹുമാനവും സഹകരണവും കുടുംബ മഹിമയുമാണ് ആറ് തലമുറകളെ ഇത്രയും സമാധാനത്തോടെയും ഐക്യത്തോടെയും ഒന്നിച്ച് നിർത്താൻ സഹായിക്കുന്നതെന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *