ലോകം മുഴുവൻ ഭര്‍ത്താവിനൊപ്പം ചുറ്റിസഞ്ചരിക്കാനായിരുന്നു ഭാര്യയുടെ ആഗ്രഹം. എന്നാല്‍ അകാലത്തിലുള്ള അവരുടെ വിയോഗത്തിന് പത്ത് വർഷത്തിന് ശേഷം, തങ്ങളുടെ സ്വപ്നയാത്രയ്ക്കായി മാറ്റിവെച്ച സമ്പാദ്യം ഒരു നല്ല കാര്യത്തിനായി വിനിയോഗിച്ചിരിക്കുകയാണ് നാഗ്പൂരിൽ നിന്നുള്ള ഒരു വിരമിച്ച ബാങ്ക് ഉദ്യോഗസ്ഥൻ. അവരുടെ യാത്രാഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ഇന്ത്യൻ സൈന്യത്തിന് സംഭാവനയായി നൽകിയ ഈ വൃദ്ധന്റെ തീരുമാനം, സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ആളുകളുടെ മനസ്സ് തൊടുകയാണ്. ഭാര്യയോടുള്ള സ്നേഹത്തിന്റെ പ്രതീകമായും പൂർത്തിയാക്കാൻ കഴിയാതെ പോയ ഒരു സ്വപ്നത്തിനുള്ള ആദരവായുമാണ് പലരും ഇതിനെ കാണുന്നത്.
പഞ്ചാബ് നാഷണൽ ബാങ്കിലെ മുൻ ജീവനക്കാരനായ ശ്രീകാന്ത് സഹസ്രബുദ്ധെയും ഭാര്യയും തങ്ങളുടെ പ്രൊവിഡന്റ് ഫണ്ടും മറ്റ് വ്യക്തിഗത സമ്പാദ്യങ്ങളും ചേർത്താണ് വിരമിച്ച ശേഷമുള്ള യാത്രകൾക്കായി ഒരു വലിയ തുക മാറ്റിവെച്ചത്. ജോലിയിൽ നിന്ന് വിരമിച്ച ശേഷം ലോകം മുഴുവൻ യാത്ര ചെയ്യണമെന്നതായിരുന്നു ഈ ദമ്പതികളുടെ ആഗ്രഹം. എന്നാൽ പത്ത് വർഷം മുൻപ് ഭാര്യ മരണപ്പെട്ടതോടെ ആ പ്ലാനുകളെല്ലാം അവസാനിച്ചു.
പൂർത്തിയാകാതെ പോയ ആ സ്വപ്നത്തെക്കുറിച്ച് ഓർമ്മിച്ചുകൊണ്ട് സഹസ്രബുദ്ധെ പിടിഐയോട് പറഞ്ഞത് ഇങ്ങനെയാണ്: “ഞാനും ഭാര്യയും പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നാണ് വിരമിച്ചത്. നിർഭാഗ്യവശാൽ 10 വർഷം മുൻപ് അവൾ എന്നെ വിട്ടുപിരിഞ്ഞു. ഞങ്ങളുടെ പി.എഫ് തുകയും സമ്പാദ്യവും ഉപയോഗിച്ച് ലോകം ചുറ്റാൻ ഞങ്ങൾ പദ്ധതിയിട്ടിരുന്നു, എന്നാൽ ആ സ്വപ്നം പൂർത്തിയായില്ല. അവളുടെ മരണശേഷം എനിക്ക് ഒരിടത്തും യാത്ര ചെയ്യാൻ തോന്നിയില്ല.”
ഒറ്റയ്ക്ക് ഒരു യാത്ര പോകാൻ ആഗ്രഹമില്ലാതിരുന്നതിനാൽ ആ പണം വർഷങ്ങളോളം ആരും തൊടാതെ ബാങ്കിൽ തന്നെ കിടന്നു. എന്നാൽ അകോലയിൽ നിന്നുള്ള ഒരാൾ ഒരു ചാരിറ്റിക്ക് വേണ്ടി ഒരു കോടി രൂപ സംഭാവന നൽകിയതിനെക്കുറിച്ചുള്ള ഒരു വാട്‌സ്ആപ്പ് സന്ദേശം സഹസ്രബുദ്ധെയുടെ ശ്രദ്ധയിൽപ്പെട്ടതാണ് ഇതിലൊരു വഴിത്തിരിവായത്. ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, തന്റെ സാമ്പത്തിക ശേഷിക്കുള്ളിൽ നിന്നുകൊണ്ട് എങ്ങനെ ഒരു നല്ല കാര്യം ചെയ്യാമെന്ന് അദ്ദേഹം ആലോചിച്ചു.
“എന്റെ പക്കൽ അത്ര വലിയ തുകയൊന്നും ഉണ്ടായിരുന്നില്ല, എങ്കിലും 25 ലക്ഷം രൂപ സംഭാവന ചെയ്യാൻ എനിക്ക് കഴിയുമെന്ന് ഞാൻ ചിന്തിച്ചു. അങ്ങനെ ഞങ്ങളുടെ സ്വപ്നയാത്രയ്ക്കായി മാറ്റിവെച്ച പണത്തിന്റെ പകുതി സംഭാവന ചെയ്യാൻ ഞാൻ തീരുമാനിച്ചു. എന്റെ ഭാര്യയോടൊപ്പം യാത്ര ചെയ്യുമ്പോൾ എനിക്ക് ലഭിക്കുമായിരുന്ന അതേ സന്തോഷം ഒരുപക്ഷേ ഈ പ്രവൃത്തിയിലൂടെ എനിക്ക് ലഭിച്ചേക്കാം,” അദ്ദേഹം കൂട്ടിച്ചേർത്തു.
സഹസ്രബുദ്ധെയെ സംബന്ധിച്ചിടത്തോളം ഈ സംഭാവന വെറുമൊരു പണമിടപാട് മാത്രമായിരുന്നില്ല. മറിച്ച്, താനും ഭാര്യയും ഒരുമിച്ച് കണ്ട സ്വപ്നങ്ങൾക്കും ഓർമ്മകൾക്കും ഒരു പുതിയ അർത്ഥം നൽകാനുള്ള വഴി കൂടിയായിരുന്നു അത്. പണം കൈമാറുന്ന സമയത്ത് തനിക്ക് വികാരങ്ങൾ അടക്കാനായില്ലെന്നും കണ്ണ് നിറഞ്ഞുപോയെന്നും അദ്ദേഹം തുറന്നുപറഞ്ഞു. തന്റെ ഭാര്യയെ താൻ എത്രത്തോളം ഓർക്കുന്നുവെന്നും അവൾ തന്റെ ജീവിതത്തിൽ ഉണ്ടാക്കിയ സ്വാധീനത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
ഈ സംഭാവനയ്ക്ക് പിന്നിലെ വൈകാരികമായ കഥ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ, അദ്ദേഹത്തിന്റെ വലിയ മനസ്സിനെയും ഭാര്യയോടുള്ള സ്നേഹത്തെയും അഭിനന്ദിച്ചുകൊണ്ട് നിരവധി ആളുകളാണ് രംഗത്തെത്തുന്നത്.




