തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡിക്കൊലക്കേസില്‍ ഒൻപത് പൊലീസുകാര്‍ക്ക് വധശിക്ഷ വിധിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്ന് വിലയിരുത്തിയാണ് മധുര ജില്ലാ കോടതി ഈ നിർണ്ണായക വിധി പുറപ്പെടുവിച്ചത്. ഭാവിയിൽ ഇത്തരം കസ്റ്റഡിക്കൊലകൾ ആവർത്തിക്കാതിരിക്കാൻ ഈ ശിക്ഷ ഒരു താക്കീതാകണമെന്ന് കോടതി പറഞ്ഞു. ജയരാജ്, മകൻ ബെനിക്സ് എന്നിവരെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ജഡ്ജി ജി. മുത്തുകുമാരനാണ് വിധി പ്രസ്താവിച്ചത്.
പ്രതികൾക്ക് ജീവപര്യന്തം തടവ് പോലും മതിയാവില്ലെന്നും എല്ലാവരും തുല്യ കുറ്റക്കാരാണെന്നും കോടതി നിരീക്ഷിച്ചു. ആരാണ് കൂടുതൽ ഉപദ്രവിച്ചത് എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ലെന്നും വിധിന്യായത്തിൽ വ്യക്തമാക്കുന്നു. ഒരു ഇൻസ്‌പെക്ടർ, രണ്ട് സബ് ഇൻസ്‌പെക്ടർമാർ, രണ്ട് ഹെഡ് കോൺസ്റ്റബിൾമാർ, നാല് കോൺസ്റ്റബിൾമാർ എന്നിവർക്കാണ് വധശിക്ഷ ലഭിച്ചത്. ഇതിൽ കൊലപാതകത്തിന് നേതൃത്വം നൽകിയ ഇൻസ്‌പെക്ടർ ശ്രീധറിന് രണ്ട് വധശിക്ഷയും 84 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പ്രതികളായ ഉദ്യോഗസ്ഥർ 1.40 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു. ക്രമസമാധാനം സംരക്ഷിക്കേണ്ട പൊലീസ് ഉദ്യോഗസ്ഥർ തന്നെ നിയമം ലംഘിച്ചതും, കുറ്റകൃത്യങ്ങളിൽ പങ്കില്ലാത്ത അച്ഛനെയും മകനെയും മൃഗീയമായി മർദ്ദിച്ചു കൊലപ്പെടുത്തിയതും അതീവ ഗൗരവമുള്ള കുറ്റമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
2020-ൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് മൊബൈൽ കട തുറന്നുവെന്നാരോപിച്ചാണ് സാത്താൻകുളം പൊലീസ് ജയരാജിനെയും (62) മകൻ ബെനിക്സിനെയും (32) കസ്റ്റഡിയിലെടുത്തത്. ഇവരെ അറസ്റ്റ് ചെയ്ത് രണ്ട് ദിവസത്തിന് ശേഷം കോവിൽപെട്ടി സബ് ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെയാണ് ഇരുവരും മരണപ്പെട്ടത്.
ജയരാജിനും മകനുമെതിരെ പൊലീസ് എഫ്ഐആറിൽ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്ന് സിസിടിവി ദൃശ്യങ്ങളിലൂടെ തെളിഞ്ഞിരുന്നു. പൊലീസുമായി ഇവർ വാക്കേറ്റത്തിൽ ഏർപ്പെട്ടെന്ന വാദം ദൃശ്യങ്ങളിൽ എവിടെയും ഉണ്ടായിരുന്നില്ല. ജയരാജിന് പരുക്കേറ്റത് ഓട്ടോ സ്റ്റാൻഡിൽ വീണാണെന്ന പൊലീസിന്റെ വാദവും ദൃശ്യങ്ങളിലൂടെ പൊളിഞ്ഞു. കൂടാതെ, അറസ്റ്റ് രേഖപ്പെടുത്തിയ സമയത്തിലും തിരിമറി നടന്നതായി വ്യക്തമായിട്ടുണ്ട്.




