Spotlight

 ‘സഭക്കെതിരല്ല, സംസാരിച്ചത് കാഞ്ഞിരപ്പള്ളി ബിഷപ്പിനെതിരെ…’ വിവാദങ്ങൾക്കിടെ പാലാ ബിഷപ്പ് ഹൗസിലെത്തി പി.സി. ജോർജ്

കോട്ടയം: പാലാ രൂപതയിലെത്തി ബിഷപ്പിനെ സന്ദർശിച്ച എൻ.ഡി.എ സ്ഥാനാർഥി പി.സി. ജോർജ്, ഇത് രാഷ്ട്രീയ സന്ദർശനമല്ലെന്നും സഭയുമായി തനിക്ക് തർക്കങ്ങളില്ലെന്നും വ്യക്തമാക്കി. ദീപിക പത്രത്തിലെ വിമർശനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, അത് ഫാരിസ് അബൂബക്കറിന്റെ പത്രമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. താൻ സഭയ്ക്കല്ല, കാഞ്ഞിരപ്പള്ളി ബിഷപ്പിന് എതിരാണെന്നും കന്യാസ്ത്രീ മഠങ്ങളിലടക്കം വിളിച്ച് യു.ഡി.എഫിന് വോട്ട് ചെയ്യാൻ നിർദേശിച്ച ബിഷപ്പിന്റെ നടപടി നിഷ്പക്ഷതയ്ക്ക് നിരക്കാത്തതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയ നേതൃത്വം കാണിക്കുന്ന ഇത്തരം തെറ്റുകൾ ഇനിയും ചോദ്യം ചെയ്യുമെന്നും ജോർജ് പറഞ്ഞു.

മാർ പള്ളിക്കാപറമ്പിൽ തിരുമേനിയുടെ നൂറാം ജന്മദിനാഘോഷത്തിൽ ആശംസകൾ അറിയിക്കാനാണ് താൻ എത്തിയതെന്ന് അദ്ദേഹം അറിയിച്ചു. സഭയെയല്ല, മറിച്ച് തെറ്റായ നിലപാട് സ്വീകരിച്ച ബിഷപ്പിനെയാണ് താൻ വിമർശിച്ചത്. രാഷ്ട്രീയം പറയാനല്ല താൻ വന്നതെന്നും എന്നാൽ സഭാനേതൃത്വം രാഷ്ട്രീയം കളിച്ചാൽ പ്രതികരിക്കാതിരിക്കാൻ കഴിയില്ലെന്നും ജോർജ് കൂട്ടിച്ചേർത്തു. ബിഷപ്പുമാർ തെറ്റ് ചെയ്താൽ അത് ചൂണ്ടിക്കാണിക്കുന്ന തന്റെ ശൈലി മാറ്റാൻ തയാറല്ലെന്നും തന്നെ വിമർശിക്കുന്നവർ ഇത്തിൾക്കണ്ണികളാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കാഞ്ഞിരപ്പള്ളി ബിഷപ്പിനെതിരെ രൂക്ഷമായ ഭാഷയിലാണ് ജോർജ് സംസാരിച്ചത്. പൂഞ്ഞാറിൽ സഭയ്ക്കായി ഏറ്റവും കൂടുതൽ കാര്യങ്ങൾ ചെയ്തത് താനാണെന്നും എന്നിട്ടും തനിക്കെതിരെ വോട്ട് ചെയ്യാൻ നിർദേശിക്കാൻ ബിഷപ്പിന് എന്ത് അവകാശമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. സഭാനേതൃത്വം വിവരമില്ലാത്തവരെപ്പോലെ പെരുമാറരുത്. വിദേശ ഫണ്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട എഫ്.സി.ആർ.എ നിയമത്തെക്കുറിച്ച് അമിത് ഷാ വിട്ടുവീഴ്ചാ നിലപാട് അറിയിച്ചിട്ടും ബിഷപ്പുമാർ എന്തിനാണ് ഇങ്ങനെ പ്രതികരിക്കുന്നതെന്ന് ജോർജ് ചോദിച്ചു. മെത്രാന്മാർ പറയുന്നത് കേട്ട് ജനം വോട്ട് ചെയ്യുന്ന കാലം കഴിഞ്ഞെന്നും പൂഞ്ഞാറിൽ താൻ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം, പി.സി. ജോർജിനും മകനുമെതിരെ കടുത്ത നിലപാടുമായി ദീപിക പത്രവും രംഗത്തെത്തി. രാഷ്ട്രീയ അവസരവാദികളുടെ ഭീഷണിക്ക് മുൻപിൽ മുട്ടുമടക്കില്ലെന്നും നിലപാടുകൾ ഇനിയും തുറന്നുപറയുമെന്നും ദീപിക മുഖപ്രസംഗത്തിൽ വ്യക്തമാക്കി. രാഷ്ട്രീയ നേട്ടങ്ങൾക്കായി ആരും തങ്ങളെ ഭീഷണിപ്പെടുത്താൻ വരേണ്ടെന്നും സഭയുടെയും പത്രത്തിന്റെയും നിലപാടുകളിൽ മാറ്റമുണ്ടാകില്ലെന്നും അവർ മറുപടി നൽകി. ജോർജിന്റെ രൂക്ഷമായ പ്രതികരണങ്ങൾക്കും അവകാശവാദങ്ങൾക്കും പിന്നാലെ പാലാ രൂപതയിലെ സന്ദർശനം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.