അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിലൂടെയും ബിഗ് ബോസ് സീസൺ 7ലൂടെയുമാണ് പ്രേക്ഷകർക്ക് പ്രിയങ്കരിയായത്. ഷോയ്ക്ക് ശേഷം ഉദ്ഘാടനങ്ങളും ആൽബങ്ങളുമായി തിരക്കിലായ താരം ഇൻസ്റ്റഗ്രാമിൽ സബ്സ്ക്രിപ്ഷൻ തുടങ്ങിയതിന്റെ പേരിൽ വലിയ രീതിയിൽ സൈബർ ആക്രമണങ്ങൾ നേരിട്ടിരുന്നു. എന്നാൽ ഇപ്പോൾ ഒരു ആൽബം ഷൂട്ടിംഗിനിടെ തനിക്കുണ്ടായ ഞെട്ടിപ്പിക്കുന്ന അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് രേണു. തന്റെ സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ പ്രചരിപ്പിക്കാൻ ആൽബം സംവിധായകൻ ശ്രമിച്ചുവെന്നാണ് രേണുവിന്റെ ഗുരുതരമായ ആരോപണം.
സംവിധായകൻ വിപിൻ ലാൽ, പ്രവാസി മലയാളിയായ ഷെഫീന ബീവി എന്നിവർക്കെതിരെയാണ് രേണു രംഗത്തെത്തിയത്. ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ നൽകി തന്നെക്കൊണ്ട് നിർബന്ധിച്ച് ഇന്റിമേറ്റ് രംഗങ്ങൾ അഭിനയിപ്പിക്കാൻ നോക്കിയെന്നും ഇവ പോൺ സൈറ്റുകളിൽ വിൽക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്നുമാണ് രേണു പറയുന്നത്. അവിടെ നിന്ന് തലനാരിഴയ്ക്കാണ് താൻ രക്ഷപ്പെട്ടതെന്ന് താരം വെളിപ്പെടുത്തി. ആൽബത്തിന്റെ കഥ വ്യക്തമാക്കാതെയാണ് വിപിൻ ലാൽ തന്നെ ക്ഷണിച്ചതെന്നും, തനിക്ക് കംഫർട്ടബിൾ ആയ വസ്ത്രങ്ങൾ മാത്രമേ ധരിക്കൂ എന്ന് താൻ നേരത്തെ അറിയിച്ചിരുന്നതായും രേണു വ്യക്തമാക്കി.
എന്നാൽ ഷൂട്ടിംഗ് സെറ്റിലെത്തിയപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞു. അങ്ങേയറ്റം അശ്ലീലമായ രംഗങ്ങളിൽ അഭിനയിക്കാൻ സംവിധായകൻ തന്നെ നിർബന്ധിച്ചുവെന്ന് രേണു ആരോപിക്കുന്നു. വയറ്റിൽ വെച്ച മുന്തിരി സംവിധായകൻ കടിച്ചെടുക്കുന്ന സീൻ, ലിപ് ലോക്ക് രംഗങ്ങൾ, മദ്യപിച്ച് സംവിധായകനെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കുന്ന രംഗങ്ങൾ തുടങ്ങിയവ ചെയ്യാൻ വിപിനും ഭാര്യയും നിർബന്ധിച്ചുവെന്നും ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതായും രേണു പറഞ്ഞു. ഈ വിഡിയോകൾ തെറ്റായ രീതിയിൽ പ്രചരിപ്പിക്കാനായിരുന്നു നീക്കമെന്ന് താരം സംശയിക്കുന്നു.
രേണു ലഹരി ഉപയോഗിച്ചത് കൊണ്ടാണ് ഷൂട്ടിംഗ് തടസ്സപ്പെട്ടതെന്ന സംവിധായകന്റെ ആരോപണം താരം പൂർണ്ണമായും തള്ളി. താൻ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്തിട്ടില്ലെന്നും തെളിവുണ്ടെങ്കിൽ പുറത്തുവിടാൻ അവരെ വെല്ലുവിളിക്കുന്നുവെന്നും രേണു പറഞ്ഞു. റിസോർട്ടിൽ അന്ന് മാധ്യമപ്രവർത്തകർ ഉണ്ടായിരുന്നത് കൊണ്ടാണ് താൻ സുരക്ഷിതയായി മടങ്ങിയത്. കതകടച്ച് കുറ്റിയിട്ടാണ് അവർ തന്നെ ഇന്റിമേറ്റ് സീനുകൾ ചെയ്യാൻ നിർബന്ധിച്ചത്. അവിടെ നിന്ന് രക്ഷപ്പെട്ടില്ലായിരുന്നുവെങ്കിൽ താൻ അപായപ്പെടുമായിരുന്നുവെന്നും രേണു കൂട്ടിച്ചേർത്തു.
ഈ സംഭവങ്ങൾക്ക് പിന്നിൽ ഷെഫീന ബീവി എന്ന സ്ത്രീയാണെന്നും തന്നെ തകർക്കാൻ അവർ ക്വട്ടേഷൻ നൽകിയിരിക്കുകയാണെന്നും രേണു ആരോപിച്ചു. തന്റെ വരുമാന മാർഗ്ഗം ഇല്ലാതാക്കാനാണ് ഇവർ ശ്രമിക്കുന്നത്. തനിക്ക് ഈ യാത്രയിലൂടെ വലിയ സാമ്പത്തിക നഷ്ടം ഉണ്ടായതിനാൽ വിപിൻ ലാൽ നൽകിയ 5000 രൂപ അഡ്വാൻസ് തിരികെ നൽകില്ലെന്നും രേണു വ്യക്തമാക്കി. ഈ കയ്പ്പേറിയ അനുഭവത്തിന് ശേഷം പുതിയ പ്രോജക്ടുകൾ ഏറ്റെടുക്കാൻ തനിക്ക് പേടിയാണെന്നും രേണു സങ്കടത്തോടെ പറഞ്ഞു.




