ചങ്ങനാശേരി∙ കോൺഗ്രസിന്റെ ആഭ്യന്തര വിഷയങ്ങളിൽ ഘടകകക്ഷികൾ എന്തിനാണ് ഇടപെടുന്നതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ചോദിച്ചു. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികളുടെ ഇടപെടൽ കാരണമാണ് മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നത്. ഇത്തരം പ്രവണതകൾ ജനാധിപത്യത്തിന് ഒട്ടും യോജിച്ചതല്ലെന്നും ഇതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആര് വന്നാലും സ്വീകരിക്കുക എന്നതാണ് ജനാധിപത്യ മര്യാദയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഘടകകക്ഷികളുടെ കടുംപിടുത്തം കാരണം ഹൈക്കമാൻഡിന്റെ തീരുമാനം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനം കോൺഗ്രസിനുള്ളതാണെന്ന് നേരത്തെ തന്നെ ധാരണയുള്ളതാണ്. അതിനാൽ തന്നെ സാധ്യതാ പട്ടികയിലുള്ള മൂന്ന് പേരിൽ ആരെയും അനുകൂലിക്കാനോ എതിർക്കാനോ ഘടകകക്ഷികൾക്ക് അവകാശമില്ല. വലിയ വിജയം കിട്ടിയിട്ടും ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ യുഡിഎഫിന് മുപ്പതോളം സീറ്റുകൾ നഷ്ടപ്പെടുന്ന അവസ്ഥയാണെന്നും സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോൺഗ്രസിന്റെ ഉൾപ്പാർട്ടി കാര്യങ്ങളിൽ എൻഎസ്എസ് ഇടപെടാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ വിദ്യാഭ്യാസ വകുപ്പ് ജനകീയമാകാൻ അത് കോൺഗ്രസ് തന്നെ ഏറ്റെടുക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിട്ടുള്ളതാണ്. ഒരു വിഭാഗം മാത്രം ആ വകുപ്പ് കൈവശം വെക്കുന്നത് ശരിയല്ല. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് താക്കോൽ സ്ഥാനം ആവശ്യപ്പെട്ടത് മറ്റൊരു വിഭാഗത്തിന്റെ ജാതി പറയുട്ടുള്ള പിടിവാശി മൂലമായിരുന്നു. രമേശ് ചെന്നിത്തലയോട് വ്യക്തിപരമായ സൗഹൃദമുണ്ടെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരുടെയും പേരിനോട് തനിക്ക് പ്രത്യേക താൽപ്പര്യമില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി.




