Featured Spotlight

എല്ലാവരും പുരുഷന്മാർ! എന്തുകൊണ്ട് സ്ത്രീകളില്ല? പുരുഷന്മാർ മാത്രമുള്ള CJP ടീമിനെതിരെ പ്രതിഷേധം, മറുപടിയുമായി പാർട്ടി മേധാവി

‘കോക്രോച്ച് ജനതാ പാർട്ടി’ (CJP) ഡൽഹിയിൽ നടത്താനിരിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി തങ്ങളുടെ വക്താക്കളുടെ പേരുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ വലിയൊരു വിവാദം ഉടലെടുത്തിരിക്കുകയാണ്. പാർട്ടി സ്ഥാപകനായ അഭിജീത് ദിപ്കെയുടെ നേതൃത്വത്തിലുള്ള വക്താക്കളുടെ സംഘത്തിൽ മുഴുവൻ പുരുഷന്മാർ മാത്രമാണെന്നും എന്തുകൊണ്ടാണ് ഒരു വനിതാ വക്താവ് പോലും ഇല്ലാത്തതെന്നും സോഷ്യൽ മീഡിയയിൽ പലരും ചോദ്യം ചെയ്യുകയാണ്. ശിവസേന (യു.ബി.ടി) നേതാവ് പ്രിയങ്ക ചതുർവേദി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളും പാർട്ടിയിലെ ഈ വിവേചനത്തെ പരസ്യമായി വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

സ്ഥാപകനും സഹസ്ഥാപകനും വക്താക്കളുമെല്ലാം ഉൾപ്പെടെ നൂറു ശതമാനവും പുരുഷന്മാർ മാത്രമുള്ള ഒരു സംഘവുമായാണ് കോക്രോച്ച് ജനതാ പാർട്ടി തുടങ്ങിയിരിക്കുന്നതെന്നും, ഇനി എന്തൊക്കെയാണ് പുറത്തുവരാൻ പോകുന്നതെന്ന് കാത്തിരുന്ന് കാണാമെന്നും പ്രിയങ്ക ചതുർവേദി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ (X) കുറിച്ചു. തൊഴിലില്ലായ്മ, ഭരണം, ഉത്തരവാദിത്തം തുടങ്ങിയ ജനകീയ വിഷയങ്ങളിൽ ഊന്നി പ്രവർത്തിക്കുന്ന ഒരു പാർട്ടിയാണിത്.

ഈ വിമർശനങ്ങൾക്കും ആരോപണങ്ങൾക്കും മറുപടിയുമായി പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ രംഗത്തെത്തി. തങ്ങളുടെ ടീമിലെ വനിതാ അംഗങ്ങൾക്ക് വക്താവ് സ്ഥാനം വാഗ്ദാനം ചെയ്തിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ പാർട്ടിക്ക് നേരെ നിരന്തരം ഓൺലൈൻ ഭീഷണികൾ വരുന്ന സാഹചര്യത്തിൽ, മുൻനിരയിൽ നിന്ന് സംസാരിക്കാൻ തങ്ങൾക്ക് താല്പര്യമില്ലെന്ന് വനിതാ അംഗങ്ങൾ തന്നെ അറിയിക്കുകയായിരുന്നു എന്നാണ് അദ്ദേഹം നൽകിയ വിശദീകരണം. ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ ഉയർന്ന ഈ വിവാദം സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.