നിയമങ്ങൾ സാധാരണക്കാർക്ക് മാത്രമുള്ളതാണോ? ഇൻഡോർ എം.എൽ.എ മഹേന്ദ്ര ഹർദിയ ഹെൽമറ്റില്ലാതെ ബുള്ളറ്റ് ഓടിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചോദ്യങ്ങളുമായി ജനങ്ങൾ.
ബി.ജെ.പി നേതാവും മുൻ മന്ത്രിയുമായ മഹേന്ദ്ര ഹർദിയ ഇൻഡോറിലെ റോഡിലൂടെ ഹെൽമറ്റ് ധരിക്കാതെ റോയൽ എൻഫീൽഡ് ബുള്ളറ്റ് ഓടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ടീഷർട്ടും ഷോർട്സും ധരിച്ച്, കൂളിംഗ് ഗ്ലാസും വെച്ച് വളരെ ലാഘവത്തോടെയാണ് അദ്ദേഹം ബുള്ളറ്റ് ഓടിക്കുന്നത്. ഈ വീഡിയോ വൈറലായതോടെ, വി.ഐ.പി സംസ്കാരത്തിനെതിരെയും ട്രാഫിക് നിയമങ്ങൾ നടപ്പിലാക്കുന്നതിലെ വിവേചനത്തിനെതിരെയും ജനങ്ങൾ രംഗത്തെത്തി.
സാധാരണക്കാരായ യാത്രക്കാർക്കെതിരെ ട്രാഫിക് പോലീസ് അടുത്തിടെ കർശന നടപടിയെടുത്ത പശ്ചാത്തലത്തിലാണ്, നിയമങ്ങൾ സാധാരണക്കാർക്ക് മാത്രമാണോ ബാധകം എന്ന് സോഷ്യൽ മീഡിയയിലൂടെ ജനങ്ങൾ ചോദിക്കുന്നത്. മഹേന്ദ്ര ഹർദിയക്ക് ആര് പിഴ ചുമത്തുമെന്ന ചോദ്യമുയർത്തുന്നതിനൊപ്പം, അടുത്തിടെ ഇൻഡോറിൽ നടന്ന മറ്റൊരു സംഭവവും ആളുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഹെൽമറ്റില്ലാതെ സ്കൂട്ടർ ഓടിച്ച ഒരു പെൺകുട്ടിയെ ട്രാഫിക് പോലീസ് തടയുകയും, ആ നടപടിക്കിടെ പെൺകുട്ടിക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മറ്റൊരു രാഷ്ട്രീയ നേതാവിനെതിരെ നടപടിയെടുത്തതിന് മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത സംഭവവും ജനങ്ങൾ ഓർമ്മിപ്പിച്ചു.
സ്വാധീനമുള്ള വ്യക്തികൾ ഇൻഡോറിൽ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന നിരവധി വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ ഉണ്ടെങ്കിലും അവർക്കെതിരെ നടപടിയുണ്ടാകാറില്ലെന്നാണ് ഉയരുന്ന വിമർശനം. ഹെൽമറ്റ് ധരിക്കാത്ത സാധാരണക്കാരിൽ നിന്ന് ഇൻഡോർ ട്രാഫിക് പോലീസ് കൃത്യമായി പിഴ ഈടാക്കാറുണ്ട്. എന്നാൽ ജനപ്രതിനിധിയായ എം.എൽ.എക്കെതിരെയും ഇത്തരം നടപടിയുണ്ടാകുമോ എന്നാണ് ഇപ്പോൾ പൊതുജനങ്ങൾ ചോദിക്കുന്നത്. നിയമം നിർമ്മിക്കുന്നവർ തന്നെ അത് ലംഘിക്കുന്നത് പൊതുജനങ്ങൾക്ക് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും നാട്ടുകാർ പറയുന്നു.




