Featured Spotlight

ജ്യോത്സ്യന്റെ പ്രവചനം; പ്രണയിതാവിന് അല്പായുസ്സെന്ന് കേട്ട യുവതി ജീവനൊടുക്കി

ബെംഗളൂരുവിൽ ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹം കഴിക്കാനിരുന്ന യുവാവിന് ജ്യോത്സ്യൻ അല്പായുസ്സ് പ്രവചിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. എം.ഇ.ഐ. ലേഔട്ടിൽ താമസിച്ചിരുന്ന എം.ബി.എ. ബിരുദധാരിയായ വിദ്യാജ്യോതിയാണ് (27) മരിച്ചത്.

ഇതരജാതിയിൽപ്പെട്ട യുവാവുമായുള്ള വിവാഹത്തിന് വീട്ടുകാർ ആദ്യം എതിർപ്പായിരുന്നെങ്കിലും പിന്നീട് സമ്മതിച്ചിരുന്നു. എന്നാൽ വിവാഹത്തിന് മുൻപായി ജാതകം പരിശോധിച്ചപ്പോൾ പ്രതിശ്രുത വരന്റെ ആയുസ്സ് കുറവാണെന്നും പരിഹാരമായി ഒൻപതുദിവസത്തെ പൂജകൾ വേണമെന്നും ജ്യോത്സ്യൻ നിർദ്ദേശിച്ചു. ഇതനുസരിച്ചുള്ള ചടങ്ങുകൾ നടന്നുവരുന്നതിനിടെയാണ് യുവതി കടുത്ത മാനസിക സമ്മർദ്ദത്തിലായത്.

എട്ടാം ദിവസത്തെ പൂജയ്ക്ക് ശേഷം മുറിയിൽ കയറി വാതിലടച്ച വിദ്യാജ്യോതിയെ പിന്നീട് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് നിലവിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.