പെരമ്പൂരിൽ നടന്ന സ്കൂൾ കെട്ടിട ഉദ്ഘാടന ചടങ്ങിനിടെ ഭരണകക്ഷിയായ ഡിഎംകെയും തമിഴക വെട്രി കഴകം (ടിവികെ) പാർട്ടിയും തമ്മിലുള്ള രാഷ്ട്രീയപ്പോര് പരസ്യമായി. സ്കൂൾ ക്ലാസ് റൂമുകളുടെ ഉദ്ഘാടന വേദിയിലാണ് ഡിഎംകെ പ്രതിനിധിയായ മേയർ ആർ. പ്രിയയും ടിവികെ എംഎൽഎ എം.ആർ. പല്ലവിയും തമ്മിൽ കടുത്ത കൊമ്പുകോർക്കൽ ഉണ്ടായത്.
പെരമ്പൂരിലെ ഒരു ഉർദു സ്കൂളിൽ നടന്ന ചടങ്ങിൽ മേയർ ആർ. പ്രിയ ആയിരുന്നു ആദ്യം ഭദ്രദീപം കൊളുത്തിയത്. തൊട്ടടുത്ത് നിന്നിരുന്ന ടിവികെ എംഎൽഎ എം.ആർ. പല്ലവി വിളക്ക് കൊളുത്താനായി മെഴുകുതിരി വാങ്ങാൻ കൈ നീട്ടിയെങ്കിലും, മേയർ അവരെ പൂർണ്ണമായി അവഗണിച്ചുകൊണ്ട് മെഴുകുതിരി നേരിട്ട് അടുത്തുള്ള ഐഎഎസ് ഉദ്യോഗസ്ഥന് കൈമാറി. ഔദ്യോഗിക ചടങ്ങിൽ വെച്ച് പരസ്യമായി അപമാനിതയായതിനെത്തുടർന്ന് കടുത്ത പ്രതിഷേധവുമായി എംഎൽഎ പല്ലവി ഉടൻ തന്നെ വേദിയിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.
പിന്നീട് സർക്കാർ ഉദ്യോഗസ്ഥർ ഇടപെട്ട് എംഎൽഎയെ അനുനയിപ്പിക്കുകയും, പുളിയന്തോപ്പിൽ നിശ്ചയിച്ചിരുന്ന അടുത്ത ക്ലാസ് റൂം ഉദ്ഘാടന ചടങ്ങിലേക്ക് അവരെ കൂട്ടിക്കൊണ്ടുവരികയും ചെയ്തു. ഈ വേദിയിൽ വെച്ച് മേയർ പ്രിയ പല്ലവിക്ക് നേരെ മെഴുകുതിരി നീട്ടിയെങ്കിലും, ടിവികെ എംഎൽഎ അത് വാങ്ങാൻ കൂട്ടാക്കിയില്ല. പകരം മറ്റൊരാളുടെ കയ്യിൽ നിന്നുമാണ് പല്ലവി തിരി വാങ്ങിയത്. മേയറുടെ മുഖത്തുനോക്കി നിലപാട് വ്യക്തമാക്കിയ എംഎൽഎയുടെ ഈ നീക്കത്തെ ചടങ്ങിൽ പങ്കെടുത്ത ടിവികെ പ്രവർത്തകർ വലിയ കൈയടികളോടെയാണ് സ്വീകരിച്ചത്.
സംഭവം വിവാദമായതോടെ മേയർ പ്രിയ വിശദീകരണവുമായി രംഗത്തെത്തി. എംഎൽഎയെ മനഃപൂർവ്വം അവഗണിക്കാൻ തനിക്ക് യാതൊരു ഉദ്ദേശവുമില്ലായിരുന്നുവെന്നും ഔദ്യോഗിക പ്രോട്ടോക്കോൾ മാത്രമാണ് താൻ പാലിച്ചതെന്നുമാണ് മേയർ ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കിയത്. ചടങ്ങുകളിൽ മേയർക്ക് ശേഷം ഐഎഎസ് ഉദ്യോഗസ്ഥർ വിളക്ക് കൊളുത്തുന്നതാണ് പതിവെന്നും, എംഎൽഎ അല്പം ക്ഷമ കാണിക്കണമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം മേയറുടെ ഈ പെരുമാറ്റം അഹങ്കാരം നിറഞ്ഞതാണെന്നായിരുന്നു എംഎൽഎ പല്ലവിയുടെ പ്രതികരണം. ഭരണത്തിന്റെ ഈ അഹങ്കാരം അധികകാലം നിലനിൽക്കില്ലെന്ന് പറഞ്ഞ അവർ, തന്റെ പാർട്ടി നേതാവായ വിജയ്യെപ്പോലെ ക്ഷമിക്കുന്ന സ്വഭാവമുള്ളതിനാലാണ് താൻ അടുത്ത ചടങ്ങിൽ പങ്കെടുത്തതെന്നും വ്യക്തമാക്കി. തന്നെ ചടങ്ങിലേക്ക് ക്ഷണിച്ച സർക്കാർ ഉദ്യോഗസ്ഥരോടുള്ള മര്യാദ പുറത്താണ് താൻ അവിടെ എത്തിയതെന്നും എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു.




