Sports

കളിതോറ്റിട്ടും ഹാർദിക്കിന്റെ ‘പഞ്ചാരയടി, ‘ഉറങ്ങുമോ? വിളിക്കാം’, ചിരിയോടെ മഹികയും, നിരാശയോടെ ബുമ്രയുടെ ഭാര്യ; രൂക്ഷവിമർശനം

വാങ്കഡേ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനോട് 103 റൺസിന്റെ കനത്ത തോൽവിയാണ് മുംബൈ ഇന്ത്യൻസ് ഏറ്റുവാങ്ങിയത്. ഐപിഎൽ ചരിത്രത്തിൽ റൺസ് അടിസ്ഥാനത്തിൽ മുംബൈ വഴങ്ങുന്ന ഏറ്റവും വലിയ തോൽവിയാണിത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ, സഞ്ജു സാംസണിന്റെ തകർപ്പൻ സെഞ്ചറി മികവിൽ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 207 റൺസെടുത്തു. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ വെറും 104 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. ചെന്നൈയെ സംബന്ധിച്ചിടത്തോളം അവരുടെ ഏറ്റവും വലിയ വിജയമാണിത്. ഇതോടെ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തേക്ക് മുംബൈ പിന്തള്ളപ്പെട്ടു.

സീസണിൽ കളിച്ച ഏഴ് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രം ജയിച്ച മുംബൈയുടെ അവസ്ഥ പരിതാപകരമാണ്. സ്വന്തം മൈതാനത്ത് തുടർച്ചയായി മൂന്ന് മത്സരങ്ങൾ തോറ്റതോടെ നായകൻ ഹാർദിക് പാണ്ഡ്യയ്ക്കെതിരെ ആരാധകർ കടുത്ത പ്രതിഷേധത്തിലാണ്. ബാറ്റിങ്ങിലും ബോളിങ്ങിലും നായകനെന്ന നിലയിലും ഹാർദിക് പരാജയമാണെന്നാണ് ഉയരുന്ന വിമർശനം. ചെന്നൈയ്ക്കെതിരെ രണ്ട് ഓവറിൽ 38 റൺസ് വഴങ്ങിയ ഹാർദിക് വിക്കറ്റൊന്നും നേടിയില്ലെന്ന് മാത്രമല്ല, ബാറ്റിങ്ങിൽ വെറും ഒരു റൺസെടുത്ത് പുറത്താവുകയും ചെയ്തു.

മത്സരത്തിനിടെ ഗാലറിയിലുണ്ടായിരുന്ന കാമുകി മഹിക ശർമയോട് ഹാർദിക് ആംഗ്യഭാഷയിൽ സംസാരിക്കുന്ന വീഡിയോ പുറത്തുവന്നത് വിമർശനങ്ങളുടെ ആക്കം കൂട്ടിയിട്ടുണ്ട്. ഹാർദിക്കിന്റെ മകനും സഞ്ജന ഗണേശൻ, മാലതി ചാഹർ എന്നിവരും മഹികയ്ക്കൊപ്പമുണ്ടായിരുന്നു. ഗ്രൗണ്ടിൽ നിൽക്കുമ്പോൾ ഗാലറിയിലുള്ളവരോട് സംസാരിക്കുന്നതും ‘വിളിക്കാം’ എന്ന് ആംഗ്യം കാണിക്കുന്നതുമായ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ടീം തോൽക്കുമ്പോഴും നായകന് അച്ചടക്കമില്ലെന്നും കളിക്കളത്തിൽ വ്യക്തിപരമായ കാര്യങ്ങൾക്ക് പ്രാധാന്യം നൽകുന്നുവെന്നുമാണ് ആരാധകരുടെ ആരോപണം.

ഹാർദിക്കിനെപ്പോലെ തന്നെ മഹിക ശർമയ്ക്കെതിരെയും സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നുണ്ട്. ബുമ്രയുടെ ഭാര്യയും ദീപക് ചാഹറിന്റെ സഹോദരിയും മത്സരം തോറ്റതിൽ നിരാശരായി കാണപ്പെട്ടെങ്കിലും മഹിക വളരെ സന്തോഷത്തോടെയാണ് ഹാർദിക്കിനോടു പ്രതികരിച്ചത്. ഇതു ചൂണ്ടിക്കാട്ടിയാണ് വിമർശനം. ടീം വലിയൊരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ നായകൻ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്നാണ് വിമർശകർ പറയുന്നത്. ഏപ്രിൽ 29ന് സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് മുംബൈയുടെ അടുത്ത പോരാട്ടം. അതിലെങ്കിലും ടീമിന് ജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.