Crime Featured

തോക്ക്, കത്തി, സ്പ്രേ… കാമുകന്റെ ഭാര്യയെ കൊലപ്പെടുത്തി 45-കാരി, കുത്തിയത് 10 തവണ

മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ കാമുകന്റെ ഭാര്യയെ നാൽപ്പത്തിയഞ്ചുകാരി അതിക്രൂരമായി കൊലപ്പെടുത്തിയ വാർത്ത ഞെട്ടലുണ്ടാക്കുന്നു. സാധന മഹേന്ദ്ര സോൻപട്കർ (40) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഷീല സോനാർ എന്ന സ്ത്രീയാണ് ഈ ക്രൂരകൃത്യം ചെയ്തത്. സാധനയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ ഷീല, കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സാധനയെ പത്തോളം തവണ കുത്തി വീഴ്ത്തുകയായിരുന്നു. കഴുത്തിലും നെഞ്ചിലുമാണ് മാരകമായ പരിക്കേറ്റത്. രാവിലെ പത്തു മണിയോടെ സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.

കൊലപാതകം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്ന സാധനയുടെ ഭർതൃമാതാവ് പൊലീസിന് നൽകിയ മൊഴി ഭയാനകമാണ്. ഷീലയുടെ കയ്യിൽ തോക്കുപോലെയുള്ള ആയുധം ഉണ്ടായിരുന്നെന്നും അത് താൻ തട്ടിപ്പറിച്ച് ജനലിലൂടെ പുറത്തേക്ക് എറിഞ്ഞെന്നും അവർ പറഞ്ഞു. ഇതിന് ശേഷമാണ് ഷീല കത്തി പുറത്തെടുത്ത് സാധനയെ ആക്രമിച്ചത്. ആക്രമണത്തിനായി ഷീല മുൻകൂട്ടി തയ്യാറെടുത്താണ് എത്തിയതെന്ന് സൂചിപ്പിക്കുന്ന സ്പ്രേ തുടങ്ങിയവയും ഇവരുടെ പക്കൽ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വീടിന്റെ ലിവിങ് റൂമിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന സാധനയെയും സമീപം തളർന്നിരിക്കുന്ന ഭർതൃമാതാവിനെയും ദൃശ്യങ്ങളിൽ കാണാം. അയൽവാസികളാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. 2017 മുതൽ ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന ഷീലയ്ക്ക് കൊല്ലപ്പെട്ട സാധനയുടെ ഭർത്താവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഈ ബന്ധത്തെച്ചൊല്ലിയുള്ള തർക്കങ്ങളും വിദ്വേഷവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം തുടരുകയാണ്.