തിരുവനന്തപുരം: പശ്‌ചിമബംഗാള്‍ സ്വദേശികളെന്ന വ്യാജേന സ്‌പായില്‍ ജോലി ചെയ്‌തുവന്ന രണ്ടു ബംഗ്ലാദേശ് യുവതികള്‍ അറസ്‌റ്റില്‍. തിരുവനന്തപുരം ജഗതിയിലുള്ള പേള്‍ വെല്‍നസ് സ്‌പായില്‍ തെറാപ്പിസ്‌റ്റുകളായി പ്രവര്‍ത്തിച്ചുവന്ന യുവതികളാണ് അറസ്‌റ്റിലായത്.
പാസ്‌പോര്‍ട്ടോ തിരിച്ചറിയല്‍ കാര്‍ഡോ മറ്റ് ഔദ്യോഗിക രേഖകളോ ഇല്ലാതെയായിരുന്നു ഇവരുടെ താമസം. കമ്മിഷണര്‍ കെ. കാര്‍ത്തിക്കിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം മ്യൂസിയം എസ്.എച്ച്.ഒ: ഗിരീഷ് കുമാറിന്റെ
നേതൃത്വത്തിലുള്ള പോലീസ് സംഘം സ്‌പായില്‍ റെയ്‌ഡ് നടത്തി ഇരുവരെയും പിടികൂടുകയായിരുന്നു. ആന്റി ടെററിസ്‌റ്റ് സ്‌ക്വാഡ് അംഗങ്ങളും റെയ്‌ഡില്‍ പങ്കെടുത്തു. സ്‌പായുടെ ഉടമസ്‌ഥരായ രണ്ടുപേരും അറസ്‌റ്റിലായിട്ടുണ്ട്.
തിരുവനന്തപുരം പാച്ചല്ലൂര്‍ സ്വദേശി നുഹു ഹുസൈന്‍, ശാസ്‌തവട്ടം വേങ്ങ സ്വദേശി ഹരികൃഷ്‌ണന്‍ എന്നിവരാണ് അറസ്‌റ്റിലായത്. മതിയായ രേഖകളില്ലാതെ വിദേശവനിതകളെ ജോലിക്കു നിയോഗിച്ചതിനാണ് ഇരുവരെയും അറസ്‌റ്റ് ചെയ്‌തത്. പിടിയിലായ രണ്ടു യുവതികളും 21 വയസുള്ളവരാണ്. ബംഗ്ലാദേശ് യുവതികള്‍ എങ്ങനെ കേരളത്തിലെത്തി എന്നതിനെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തും.
ജോലിക്കാണോ മറ്റു ലക്ഷ്യങ്ങളോടെയാണോ ഇവര്‍ സംസ്‌ഥാനത്തെത്തിയതെന്ന് അന്വേഷിക്കും. ബംഗ്ലാദേശ് സ്വദേശികളായതിനാല്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും അന്വേഷണമാരംഭിച്ചിട്ടുണ്ട്.




