ഫിറോസ് ഖാനുമായുള്ള വിവാഹമോചനത്തിന് കാരണം മറ്റൊരാളുമായുള്ള ബന്ധമാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളെ ശക്തമായി തള്ളിക്കൊണ്ട് സജ്ന നൂർ രംഗത്തെത്തി. തങ്ങളുടെ ഇടയിലേക്ക് മൂന്നാമതൊരാൾ കടന്നുവന്നിട്ടില്ലെന്നും വ്യക്തിപരമായ കാരണങ്ങളാൽ പരസ്പരം സംസാരിച്ചു തീരുമാനിച്ചാണ് വേർപിരിഞ്ഞതെന്നും സജ്ന വ്യക്തമാക്കി. തങ്ങൾക്ക് ഇല്ലാത്ത വിഷമമാണ് മറ്റുള്ളവർക്ക്. ഇനി ഫിറോസിന്റെ ജീവിതത്തിൽ ഒരു പെണ്ണ് വന്നാലോ തന്റെ ജീവിതത്തിൽ മറ്റൊരു പുരുഷൻ വന്നാലോ അത് തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്നും സജ്ന പറഞ്ഞു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കും വീഡിയോകൾക്കുമുള്ള മറുപടിയായാണ് സജ്ന ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
താൻ പങ്കുവെച്ച ഒരു ഫോട്ടോ വൈറലായതിന് പിന്നാലെ, ഇന്ന വ്യക്തി കാരണമാണ് വിവാഹബന്ധം തകർന്നതെന്ന രീതിയിൽ വരുന്ന പോസ്റ്റുകൾ സജ്നയെ വേദനിപ്പിച്ചു. തങ്ങൾ നേരിട്ട് വന്ന് ജീവിതത്തിലെ കാര്യങ്ങൾ വെളിപ്പെടുത്തിയതാണ്. എന്നാൽ തങ്ങൾ ചിന്തിക്കുക പോലും ചെയ്യാത്ത കാര്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. തന്റെ ജീവിതത്തിൽ നാളെ ഒരാൾ വന്നാൽ പോലും, ഇന്നയാൾ കാരണമാണ് പഴയ ബന്ധം തകർന്നതെന്ന് ആളുകൾ പറയുന്ന അവസ്ഥ മോശമാണ്. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞുണ്ടാക്കരുതെന്നും തങ്ങൾക്കിടയിലെ പ്രശ്നങ്ങൾ മറ്റൊരാൾ മൂലമുണ്ടായതല്ലെന്നും സജ്ന ആവർത്തിച്ചു.
ഫിറോസുമായി ഇപ്പോഴും നല്ല സൗഹൃദത്തിലാണ് കഴിയുന്നത്. മക്കൾക്ക് വേണ്ടിയും മറ്റും ഇപ്പോഴും സംസാരിക്കാറുണ്ട്. നാളെ താൻ ഒരാളെ സ്നേഹിക്കുകയോ വിവാഹം കഴിക്കുകയോ ചെയ്തേക്കാം, അത് തന്റെ തീരുമാനമാണ്. എന്നാൽ മറ്റൊരു വ്യക്തിയെ ഇതിലേക്ക് വലിച്ചിഴച്ച് അവർ കാരണമാണ് കുടുംബം തകർന്നതെന്ന് പറയുന്നത് അങ്ങേയറ്റം തെറ്റായ പ്രവണതയാണെന്നും സജ്ന ചൂണ്ടിക്കാട്ടി. അത്തരം പ്രസ്താവനകൾ വ്യക്തികളെ മാത്രമല്ല, തങ്ങളുടെ കുട്ടികളെയും മാനസികമായി ബാധിക്കുമെന്ന ആശങ്കയും അവർ പങ്കുവെച്ചു.
പപ്പയും മമ്മയും പിരിയാൻ കാരണം മറ്റൊരാളാണെന്ന് മക്കൾ ചിന്തിക്കുന്നത് അവർക്ക് വിഷമമുണ്ടാക്കും. വളരെ വ്യക്തതയോടെയും സന്തോഷത്തോടെയും പിരിഞ്ഞവരാണ് തങ്ങൾ. ഓരോരുത്തരുടെയും ഇഷ്ടങ്ങളും സുഹൃദ്ബന്ധങ്ങളും വ്യത്യസ്തമായിരിക്കും. ഒരു ചിത്രം കണ്ടതുകൊണ്ട് മാത്രം ഒരാളെ പ്രതിക്കൂട്ടിലാക്കരുത്. മറ്റാരും പറയാനില്ലാത്തതുകൊണ്ടാണ് താൻ തന്നെ നേരിട്ട് വന്ന് ഇക്കാര്യത്തിൽ വ്യക്തത നൽകുന്നതെന്നും സജ്ന പറഞ്ഞു. വേർപിരിഞ്ഞെങ്കിലും പരസ്പര ബഹുമാനത്തോടെയാണ് മുന്നോട്ട് പോകുന്നതെന്ന് സജ്നയുടെ വാക്കുകൾ വ്യക്തമാക്കുന്നു.




