Crime

കാന്‍സറാണെന്ന് ഭയന്ന് ലൈംഗിക ബന്ധം നിഷേധിച്ചു; 65 കാരിയെ കഴുത്തുഞെരിച്ച് കൊന്ന് കാമുകന്‍

ലൈംഗിക ബന്ധത്തിന് സമ്മതിക്കാത്തിന്റെ പേരില്‍ 65കാരിയെ കഴുത്തുഞെരിച്ച് കൊന്ന് കാമുകന്‍ . ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയില്‍ നടന്ന ക്രൂരകൃത്യത്തില്‍ ബറായി ഗ്രാമത്തിലെ സ്വരയ് ദേവിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അതേ ഗ്രാമത്തില്‍ നിന്നുള്ള ദിനേശ് കുമാര്‍ സെന്നിനെ (55) പൊലീസ് അറസ്റ്റ് ചെയ്തു.

25-ാം തീയതി വീട്ടില്‍ നിന്നും അസാധാരണമായ ദുര്‍ഗന്ധം വന്നതോടെ അയല്‍ക്കാര്‍ നടത്തിയ പരിശോധനയിലാണ് കട്ടിലില്‍ മൃതദേഹം കണ്ടെത്തിയത്. ആദ്യം അസാധാരണ മരണത്തിന് പൊലീസ് കേസെടുത്തെങ്കിലും പിന്നീട് വീട്ടില്‍നിന്നും നഷ്ടമായ ഒരു മൊബൈല്‍ ഫോണ്‍ ലഭിച്ചതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കൃത്യത്തിനു ശേഷം അറസ്റ്റ് ഭയന്ന് ദിനേശ് കുമാര്‍ മൊബൈല്‍ ഫോണ്‍ വീടിന് സമീപത്തെ തോട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു.

വിവാഹിതയെങ്കിലും ഭര്‍ത്താവ് ഉപേക്ഷിച്ച സ്വരയ് ദേവി വീട്ടില്‍ ഒറ്റയ്ക്കാണ് താമസം. ദിനേശ് കുമാറാണ് ഇവര്‍ക്ക് പാലും മറ്റ് അവശ്യസാധനങ്ങളും വാങ്ങി നല്‍കിയിരുന്നത്. ഈ പരിചയം പിന്നീട് പ്രണയത്തിലേക്കും ലൈംഗിക ബന്ധത്തിലേക്കും എത്തിയെന്നാണ് പൊലീസ് പറയുന്നത്.

ഇരുവരും രാത്രിയില്‍ ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു. പതിവായി രാത്രി ദിനേശ് വീട്ടിലെത്തും . മേയ് 23 ന് രാത്രി ഫോണ്‍ വിളിക്കുശേഷം സ്വരയ് ദേവിയുടെ വീട്ടിലെത്തിയ ദിനേശ് ലൈംഗിക ബന്ധത്തിന് അവരെ നിര്‍ബന്ധിച്ചു. എന്നാല്‍ ദിനേശ് കുമാറിന് തൊണ്ടയില്‍ പ്രശ്നങ്ങളുണ്ടെന്ന് അറിഞ്ഞ സ്വരയ് ദേവി അയാള്‍ക്ക് കാന്‍സറാണെന്ന ആശങ്കയില്‍ ലൈംഗിക ബന്ധം നിഷേധിച്ചു. ദിനേശ് നിർബന്ധം തുടര്‍ന്നെങ്കിലും സ്വരയ് ദേവി തള്ളിമാറ്റി. ഇതിൽ പ്രകോപിതനായ ദിനേശ് കുമാര്‍ തുണി കഴുത്തില്‍ കുരുക്കി ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു എന്ന് എഎസ്പി പറഞ്ഞു.

വീടിന് സമീപത്തെ തോട്ടില്‍ നിന്നും മൊബൈല്‍ ഫോണ്‍ ലഭിച്ചതോടെയാണ് കേസില്‍ ദിനേശ് കുമാര്‍ കുടുങ്ങുന്നത്. സ്വരയ് ദേവിയുമായി അവസാനം ഫോണില്‍ സംസാരിച്ചത് ദിനേശാണെന്ന് കണ്ടെത്തിയ പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.