പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിച്ചതും പൈജാമയുടെ ചരട് അഴിക്കാൻ ശ്രമിച്ചതും ബലാത്സംഗശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി പൂർണ്ണമായും റദ്ദാക്കി. ഹൈക്കോടതിയുടെ കണ്ടെത്തൽ നിയമത്തെ തെറ്റായി വ്യാഖ്യാനിക്കുന്നതാണെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
വസ്ത്രത്തിന്റെ ചരട് അഴിക്കാൻ ശ്രമിക്കുന്നത് കേവലം ശാരീരിക ഉപദ്രവമല്ലെന്നും, മറിച്ച് ബലാത്സംഗം ചെയ്യാനുള്ള വ്യക്തമായ ഉദ്ദേശ്യത്തോടെയുള്ള പ്രവൃത്തിയാണെന്നും കോടതി വ്യക്തമാക്കി.
കുറ്റകൃത്യത്തെ ‘സ്ത്രീത്വത്തെ അപമാനിക്കൽ’ എന്ന ലഘുവായ വകുപ്പിലേക്ക് മാറ്റിയ ഹൈക്കോടതി നടപടി അങ്ങേയറ്റം അനുചിതമാണെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി. ലൈംഗികാതിക്രമ കേസുകളിൽ കോടതികൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ഓർമ്മിപ്പിച്ച സുപ്രീംകോടതി, പ്രതിക്ക് വിചാരണാകോടതി വിധിച്ചിരുന്ന ബലാത്സംഗശ്രമത്തിനുള്ള കഠിനശിക്ഷ പുനഃസ്ഥാപിച്ചു.
അലഹബാദ് ഹൈക്കോടതി വിധി പുറത്തുവന്നപ്പോൾ സ്വമേധയാ എടുത്ത കേസിലാണ് സുപ്രീംകോടതിയുടെ ഈ സുപ്രധാന തിരുത്തൽ നടപടി. ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായ കേസിലാണ് കോടതിയുടെ നിരീക്ഷണം.




