മധുരൈ: സ്ത്രീധന മരണങ്ങള്‍ ഇന്ത്യയില്‍ വളരെ സാധാരണമായി മാറുന്നു. 28 വയസ്സുള്ള പ്രിയദര്‍ശിനി എന്ന യുവതി മധുരയില്‍ ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിലും സ്ത്രീധന പീഡനം. ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചു. വന്‍തോതില്‍ സ്വര്‍ണ്ണം നല്‍കിയിട്ടും അതില്‍ തൃപ്തി വരാതെ കുടുതല്‍ സ്വര്‍ണ്ണം ചോദിച്ചായിരുന്നു പീഡനമെന്നാണ് പറയുന്നത്.
ഉസിലാംപെട്ടിക്ക് സമീപമുള്ള പെരുമാള്‍ കോവില്‍പെട്ടി സ്വദേശിനിയായ പ്രിയദര്‍ശിനി, 2024 സെപ്റ്റംബറിലാണ് സെല്ലൂര്‍ സ്വദേശി റൂബന്‍രാജിനെ വിവാഹം കഴിച്ചത്. വിവാഹസമയത്ത് 150 പവന്‍ സ്വര്‍ണം സ്ത്രീധനമായി നല്‍കിയിരുന്നു. എന്നാല്‍, വാഗ്ദാനം ചെയ്ത 150 പവന്‍ കൂടി നല്‍കാന്‍ കഴിയാതിരുന്നതോടെ പ്രശ്‌നങ്ങള്‍ തുടങ്ങി.
പ്രിയദര്‍ശിനിയുടെ മാതാപിതാക്കളായ അഗ്‌നിയുടെയും സെല്‍വിയുടെയും മൊഴി പ്രകാരം റൂബന്‍രാജും മാതാപിതാക്കളായ ഇളങ്കേശ്വരനും ധനഭാഗ്യവും ബാക്കിയുള്ള സ്വര്‍ണം ആവശ്യപ്പെട്ട് മകളെ നിരന്തരം പീഡിപ്പിച്ചിരുന്നു. പീഡനം സഹിക്കവയ്യാതെ പ്രിയദര്‍ശിനി കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു.
തുടര്‍ന്ന്, ഭര്‍ത്താവിന്റെ വീട്ടുകാര്‍ റൂബന്‍രാജിന് രണ്ടാമതൊരു വിവാഹം നടത്താന്‍ പദ്ധതിയിടുന്നതറിഞ്ഞ് വെള്ളിയാഴ്ച പ്രിയദര്‍ശിനി വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ഉടന്‍ തന്നെ മധുരൈ രാജാജി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.




